ഖത്തറിൽ കെട്ടിടം തകർന്നുവീണ് ഉണ്ടായ അപകടത്തിൽ മലയാളിയുവാവ് മരിച്ചു

ദോഹ : ഖത്തറിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മലയാളിയുവാവിന് ദാരുണാന്ത്യം. മലപ്പുറം നിലമ്പൂർ ചന്തക്കുന്ന് സ്വദേശി ഫൈസൽ കുപ്പായി (48) ആണ് മരിച്ചത്. ദോഹ അൽ മൻസൂറയിൽ ബി റിങ് റോഡിൽ ലുലു എക്‌സ്പ്രസിന് പിന്നിലുള്ള കെട്ടിടം 2023 മാർച്ച് 22 ബുധനാഴ്ച രാവിലെ എട്ടു മണിയോടെയാണ് തകർന്നുവീണത്. മൂന്ന് ഇന്ത്യക്കാർക്കാണ് അപകടത്തിൽ ജീവഹാനി സംഭവിച്ചത്. ജാർഖണ്ഡ് സ്വദേശിയായ ആരിഫ് അസീസ് മുഹമ്മദ് ഹസൻ, ആന്ധ്രപ്രദേശ് ചിരാൻപള്ളി സ്വദേശി ശൈഖ് അബ്ദുൽനബി ശൈഖ് ഹുസൈൻ എന്നിവരാണു ദുരന്തത്തിൽ മരിച്ച മറ്റു രണ്ട് ഇന്ത്യക്കാർ.

ഖത്തറിലെ അറിയപ്പെടുന്ന കലാകാരനായിരുന്നു ഫൈസൽ. സംഗീതത്തിലും ചിത്രകലയിലും പ്രവാസലോകത്ത് തന്റേതായ വ്യക്തിമുദ്രപതിപ്പിച്ച കലാകാരനായിരുന്നു അദ്ദേഹം. പത്തുവർഷം ജിദ്ദയിൽ ജോലി നോക്കിയ ഫൈസൽ നാലു വർഷം മുമ്പാണ് ഖത്തറിൽ എത്തുന്നത്. ദോഹയിലെ സാംസ്‌കാരിക രംഗത്തെ സർഗസാന്നിധ്യമായിരുന്നു ഫൈസൽ. സംഗീതസദസുകളിൽ ഫൈസൽ സജീവമായി പങ്കെടുത്തിരുന്നു. തുർക്കി ഭൂകമ്പവുമായി ബന്ധപ്പെട്ട് വരച്ച ചിത്രങ്ങൾ മേഖലയിൽ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

അപകടത്തിൽപ്പെട്ട കെട്ടിടത്തിൽ താമസിച്ചിരുന്ന ഫൈസലിനെ കാണാതായതിനെത്തുടർന്ന് ആശുപത്രിയിലും മോർച്ചറിയിലും ബന്ധുക്കളും സുഹൃത്തുക്കളും അന്വേഷണം നടത്തിയിരുന്നു. മാർച്ച് 25 ശനിയാഴ്ചയാണ് കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്ന് മൃതദേഹം കണ്ടെടുത്തത്.
മലയാളികളുൾപ്പെടെയുള്ള ഇന്ത്യാക്കാർ അപകടത്തിൽപ്പെട്ടതായി സംശയിക്കുന്നുണ്ട്.

നിലമ്പൂരിലെ അബ്ദുസമദിന്റെയും ഖദീജയുടെയും മകനാണ് ഫൈസൽ. റബീനയാണു ഭാര്യ. മക്കൾ റന, നദയ, മുഹമ്മദ് ഫാബിൻ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം നടക്കുകയാണെന്ന് കെഎംസിസി അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന സമിതി അറിയിച്ചു.

Share
അഭിപ്രായം എഴുതാം