തട്ടകത്തില്‍ തോറ്റു മടങ്ങി കേരളാ ബ്ലാസ്‌റ്റേഴ്‌സ്

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ ഒന്‍പതാം സീസണിലെ അവസാന ലീഗ് മത്സരത്തില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സ് എഫ്.സിക്കു തോല്‍വി. സ്വന്തം തട്ടകമായ ജവാഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍ ഹൈദരാബാദ് എഫ്.സി. ഏകപക്ഷീയമായ ഒരു ഗോളിനാണു ബ്ലാസ്‌റ്റേഴ്‌സിനെ തോല്‍പ്പിച്ചത്. കളിയുടെ 29-ാം മിനിറ്റില്‍ ബോര്‍ജ ഹെരേര നേടിയ ഗോളാണു ബ്ലാസ്‌റ്റേഴ്‌സിനെ തോല്‍പ്പിച്ചത്. തോല്‍വിയോടെ ബ്ലാസ്‌റ്റേഴ്‌സ് 20 കളികളില്‍നിന്നു 31 പോയിന്റുമായി അഞ്ചാം സ്ഥാനത്ത് അവസാനിപ്പിച്ചു. ഹൈദരാബാദ് 42 പോയിന്റുമായി രണ്ടാം സ്ഥാനത്തും ഫിനിഷ് ചെയ്തു.

മാര്‍ച്ച് മൂന്നിനു നടക്കുന്ന പ്ലേ ഓഫില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സ് ബംഗളുരു എഫ്.സിയെ നേരിടും. ബംഗളുരുവിന്റെ തട്ടകമായ കണ്ഠീരവ സ്‌റ്റേഡിയത്തിലാണു മത്സരം. 3-4-3 ഫോര്‍മേഷനിലാണു ബ്ലാസ്‌റ്റേഴ്‌സ് കോച്ച് ഇവാന്‍ വുകുമാനോവിച് രംഗത്തെത്തിയത്. ദിമിത്രി ഡയമാന്റികോസ്, അഡ്രിയാന്‍ ലൂണ, സഹദ് സമദ് എന്നിവരാണു മുന്നില്‍ നിന്നത്. കളിയുടെ 61 ശതമാനം സമയത്തും പന്ത് ബ്ലാസ്‌റ്റേഴ്‌സ് താരങ്ങളുടെ പക്കലായിരുന്നു. ഹൈദരാബാദ് കോച്ച് മാര്‍ക്വസ് റോക സാവി സിവേറിയോയെ മുന്നില്‍ നിര്‍ത്തിയ 4-2-3-1 ഫോര്‍മേഷനാണു താല്‍പര്യപ്പെട്ടത്. കളിയുടെ ഗതിക്കു വിപരീതമായി 29-ാം മിനിറ്റില്‍ ബോര്‍ഹ ഗോളടിച്ചു. തുടര്‍ച്ചയായ ആറ് ജയങ്ങള്‍ക്കു ശേഷമാണു കൊച്ചിയില്‍ ബ്ലാസ്‌റ്റേഴ്‌സ് തോല്‍ക്കുന്നത്. ഹൈദരാബാദിനെതിരായ കളിയില്‍ മാറ്റങ്ങളുമായാണ് ബ്ലാസ്‌റ്റേഴ്‌സ് ഇറങ്ങിയത്. പ്രതിരോധത്തില്‍ മാര്‍കോ ലെസ്‌കോവിച്ച് പരുക്കു മാറി തിരിച്ചെത്തി. നിഷു കുമാറും വിക്ടര്‍ മോന്‍ഗിലും ഇറങ്ങിയില്ല. ജെസെല്‍ കര്‍ണെയ്‌റോ, റുയ്വാ ഹോര്‍മിപാം എന്നിവര്‍ തുടര്‍ന്നു.
മധ്യനിരയില്‍ സഹല്‍ അബ്ദുള്‍ സമദ് തിരിച്ചെത്തി. കെ.പി. രാഹുലിന് പകരം വിബിന്‍ മോഹനനും ജീക്‌സണ്‍ സിങ്ങിന് പകരം ആയുഷ് അധികാരിയുമെത്തി. ബ്രൈസ് മിറാന്‍ഡ, ഇവാന്‍ കലിയുഷ്‌നി, അഡ്രിയാന്‍ ലൂണ എന്നിവര്‍ തുടര്‍ന്നു.

