നല്ല സമയം’ വിഷു റിലീസ് ആയി ഒടിടിയില്‍ എത്തും

കൊച്ചി: ഒമർലുലു സംവിധാനം ചെയ്ത നല്ല സമയം ഏപ്രില്‍ 15 ന് സൈന പ്ലേയില്‍ റിലീസ് ചെയ്യും. ചിത്രത്തിനെതിരെ കോഴിക്കോട് എക്‌സൈസ് കമ്മീഷണര്‍ നല്‍കിയ കേസ് ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെ ചിത്രം ഉടന്‍ ഒടിടിയില്‍ റിലീസ് ചെയ്യുമെന്ന് സംവിധായകന്‍ ഒമര്‍ ലുലു അറിയിച്ചിരുന്നു.

ഡിസംബര്‍ 30ന് റിലീസ് ചെയ്ത ചിത്രം നാല് ദിവസത്തിനകം തിയറ്ററുകളില്‍ നിന്ന് പിന്‍വലിച്ചു. എംഡിഎംഎയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന രംഗങ്ങള്‍ കാണിച്ചെന്നാരോപിച്ച്‌ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്കെതിരെ എക്സൈസ് വകുപ്പ് കേസെടുത്തു. സിനിമയുടെ ട്രെയിലറില്‍ മയക്കുമരുന്ന് പ്രചരിപ്പിക്കുന്ന രംഗങ്ങള്‍ ഉണ്ടെന്ന് കാണിച്ച്‌ കോഴിക്കോട് എക്‌സൈസ് ഇന്‍സ്പെക്ടര്‍ കെ സുധാകരനാണ് നാര്‍ക്കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സ് ആക്‌ട് പ്രകാരം കേസെടുത്തത്. എംഡിഎംഎ, സാധാരണയായി എക്സ്റ്റസി അല്ലെങ്കില്‍ മോളി എന്ന് വിളിക്കപ്പെടുന്നു, ഇത് സൈക്കോ ആക്റ്റീവ് ഗുണങ്ങളുള്ള ഒരു പാര്‍ട്ടി മരുന്നാണ്.

നീന മധു, ഗായത്രി ശങ്കര്‍, നോറ ജോണ്‍സണ്‍, നന്ദന സഹദേവ, സുവൈബത്തുല്‍ അസ്‌ലമിയ എന്നീ അഞ്ച് പുതുമുഖ നടിമാരെ ഈ ചിത്രത്തിൽ പരിചയപെടുത്തുന്നു. ഷാലു റഹീം, ശിവജി ഗുരുവായൂര്‍, ജയരാജ് വാര്യര്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.
കേസും പല കോണുകളില്‍ നിന്നുള്ള സമ്മര്‍ദവും കാരണം ജനുവരി 2 ന് ചിത്രം തിയേറ്ററുകളില്‍ നിന്ന് പിന്‍വലിച്ചു. ഹൈക്കോടതി ചിത്രത്തിന് അനുകൂലമായ വിധി വന്നതോടെ ഒടിടി റിലീസ് പ്രഖ്യാപിക്കുകയായിരുന്നു.

Share
അഭിപ്രായം എഴുതാം