ഡൽഹി യാത്ര റദ്ദാക്കി നാടകീയ നീക്കം; ആരോഗ്യനില മെച്ചപ്പെട്ടാൽ ഡൽഹിയിലെത്തുമെന്ന് ഡി കെ ശിവകുമാർ

ബെം​ഗളൂരു : കർണാടകയിലെ പ്രബല കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാറിനെ ഡൽഹിയിലേക്ക് വിളിപ്പിച്ച് പാർട്ടി നേതൃത്വം. കർണാടകയിൽ മുഖ്യമന്ത്രി ആരെന്നുള്ള കോൺഗ്രസ് തീരുമാനം നീളുന്നതിനിടെയാണ് ഡൽഹിയിലെത്താൻ തനിക്ക് ചില ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് പറഞ്ഞ് ഡി കെ ശിവകുമാർ തന്റെ ഡൽഹി യാത്ര നാടകീയമായി റദ്ദാക്കിയത്. ഡി കെ ശിവകുമാറുമായി സോണിയാ ഗാന്ധി ഉൾപ്പെടെയുള്ളവർ ചർച്ച നടത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. ആരോഗ്യനില മെച്ചപ്പെട്ടാൽ ഡൽഹിയിലെത്തുമെന്നാണ് ഡി കെ ശിവകുമാർ പറയുന്നത്.

കർണാടക മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള തർക്കത്തിൽ ചർച്ചകൾക്കായി 2023 മെയ് 15ന് വൈകിട്ട് ഡൽഹിയിലേക്ക് പോകുമെന്ന് പറഞ്ഞ ഡി കെ, മണിക്കൂറുകൾക്കുള്ളിലാണ് തീരുമാനം മാറ്റിയത്. ആരോഗ്യസ്ഥിതി മോശമെന്ന് ഡി കെ ശിവകുമാർ പറഞ്ഞു. 15ന് എന്തായാലും ഡൽഹിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വയറിൽ അണുബാധയുണ്ടെന്നാണ് ഇതിന് കാരണമായി അദ്ദേഹം പറഞ്ഞത്. കൂടുതൽ സമ്മർദത്തിന്റെ ഭാഗമായുള്ള നീക്കമാണോ ഡി കെയുടേതെന്ന സംശയമാണ് ഇതിന് പിന്നാലെ ഉയരുന്നത്.

അതിനിടെ മുതിർന്ന നേതാവ് സിദ്ധരാമയ്യ ഡൽഹിയിലെത്തി കോൺഗ്രസ് നേതാക്കളുമായി പ്രാഥമിക ചർച്ചകൾ പൂർത്തിയാക്കി. എഐസിസി നിരീക്ഷകരുമായി എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ കൂടിയാലോചന നടത്തി. സിദ്ധരാമയ്യ മുഖ്യമന്ത്രിയാകാൻ നിലവിൽ 85 എംഎൽഎമാരുടെ പിന്തുണയുണ്ടെന്നാണ് നിരീക്ഷകർ ഹൈക്കമാൻഡിനെ അറിയിച്ചത്. കർണാടകയിലെ കരുത്തനായ മറ്റൊരു നേതാവായ ഡി കെ ശിവകുമാറിന് 45 പേരുടെ പിന്തുണയുണ്ടെന്നും നിരീക്ഷകർ അറിയിച്ചു. സാഹചര്യങ്ങൾ വിലയിരുത്തി മല്ലികാർജുൻ ഖർഗെയ്ക്ക് എഐസിസി നിരീക്ഷകർ റിപ്പോർട്ട് സമർപ്പിച്ചു.

Share
അഭിപ്രായം എഴുതാം