ഇന്ത്യന്‍ വംശജനായ ഗ്യാസ് സ്‌റ്റേഷന്‍ ജീവനക്കാരന്‍ യു.എസില്‍ വെടിയേറ്റു മരിച്ചു

വാഷിങ്ടണ്‍: ഇന്ത്യന്‍ വംശജനായ ഗ്യാസ് സ്‌റ്റേഷന്‍ ജീവനക്കാരന്‍ യു.എസില്‍ വെടിയേറ്റു മരിച്ചു. ഫിലാഡല്‍ഫിയ നഗരത്തിലെ എക്‌സോണ്‍ ഗ്യാസ് സ്‌റ്റേഷനില്‍ മോഷണം നടത്താനെത്തിയ ആയുധധാരികളാണ് ജീവനക്കാരനു നേരേ നിറയൊഴിച്ചത്. പട്രോ സിബോറാം എന്ന അറുപത്താറുകാരനാണു കൊല്ലപ്പെട്ടതെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. അക്രമികള്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു.
വടക്കുകിഴക്കന്‍ ഫിലാഡല്‍ഫിയയിലെ പ്രധാന വാണിജ്യത്തെരുവായ ടാക്കോണിയില്‍ കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. മുഖംമൂടി ധരിച്ചെത്തിയ മൂന്നുപേര്‍ ഗ്യാസ് സ്‌റ്റേഷന്റെ മിനി മാര്‍ട്ടില്‍ കടന്നശേഷം പുറകുവശത്തേക്ക് അതിക്രമിച്ചു കയറുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
അവിടെ ജോലിയിലേര്‍പ്പെട്ടിരുന്ന പട്രോ സിബോറാമിനെ ആക്രമിച്ചശേഷം പിന്നില്‍നിന്ന് അവര്‍ വെടിവച്ചു. തുടര്‍ന്ന് കാഷ് രജിസ്റ്ററുമായി രക്ഷപ്പെട്ടു. നിമിഷങ്ങള്‍ക്കുള്ളില്‍ പട്രോ മരിച്ചതായി മെഡിക്കല്‍ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. നിരീക്ഷണ കാമറയില്‍ പതിഞ്ഞ കൊലയാളികളുടെ ദൃശ്യം കഴിഞ്ഞ ദിവസം പോലീസ് പുറത്തുവിട്ടിട്ടുണ്ട്. മുഖംമൂടി ധരിച്ച നിലയിലാണെങ്കിലും അവരെ തിരിച്ചറിയാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍.

Share
അഭിപ്രായം എഴുതാം