മനുഷ്യജീവൻ രക്ഷിക്കാൻ ആരുമില്ലേ ? ചിന്നക്കനാൽ മേഖലയിൽ ജനങ്ങളുടെ പ്രക്ഷോഭം ശക്തിയാർജിക്കുന്നു

ചിന്നക്കനാൽ: ഇടുക്കി ജില്ലയിലെ ചിന്നക്കനാൽ മേഖലയിൽ 10 വർഷത്തിനിടയിൽ 27 പേരുടെ ജീവനെടുക്കുകയും നിരവധി ആളുകൾ പരിക്കുപറ്റി കിടപ്പിലാവുകയും ചെയ്ത ആനയാക്രമണങ്ങളിലെ ഒരാനയെ പോലും ആ പ്രദേശത്തുനിന്ന് നീക്കം ചെയ്യാൻ കഴിയാത്ത സാഹചര്യം മുൻനിർത്തി ജനങ്ങളുടെ പ്രക്ഷോഭം ചിന്നക്കനാൽ ശാന്തംപാറ പഞ്ചായത്തുകളിൽ ശക്തിപ്പെടുന്നു. ഇടുക്കിയുടെ മറ്റ് പ്രദേശങ്ങളിലും ആളുകൾ പ്രതിഷേധവുമായി രംഗത്തുവന്നിരിക്കുന്നു. 2023 മാർച്ച് 29- ലെ
കോടതിവിധിയും ജനങ്ങൾക്ക് ആശ്വാസമാകാത്ത സാഹചര്യത്തിലാണ് നിരന്തര സമരവുമായി മുന്നോട്ടു പോകുവാൻ തീരുമാനം ആയിരിക്കുന്നത്.

ആന പാർക്ക് ഉപേക്ഷിക്കുക.തലമുറകളായി പാർക്കുന്ന ഞങ്ങളുടെ ഭൂമി തട്ടിയെടുക്കാൻ വനം വകുപ്പ് നോക്കണ്ട .ചിന്നക്കനാലിൽ 2023 മാർച്ച് 29 ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് നാഷണൽ ഹൈവേ ബൈപ്പാസ് ഉപരോധിച്ചു കൊണ്ട് നിവാസികളും ആദിവാസികളും പ്രതിഷേധിക്കുന്നു

കൃഷിക്കാരും തോട്ടം തൊഴിലാളികളും ആദിവാസികളും പാർക്കുന്ന മേഖലയാണ് ഈ പഞ്ചായത്തുകൾ. ശാന്തൻപാറ പഞ്ചായത്തിലെ മതികെട്ടാൻ ചോല ദേശീയ ഉദ്യാനം ഒഴികെ വനഭൂമി ഈ പ്രദേശത്തില്ല. എന്നാൽ വനം – നാട് എന്ന ഭേദമില്ലാതെ ആനയടക്കം വന്യജീവികൾ ജനവാസ കേന്ദ്രങ്ങളിൽ നടക്കുകയാണ്. കാട്ടിലോ കാടിൻറെ പരിസരത്തോ അല്ല ആളുകൾ കൊല്ലപ്പെട്ടു കൊണ്ടിരിക്കുന്നത്. വീട്ടുമുറ്റത്തും കൃഷിയിടത്തിലും എന്നല്ല വീട്ടിനുള്ളിൽ കിടന്നുറങ്ങുന്നവർ പോലും ആക്രമിക്കപ്പെടുന്നു. ആന മാത്രമല്ല കടുവ പുലി കാട്ടുപോത്ത് കാട്ടുപന്നി തുടങ്ങിയ ജീവികളും വനത്തിൽ നിന്നും 20 – 30 കിലോമീറ്റർ അകലെയുള്ള പ്രദേശങ്ങളിൽ പോലും എത്തിത്തുടങ്ങിയിരിക്കുന്നു. വന്യജീവികൾ വരുന്നതും ആളുകളെ ആക്രമിക്കുന്നതും വന്യജീവിയുടെ ആവാസ മേഖലയാണെന്നതിന്റെ തെളിവായിട്ടാണ് പിന്നീട് കോടതികളിൽ എത്തുന്നത്. ഇത്തരം ആക്രമണങ്ങളുടെ മുഴുവൻ ചരിത്രവും ചൂണ്ടിക്കാട്ടിയ സത്യവാങ്മൂലങ്ങൾ മനുഷ്യരെ പുറന്തള്ളി വന്യജീവികൾക്ക് പാർപ്പിടം ഒരുക്കുവാൻ കാരണമാകുന്നു. ഇടുക്കി ജില്ലയിൽ മിക്കയിടത്തും ഇതുതന്നെയാണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. കടുവയും പുലിയും ഒക്കെ കേട്ടറിവ് മാത്രമായിരുന്ന പ്രദേശങ്ങളിൽ അവ സുഗമ സഞ്ചാരം നടത്തുകയാണ്.