ബ്ലാസ്‌റ്റേഴ്‌സിന്റെ നിയന്ത്രണത്തോടെയായിരുന്നു തുടക്കം. ഇടതുവശം കേന്ദ്രീകരിച്ച് ജെസെലും ബ്രൈസും ബ്ലാസ്‌റ്റേഴ്‌സിന്റെ നീക്കങ്ങള്‍ക്ക് കരുത്തേകി. പതിമൂന്നാം മിനിറ്റില്‍ വിബിന്‍ മോഹനന്റെ ലോങ് റേഞ്ചര്‍ ക്രോസ് ബാറിന് അരികിലൂടെ പറന്നു. ഹൈദരാബാദിന്റെ ഒരു ശ്രമം ക്രോസ് ബാറില്‍ തട്ടിത്തെറിച്ചു. ബ്ലാസ്‌റ്റേഴ്‌സിന്റെ നീക്കങ്ങള്‍ തടയാന്‍ ഹൈദരാബാദ് പരുക്കന്‍ അടവുകള്‍ പുറത്തെടുത്തതോടെ കളിയൊഴുക്ക് തടസപ്പെട്ടു. ലൂണയ്ക്ക് കിട്ടിയ ഫ്രീകിക്ക് ഗുര്‍മീത് പിടിച്ചെടുത്തു. 29-ാം മിനിറ്റില്‍ ഹൈദരാബാദ് മുന്നിലെത്തി. മധ്യവരയ്ക്കിപ്പുറത്ത്‌നിന്നു മുഹമ്മദ് യാസിര്‍ നടത്തിയ ഒറ്റയാന്‍ നീക്കമാണ് ഗോളിലേക്കെത്തിയത്. ഇടതുഭാഗത്ത് ഹാളീചരണ്‍ നര്‍സാറി ഹെരേരയെ ലക്ഷ്യമാക്കി പന്ത് നല്‍കി. കേരളാ ടീമിന് അപകടമൊഴിവാക്കാനായില്ല. 35-ാം മിനിറ്റില്‍ ഹൈദരാബാദിന്റെ മറ്റൊരു നീക്കം വലയിലെത്തി. ലക്ഷ്യം കണ്ട ജോയെല്‍ ചിയാനെസെ ഓഫ് സൈഡാണെന്നു റഫറി വിധിച്ചു. പിന്നിലായെങ്കിലും ബ്ലാസ്‌റ്റേഴ്‌സ് തളര്‍ന്നില്ല. നിരന്തരം അവര്‍ ഹൈദരാബാദ് ബോക്‌സില്‍ ചലനമുണ്ടാക്കി. ഇതിനിടെ സഹലിന് കിട്ടിയ അവസരം ലക്ഷ്യത്തിലെത്തിക്കാനായില്ല. 41-ാം മിനിറ്റില്‍ ലൂണയുടെ മനോഹരമായ ക്രോസ് ബോക്‌സിലേക്ക് കയറിയെങ്കിലും പ്രതിരോധം തടഞ്ഞു. രണ്ടാംപകുതിയില്‍ കൃത്യമായ നീക്കങ്ങള്‍ നടത്തിയെങ്കിലും ഹൈദരാബാദ് പ്രതിരോധത്തെ മറികടക്കാന്‍ കഴിഞ്ഞില്ല.

62-ാം മിനിറ്റില്‍ മൂന്ന് മാറ്റങ്ങള്‍ വരുത്തി. കലിയുഷ്‌നിക്ക് പകരം അപോസ്തലോസ് ജിയാനുവും ബ്രൈസിന് പകരം ഡാനിഷ് ഫാറൂഖും ആയുഷിന് പകരം നിഷു കുമാറും കളത്തിലെത്തി. ബോക്‌സിനരികെ വച്ച് ലൂണ തൊടുത്ത ഫ്രീകിക്ക് പുറത്തുപോയി. ഡാനിഷിന്റെ ഷോട്ടും ബാറിന് മുകളിലൂടെ പറന്നു. 75-ാം മിനിറ്റില്‍ സഹലിന് പകരം നിഹാല്‍ നിധീഷ് കളത്തിലെത്തി. അവസാന നിമിഷങ്ങളില്‍ തകര്‍പ്പന്‍ കളിയാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തെടുത്തത്. 87-ാം മിനിറ്റില്‍ കളിയിലെ അവസാന മാറ്റംവന്നു. ഹോര്‍മിപാമിന് പകരം വി. ബിജോയ് എത്തി. പൊരുതിക്കളിച്ചെങ്കിലും ബ്ലാസ്‌റ്റേഴ്‌സിന് സമനില പിടിക്കാനായില്ല.

Share
അഭിപ്രായം എഴുതാം