ഖലിസ്ഥാന്‍ പതാക: ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ ഓഫീസിനു സുരക്ഷ കൂട്ടി

ന്യൂഡല്‍ഹി/ലണ്ടന്‍: മൂന്നു ദിവസം മുമ്പുണ്ടായ തരത്തിലുള്ള അക്രമം ആവര്‍ത്തിക്കാതിരിക്കാനായി ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ ഓഫീസിനു മുന്നില്‍ കുടുതല്‍ പോലീസുകാരെ വിന്യസിച്ചു. ബാരിക്കേഡുകളും സ്ഥാപിച്ചു. അക്രമസംഭവത്തില്‍ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിക്കുകയും ഡല്‍ഹിയിലെ ബ്രിട്ടീഷ്‌ ഹൈക്കമ്മിഷനു മുന്നിലെ ട്രാഫിക് ബാരിക്കേഡുകള്‍ നീക്കുകയും ചെയ്തതിനു പിന്നാലെയാണു നടപടി. ഡല്‍ഹിയിലെ മുതിര്‍ന്ന ബ്രിട്ടീഷ് നയതന്ത്ര ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തിയ വിദേശമന്ത്രാലയം സുരക്ഷാവീഴ്ചയില്‍ വിശദീകണം തേടി. സെന്‍ട്രല്‍ ലണ്ടനില്‍ ഇന്ത്യന്‍ പാലസ് എന്നറിയപ്പെടുന്ന മന്ദിരത്തില്‍ കടന്നുകയറിയ ആള്‍ക്കൂട്ടം ഖലിസ്ഥാന്‍ പതാകകള്‍ വീശുകയും കെട്ടിടത്തിന്റെ ചില്ലുകള്‍ തകര്‍ക്കുകയും ഇന്ത്യന്‍ പതാക വലിച്ചുതാഴ്ത്തുകയും ചെയ്തിരുന്നു.

ഖലിസ്ഥാന്‍ വിഘടനവാദിയായ അമൃത്പാല്‍ സിങ്ങിനെ പിടികൂടാനുള്ള നീക്കം ശക്തമായതിനു പിന്നാലെയായിരുന്നു ലണ്ടനിലെ പ്രതിഷേധം. അതേ സമയം, ഡല്‍ഹിയിലെ ബ്രിട്ടിഷ് ഹൈക്കമ്മിഷന്റെ സുരക്ഷ കേന്ദ്ര സര്‍ക്കാര്‍ കുറച്ചു. ബ്രിട്ടിഷ് ഹൈക്കമ്മിഷന്റെയും ഹൈക്കമ്മിഷണറുടെ വസതിക്കു മുന്നിലെയും സുരക്ഷയാണു കേന്ദ്രം വെട്ടിക്കുറച്ചത്. ഖലിസ്ഥാന്‍ അനുകൂലികള്‍ ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ ഓഫീസിനു നേര്‍ക്ക് ആക്രമണം നടത്തിയതില്‍ ബ്രിട്ടന്‍ ശക്തമായ നടപടിയെടുത്തില്ലെന്ന പരാതി ഇന്ത്യക്കുണ്ടായിരുന്നു. ഇന്ത്യയില്‍ ചില രാജ്യങ്ങളുടെ എംബസികള്‍ക്ക് കാര്യമായ സുരക്ഷാ പ്രശ്നം ഇല്ലെന്നു വിലയിരുത്തിയാണ് കേന്ദ്രത്തിന്റെ നടപടിയെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Share
അഭിപ്രായം എഴുതാം