പുടിന്‍ അറസ്റ്റ് ചെയ്യപ്പെടുമോ?

യുക്രൈനില്‍ യുദ്ധം ചെയ്ത് കീഴടക്കിയ പ്രദേശത്തെ കുട്ടികളെയും ആളുകളെയും അവിടെ നിന്നും ബലംപ്രയോഗിച്ച് മറ്റൊരു ഇടത്തേക്ക് റഷ്യ കടത്തിക്കൊണ്ടുപോയി എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ റഷ്യന്‍ പ്രസിഡന്റിനെതിരേ അന്താരാഷ്ട്ര കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുകയാണ്. ഈ അറസ്റ്റ് വാറന്റ് വരുന്നതോടെ പുടിന്‍ കോടതിയില്‍ ഹാജരാകുമോ? ഇല്ല എന്നാണ് ഉത്തരം. വിചാരണ നേരിടാനുള്ള സാധ്യതയും കുറവാണ്. എന്നാല്‍ യുക്രൈനിലെ റഷ്യന്‍ യുദ്ധകുറ്റങ്ങള്‍ക്ക് അറുതി ഉണ്ടാകാന്‍ ഈ ഉത്തരവ് സഹായിച്ചേക്കുമെന്നാണ് രാഷ്ട്രീയ വിദഗ്ധര്‍ കരുതുന്നത്. മാത്രമല്ല വിചാരണ നടത്താന്‍ മാത്രമേ ഐ.സി.സിക്ക് കഴിയൂ. പൊലീസ് സംവിധാനം ഇല്ലാത്തതിനാല്‍ കുറ്റവാളികളെ നേരിട്ട് അറസ്റ്റ് ചെയ്യാനും തടവിലിടാന്‍ പോലും കഴിയില്ല.

അന്തര്‍ദേശീയ ക്രിമിനല്‍ കോടതി ?

1998ല്‍ റോമില്‍ നടന്ന ഐക്യരാഷ്ട്രസഭസമ്മേളനത്തില്‍ രൂപം നല്‍കിയ ഉടമ്പടിയുടെ അടിസ്ഥാനത്തിലാണ് അന്തര്‍ദേശീയ ക്രിമിനല്‍ കോടതി സ്ഥാപിതമായത്. ഇതു സംബന്ധിച്ച റോം പ്രമാണത്തില്‍ 140ഓളം രാജ്യങ്ങള്‍ ഒപ്പ് വച്ചിട്ടുണ്ട്. 2002 ജൂലായ് – 1ന് ഹേഗ് ആസ്ഥാനമായി ഈ കോടതി പ്രവര്‍ത്തനം ആരംഭിച്ചു. വംശഹത്യ, യുദ്ധക്കുറ്റങ്ങള്‍, മാനവികതക്കെതിരായ കുറ്റകൃത്യങ്ങള്‍ എന്നിവ നടത്തുന്ന കുറ്റവാളികളെ വിചാരണ ചെയ്യുക എന്നതാണ് ഈ കോടതിയുടെ പ്രധാന ദൗത്യം. ന്യൂറംബര്‍ഗ് ട്രിബ്യൂണലിന്റേയും വംശഹത്യകള്‍ കൈകാര്യം ചെയ്ത യു. എന്‍. ട്രിബ്യൂണലുകളുടേയും പരിഷ്‌കരിച്ച രൂപമാണ് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി.

പുടിനെ അറസ്റ്റ് ചെയ്യുമോ?

അന്തര്‍ദേശീയ ക്രിമിനല്‍ കോടതിയ്ക്ക് കീഴില്‍ പോലിസ് സംവിധാനങ്ങളില്ല. അതിനാല്‍ തന്നെ പുടിനെ നേരിട്ട് അറസ്റ്റ് ചെയ്യാന്‍ കോടതിയ്ക്ക് സാധിക്കില്ല. എന്നാല്‍ റോം പ്രമാണത്തില്‍ ഒപ്പുവച്ച 140ഓളം രാജ്യങ്ങളിലേക്കുള്ള പുടിന്റെ യാത്രകള്‍ ഇനി നിര്‍ണായകമാവും. ഈ രാജ്യങ്ങള്‍ക്ക് അന്തര്‍ദേശീയ ക്രിമിനല്‍ കോടതി ഉത്തരവ് പ്രകാരം പുടിനെ അറസ്റ്റ് ചെയ്യാനും വിചാരണയ്ക്ക് ഹാജരാക്കാനും പറ്റും. എന്നാല്‍ ലോകശക്തികളിലൊന്നായ റഷ്യയുടെ ഭരണാധികാരിയെ ഇത്തരത്തില്‍ അറസ്റ്റ് ചെയ്യാന്‍ ഏതെങ്കിലും രാജ്യം തയ്യാറാകുമോ എന്നതാണ് ചോദ്യം. റഷ്യയില്‍ തന്നെ പുടിന്‍ തുടര്‍ന്നാലും മതി. റഷ്യയോ യുക്രൈനോ അന്തര്‍ദേശീയ ക്രിമിനല്‍ കോടതി പ്രമാണം അനുസരിക്കുന്ന ധാരണയില്‍ ഒപ്പുവച്ചിട്ടുമില്ല. എന്നാല്‍ യുദ്ധ സാഹചര്യത്തില്‍ യുക്രൈന്‍ കോടതിയ്ക്ക് തങ്ങളുടെ കാര്യത്തില്‍ ഇടപെടാമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതാണ് വാറന്റ് നടപടിയിലേക്ക് എത്തിച്ചതും. 2008 ലെ ജോര്‍ജിയയിലെ യുദ്ധത്തെക്കുറിച്ച് ഐസിസി അന്വേഷണം ആരംഭിച്ചതിന് ശേഷം റോ പ്രമാണത്തിന്റെ ഭാഗമാവാന്‍ റഷ്യ തയ്യാറായിരുന്നു. എന്നാല്‍ 2016 ല്‍ പുടിന്റെ ഉത്തരവിനെ തുടര്‍ന്ന പിന്‍വലിയുകയായിരുന്നു.