ആളെക്കൊല്ലുന്ന ആനകളിൽ ഒരെണ്ണത്തിനെ പോലും നീക്കം ചെയ്യുവാൻ കഴിയാത്ത സാഹചര്യത്തിൽ ചിന്നക്കനാൽ ശാന്തംപാറ മേഖലയിൽ ജനങ്ങൾ തെരുവിൽ ഇറങ്ങുന്നു.ചിന്നക്കനാലിൽ നിന്നുള്ള കാഴ്ച

സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുൻപ് പോലും ജനവാസ കേന്ദ്രമായി മാറിയിരുന്ന സ്ഥലങ്ങളാണ് ചിന്നക്കനാലും ശാന്തൻപാറയും. ഇപ്പോൾ ആ പ്രദേശങ്ങൾ വന്യജീവികളുടെ ആവാസ മേഖലയാണ് എന്ന് കോടതികൾ നിരീക്ഷിക്കുവാൻ ഇടയായ സാഹചര്യം സർക്കാരിൻറെ കഴിവുകേട് എന്നാണ് ജനങ്ങൾ ആക്ഷേപിക്കുന്നത്. പുനരധിവസിപ്പിക്കപ്പെട്ട ആദിവാസി കോളനികളിലെ 400 ൽ ഏറെ കുടുംബങ്ങളെ ഒഴിപ്പിച്ച് ആന പാർക്ക് സ്ഥാപിക്കുവാൻ വനം വകുപ്പ് നേരത്തെ ശ്രമിച്ചിരുന്നു. ഒഴിഞ്ഞു പോകാനുള്ള താല്പര്യം പ്രകടിപ്പിച്ച് നിവേദനം നൽകുവാൻ ആദിവാസികളിൽ ചിലരെ മുൻനിർത്തി ശ്രമം ഉണ്ടായി. ഈ പ്രദേശം ഒട്ടാകെ കാട്ടാനകളെ അഴിച്ചുവിട്ടു വനവകുപ്പിന് സ്വന്തമാക്കാനുള്ള നീക്കം ആണെന്ന് തിരിച്ചറിഞ്ഞ് ആദിവാസികളും നാട്ടുകാരും പ്രക്ഷോഭത്തിന് ഇറങ്ങുകയായിരുന്നു.

പ്രക്ഷോഭം രാത്രിയിലും തുടരും . 301 കോളനിയിലെ ഗോത്രവർഗ്ഗക്കാരെ എങ്ങോട്ട് പറഞ്ഞയക്കും ? ഭൂമിയില്ലാത്ത എത്ര ആദിവാസികൾക്ക് ഇത്രയും കാലം കൊണ്ട് ഭൂമി കൊടുക്കാൻ കഴിഞ്ഞു ?ഒഴിപ്പിക്കാൻ എല്ലാവരും ഉണ്ട് .മൂന്നുസെന്റും ഒരു കൂരയും പോലും കൊടുക്കാൻ കഴിയുന്നുമില്ല.യുഎൻഡിപിയിലൂടെ കാർബൺ ഫണ്ട് വാങ്ങിയെടുത്ത് ഉദ്യോഗസ്ഥർക്കും ഭരണക്കാർക്കും സുഭിക്ഷമായി ജീവിക്കുവാൻ കൃഷിക്കാരെയും ആദിവാസികളെയും അവരുടെ ജന്മനാട്ടിൽ നിന്ന് പുറന്തള്ളുന്നു. –സാധാരണപ്രക്ഷോഭങ്ങളിൽ നിന്ന് വ്യത്യസ്തമായി ആഴമേറിയ സന്ദേശങ്ങൾ ഉള്ള മുദ്രാവാക്യങ്ങളാണ് ആദിവാസികളും നിരക്ഷരരായ തമിഴരും മലയാളി കൃഷിക്കാരും താമസിക്കുന്ന ചിന്നക്കനാൽ മേഖലയിൽ നിന്ന് ഉയർന്നു കേട്ടത്.

