എംകെ സ്റ്റാലിൻ തന്റെ സഹോദരനെന്ന് പിണറായി വിജയൻ : വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാർഷികം കേരളവും തമിഴ്നാടും ചേർന്ന് ആഘോഷിക്കും

തിരുവനന്തപുരം: മാറു മറയ്ക്കൽ സമരത്തിന്റെ 200 ആം വാർഷികവുമായി ബന്ധപ്പെട്ട് തമിഴ്നാട് മതനിരപേക്ഷ പുരോഗമന മുന്നണിയുടെ നേതൃത്വത്തിൽ നാഗർകോവിലിൽ നടത്തിയ പരിപാടിയിൽ പിണറായി വിജയനും എംകെ സ്റ്റാലിനും വേദി പങ്കിട്ടു. കേരള മുഖ്യമന്ത്രി പിണറായി വിജയൻ പരിപാടി ഉദ്ഘാടനം ചെയ്തു. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനായിരുന്നു മുഖ്യാതിഥി.

പരിപാടിയിൽ ആദ്യം സംസാരിച്ച എംകെ സ്റ്റാലിൻ വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാർഷികം കേരളവും തമിഴ്നാടും ചേർന്ന് ആഘോഷിക്കണമെന്ന ആവശ്യം പിണറായി വിജയന് മുന്നിൽ ഉന്നയിച്ചു. പിന്നീട് സംസാരിച്ച പിണറായി വിജയൻ, വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷങ്ങളിൽ പങ്കെടുക്കാൻ സ്റ്റാലിനെ ക്ഷണിച്ചു. ശതാബ്ദി ആഘോഷം ഒന്നിച്ച് നടത്താമെന്ന് അറിയിക്കുകയും ചെയ്തു.

എംകെ സ്റ്റാലിൻ തന്റെ സഹോദരനെന്ന് പിണറായി വിജയൻ പറഞ്ഞു. സംഘപരിവാറിന് ജനാധിപത്യത്തോട് അലർജിയാണ്. ബ്രാഹ്മണിക്കൽ കാലഘട്ടത്തിലേക്കാണ് സംഘപരിവാന്റെ പോക്ക്. പശു കേന്ദ്രീകൃത രാഷ്ട്രീയമാണ് നടത്തുന്നത്. നമ്മുടെ നാട്ടിൽ ഇപ്പോഴും സനാതന ഹിന്ദുത്വം എന്ന വാക്ക് മുഴങ്ങി കേൾക്കുന്നു. ബ്രാഹ്മണാധിപത്യത്തിന്റെ രാജവാഴ്ച കാലമാണ് സംഘപരിവാർ ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും പിണറായി പറഞ്ഞു.

രാജ്യത്ത് വർഗീയ സംഘർഷങ്ങളില്ലാത്ത ചുരുക്കം ചില സംസ്ഥാനങ്ങളേ ഉള്ളൂവെന്നും അതിൽ ഒന്ന് തമിഴ്നാടും മറ്റൊന്ന് കേരളവുമാണെന്നും പിണറായി ചൂണ്ടിക്കാട്ടി. ഉപതെരഞ്ഞെടുപ്പ് ഫലം വ്യക്തമായ രാഷ്ട്രീയ സൂചനയാണ് നൽകുന്നത്. ബിജെപിയുമായുള്ള സഖ്യം പലരും ഉപേക്ഷിക്കുന്നു. ത്രിപുരയിൽ തിപ്ര മോത പാർട്ടി വോട്ട് ഭിന്നിപ്പിച്ചില്ലായിരുന്നെങ്കിൽ മറ്റൊന്നാകുമായിരുന്നു ഫലം. ബിജെപിക്ക് ത്രിപുരയിൽ 10 ശതമാനം വോട്ട് കുറഞ്ഞുവെന്നും പിണറായി പറഞ്ഞു.

Share
അഭിപ്രായം എഴുതാം