റഷ്യയുടെ പ്രതികരണം

അന്തര്‍ദേശീയ ക്രിമിനല്‍ കോടതിയില്‍ നടന്ന വിചാരണയില്‍ റഷ്യ കക്ഷി ആയിരുന്നില്ല എന്നതാണ് വാറന്റ് തള്ളികൊണ്ട് റഷ്യന്‍ വിദേശമന്ത്രാലയം ആദ്യം പ്രതികരിച്ചത്. കോടതിക്ക് പ്രതികളെ ഹാജരാകാന്‍ കഴിയില്ലെന്നും കീഴടങ്ങില്ലെന്നും അവര്‍ വ്യക്തമാക്കിയിട്ടുമുണ്ട്.

യുദ്ധകുറ്റം അന്വേഷണം ആരംഭിച്ചിട്ട് ഒരുവര്‍ഷം

റഷ്യന്‍ സൈന്യത്തിന്റെ കടന്നാക്രമണത്തില്‍ യുദ്ധകുറ്റം സംബന്ധിച്ച് അന്വേഷണത്തിന് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി (ഐ.സി.സി) 2022 മാര്‍ച്ചിലാണ് തുടക്കമിട്ടത്. യുദ്ധത്തിനെതിരെ നടപടി ആവശ്യപ്പെട്ട് അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ അംഗങ്ങളായ രാജ്യങ്ങളില്‍ വലിയ വിഭാഗം രംഗത്തു വന്ന സാഹചര്യത്തിലാണ് മാര്‍ച്ച് 2 ബുധനാഴ്ച രാത്രി പ്രോസിക്യൂട്ടര്‍ കരിം ഖാന്‍ അന്വേഷണം പ്രഖ്യാപിച്ചത്. യുദ്ധത്തിനും വംശഹത്യക്കും ഉത്തരവാദികളെന്ന് കരുതുന്ന മുതിര്‍ന്ന റഷ്യന്‍ ഉദ്യോഗസ്ഥരെ ലക്ഷ്യംവെച്ചായിരുന്ന ആദ്യ അന്വേഷണം. സംഘര്‍ഷത്തിന്റെ എല്ലാ മേഖലകളും അന്വേഷണപരിതിയില്‍ വരുമെന്ന് അന്ന് കരിം ഖാന്‍ പറഞ്ഞിരുന്നു.

യുഎന്നിന്റെ കണ്ടെത്തല്‍

മാര്‍ച്ച് 17, 2023ന് യുഎന്‍ മനുഷ്യാവകാശ ഓഫിസ് നിയോഗിച്ച വിദഗ്ധ സമിതി യുക്രെയ്‌നില്‍ റഷ്യന്‍ സേന സാധാരണ ജനങ്ങളെ ആക്രമിച്ചതായും അധിനിവേശ പ്രദേശങ്ങളില്‍ പീഡനവും കൂട്ടക്കൊലയും നടത്തിയതായും റിപ്പോര്‍ട്ട് ചെയ്തിരുന്നു. യുക്രെയ്ന്‍ യുദ്ധത്തിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചാണ് സമിതിയുടെ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. മരിയുപോളില്‍ തിയറ്ററില്‍ അഭയം തേടിയിരുന്ന നുറുകണക്കിനാളുകളെ മിസൈല്‍ ആക്രമണത്തില്‍ വധിച്ചത് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. വൈദ്യുതി, ജലവിതരണ സംവിധാനം എന്നിവ തകര്‍ത്ത് യുക്രെയ്ന്‍ ജനതയെ പീഡിപ്പിക്കുന്നത് റഷ്യ തുടരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. യുക്രെയ്ന്‍ സേന നടത്തിയ മനുഷ്യാവകാശലംഘനങ്ങളും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

വാറന്റ് ഉത്തരവ് കൊണ്ടുള്ള നേട്ടം

ഇതുവരെ നടത്തിയ യുദ്ധകുറ്റ നടപടിയില്‍ നിന്ന് റഷ്യ പിന്തിരിയുന്നതിന് സഹായകമാവും. ഇത്തരത്തിലുള്ള തുടര്‍ പ്രവര്‍ത്തനങ്ങള്‍ തടയാനും
ഒപ്പം ഇരയായ യുക്രൈന് നഷ്ടപരിഹാരം ലഭ്യമാക്കാന്‍ സാധിക്കും.

Share
അഭിപ്രായം എഴുതാം