ശ്രീനിവാസൻ വധം: ഒളിവിൽപ്പോയ പ്രതി എൻ.ഐ.എ. പിടിയിൽ

കൊച്ചി: ആര്‍.എസ്.എസ്. നേതാവ് പാലക്കാട് മേലാമുറിയില്‍ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനെ എന്‍.ഐ.എ. അറസ്റ്റ് ചെയ്തു. ഒളിവില്‍പോയ കെ.വി. സഹീറിനെയാണു പാലക്കാട്ടെ ബന്ധുവിന്റെ വീട്ടില്‍നിന്നു എന്‍.ഐ.എ. സംഘം 16നു പിടികൂടിയത്. സഹീറിനെ പിടിക്കാന്‍ സഹായിക്കുന്നവര്‍ക്കു നാലുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

എന്‍.ഐ.എയുടെ ഫ്യുഗിറ്റിവ് ട്രാക്കിങ് ടീമാണു (എഫ്.ടി.ടി.) ഇയാളെ കണ്ടെത്തിയത്.
പാലക്കാട് സ്വദേശിയായ സഹീര്‍ പി.എഫ്.ഐയുടെ കൈയേറ്റം ചെയ്യല്‍, ഒളിസങ്കേതമൊരുക്കല്‍ സംഘത്തിലെ അംഗമാണെന്നു എന്‍.ഐ.എ. വ്യക്തമാക്കി. ശ്രീനിവാസന്‍ കൊലക്കേസില്‍ നേരിട്ടു പങ്കാളിയായവര്‍ക്കു സഹീര്‍ സംരക്ഷണം നല്‍കി. പട്ടാമ്പി ഏരിയാ പ്രസിഡന്റായ ഇയാള്‍ ശ്രീനിവാസനെ വധിക്കാന്‍ നടത്തിയ ഗൂഢാലോചനയില്‍ ഉള്‍പ്പെടെ പങ്കാളിയാണ്.

ശ്രീനിവാസന്‍ വധക്കേസ് എന്‍.ഐ.എ. പ്രത്യേക കോടതിയിലേക്കു മാറ്റാന്‍ അന്വേഷണ സംഘം അപേക്ഷ നല്‍കി. കേസ് ഡയറിയും മറ്റു രേഖകളും കൈമാറാന്‍ ഡി.ജി.പിക്കു നിര്‍ദേശവും നല്‍കി. കേസ് ഇപ്പോള്‍ പാലക്കാട്ടെ കീഴ്‌ക്കോടതിയിലാണ്. ഇത് എന്‍.ഐ.എ. പ്രത്യേക കോടതിയിലേക്കു മാറ്റാന്‍ ഹൈക്കോടതി രജിസ്ട്രാര്‍ക്കാണു അപേക്ഷ നല്‍കിയത്. കൊലപാതകത്തെക്കുറിച്ചു പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന നേതാക്കള്‍ക്ക് അറിവുണ്ടായിരുന്നുവെന്നും കൊലയാളികള്‍ക്കു പോപ്പുലര്‍ ഫ്രണ്ടിന്റെ സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള ഭീകര പരിശീലന കേന്ദ്രങ്ങളില്‍ പരിശീലനവും ലഭിച്ചിരുന്നതായി കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു.

Share
അഭിപ്രായം എഴുതാം