ആളുകളെ കൊന്നും കൃഷി നശിപ്പിച്ചും വീടുകൾ തകർത്തും മുന്നേറുന്ന ആനകളെ പിടികൂടി നീക്കം ചെയ്യുന്നത് സർവ്വസാധാരണമായ നടപടിയാണ്.രാജ്യത്ത് എമ്പാടും നടന്നുവരുന്നതുമാണ്. എന്നാൽ ചിന്നക്കനാൽ മേഖലയിൽ മാത്രം തടസ്സങ്ങൾ ഉണ്ടായത് സംശയകരമാണ് എന്ന് നാട്ടുകാർ പറയുന്നു . മുൻപ് മറ്റു പല തട്ടുമുട്ടു ന്യായങ്ങൾ പറഞ്ഞാണ് ആന പിടുത്തം ഒഴിവാക്കിയത്. എലഫന്റ് പാർക്ക് എന്ന് ഈ മേഖലയിൽ മുഴുവൻ വനം വകുപ്പ് ബോർഡ് സ്ഥാപിച്ചിരുന്നു. റവന്യൂഭൂമി മാത്രമുള്ള പ്രദേശത്താണ് ഇപ്രകാരം ബോർഡുകൾ സ്ഥാപിച്ചത്. കാട്ടാനയെ ഈ മേഖലയിൽ തന്നെ നിലനിർത്തി ആന പാർക്ക് സ്ഥാപിക്കുകയാണ് വനംവകുപ്പിന്റെ ലക്ഷ്യം എന്നത് നാട്ടുകാർ പറയുന്നു. മതികെട്ടാനെയും ഇരവികുളം നാഷണൽ പാർക്കിനെയും ബന്ധിപ്പിച്ചുകൊണ്ട് വന്യജീവി ഇടനാഴി സ്ഥാപിക്കുക ഇതിന്റെ തുടർ പദ്ധതിയാണ്. ഇതിനെ തേക്കടി കടുവാ സങ്കേതവുമായി ബന്ധിപ്പിക്കുന്ന ഇടനാഴി പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. ശാന്തൻപാറ ചിന്നക്കനാൽ മേഖലയെ മാത്രമല്ല തേക്കടി മുതൽ മാങ്കുളം വരെ നീളുന്ന മുഴുവൻ പഞ്ചായത്തുകളെയും ബാധിക്കുന്ന ഒന്നായി മാറുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

രാത്രിയിലും സമരം തുടരും. ജനങ്ങളുടെ മുന്നറിയിപ്പ്

ജില്ലയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഇടതുമുന്നണി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ മൂന്നാം തീയതി ഹർത്താൽ പ്രഖ്യാപിച്ചിരിക്കുകയാണ്. ഭരണ മുന്നണിക്ക് പോലും ഇടുക്കിയിലെ മൃഗശല്യം അടക്കമുള്ള പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കാൻ കഴിയാതെ സമരം പ്രഖ്യാപിക്കേണ്ടി വന്നിരിക്കുമ്പോഴാണ് ആളെ കൊല്ലുന്ന ആനകളിൽ ഒന്നിനെ പോലും ജനവാസ മേഖലയിൽ നിന്ന് മാറ്റാൻ കഴിയാതെയും വന്നിരിക്കുന്നത്. വനം വകുപ്പ് നൽകിയ സത്യവാങ്മൂലമാണ് തിരിച്ചടി ഉണ്ടായതിന് കാരണമെന്ന് വിമർശനവും ഉയരുന്നുണ്ട്. ജന ജീവിതത്തിൻറെ താൽപര്യങ്ങൾ പ്രകടിപ്പിക്കുവാൻ വനംവകുപ്പിനെ മാത്രം ചുമതലപ്പെടുത്തിയത് ശരിയായില്ല എന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.

ലേഖകൻ സമദർശിയുടെ ചീഫ് എഡിറ്ററാണ്. ഫോൺ: 8281058888

Share
അഭിപ്രായം എഴുതാം