അഭിമാനമായി കുന്നംകുളം കമ്മ്യൂണിറ്റി സ്കിൽ പാർക്ക്

അസാപിന്റെ തൃശൂരിലെ ആദ്യ പാർക്ക് 21ന് നാടിന് സമർപ്പിക്കും

തൃശൂർ: വികസനരംഗത്ത് പുതിയ ദിശാബോധം നൽകുന്ന അസാപിന്റെ കുന്നംകുളം കമ്മ്യൂണിറ്റി സ്കിൽ പാർക്ക് 21ന് ഉച്ചതിരിഞ്ഞ് 3.30ന് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നാടിന് സമർപ്പിക്കും. നൂതന തൊഴിൽ മേഖലകളിലേക്ക് അഭ്യസ്തവിദ്യരും തൊഴിൽപരിജ്ഞാനമുള്ളവരുമായ യുവജനതയെ പ്രാപ്തരാക്കുന്നതിനുവേണ്ടിയുള്ള ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഫലപ്രദമായ ഇടപെടലാണ് അഡിഷണൽ സ്കിൽ അക്ക്വിസിഷൻ പ്രോഗ്രാം (അസാപ്) കേരള. അസാപ്പിന്റെ സേവനങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കാനാണ് പൊതുസ്വകാര്യ പങ്കാളിത്തത്തോടെ കമ്മ്യൂണിറ്റി സ്കിൽ പാർക്ക് പ്രവർത്തിക്കുക.

ഏഷ്യൻ ഡെവലപ്മെൻറ്റ് ബാങ്കിന്റെ സഹായത്തോടെ വിഭാവനം ചെയ്ത 16 സ്കിൽ പാർക്കുകളിൽ നിർമ്മാണം പൂർത്തിയാക്കിയ തൃശൂർ ജില്ലയിലെ ആദ്യ പാർക്കാണ് കുന്നംകുളത്തേത്. ലോകോത്തര സൗകര്യങ്ങളോടെ കുന്നംകുളം ഗവ. മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിനോട് ചേർന്നുള്ള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഒരേക്കർ ഭൂമിയിൽ നിർമ്മിച്ച സ്കിൽപാർക്ക്, തൃശ്ശൂർ ജില്ലയുടെ നൈപുണ്യ പരിശീലനത്തിന്റെ ഏറ്റവും വലിയ കേന്ദ്രമായി മാറാൻ കെല്പുള്ളതാണ്. മൂന്ന് നിലകളിലായി അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങളോടെയാണ് കുന്നംകുളം കമ്മ്യൂണിറ്റി സ്കിൽ പാർക്ക് സജ്ജമായിട്ടുള്ളത്.

അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ക്ലാസ് മുറികളും, ലാബ് സൗകര്യങ്ങളും പ്രത്യേകതയാണ്. 30013.62, ചതുരശ്ര അടി വിസ്തീർണ്ണത്തിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങളോടെയാണ് കുന്നംകുളം കമ്മ്യൂണിറ്റി സ്കിൽ പാർക്ക് സജ്ജമാക്കിയത്. നൂതനമായ പ്രീ-ഫാബ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് സ്കിൽ പാർക്ക് നിർമിച്ചത് .

വിദ്യാർത്ഥികൾക്കായി ലോക്കർ സൗകര്യമുള്ള ചെയിഞ്ചിങ് മുറികൾ, മീറ്റിംഗ് റൂമുകൾ, പ്രേത്യേക സർവർ റൂമോടുകൂടിയ ഐടി ലാബ് സൗകര്യം തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. ഭിന്നശേഷിക്കാർക്ക് സൗഹൃദപരമായ രീതിയിലാണ് സ്കിൽ പാർക്ക് നിർമ്മാണം. ലിഫ്റ്റ്, ഭിന്നശേഷിക്കാർക്കായുള്ള ടോയ്ലറ്റ് സൗകര്യം, കാഴ്ചപരിമിതിയുള്ളവർക്കായുള്ള ടൈലുകൾ എന്നിവ പ്രേത്യേകം ഒരുക്കിയിരിക്കുന്നു. 56350 ലിറ്റർ സംഭരണ ശേഷിയുള്ള മഴവെള്ള സംഭരണിയും, മഴവെള്ളം പുനരുപയോഗിക്കാൻ ഫിൽറ്റർ സംവിധാനവും സ്കിൽ പാർക്കിൽ ഒരിക്കിയിട്ടുണ്ട്.

ഇറാം ടെക്നോളജീസും അസാപ്പും സംയുക്തമായാണ് കുന്നംകുളം സ്കിൽ പാർക്കിൻ്റെ പ്രവർത്തനം. യുവജനങ്ങളുടെ നൈപുണ്യ വികസനത്തിലും അതുവഴി തൊഴിൽ, വ്യവസായ മേഖലകളിലും വലിയ മാറ്റമാണ് കമ്യൂണിറ്റി സ്കിൽ പാർക്കുകൾ ലക്ഷ്യമിടുന്നത്. ആദ്യഘട്ടമെന്ന നിലയിൽ, തൊഴിലധിഷ്ടിത പരിശീലന പരിപാടികളായ സർട്ടിഫൈഡ് നഴ്സിംഗ് അസിസ്റ്റന്റ്, ലോജിസ്റ്റിക് മാനേജ്മെന്റിൽ അഡ്വാൻസ് ഡിപ്ലോമ എന്നീ കോഴ്സുകളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.

കൂടാതെ കേരള നോളജ് ഇക്കോണമി മിഷനുമായി കൈകോർത്തു വർക്ക് റെഡിനസ്സ് പ്രോഗ്രാമുകൾ, അസാപ്പിന്റെ കോഴ്സുകളായ ഫിറ്റ്നസ് ട്രെയിനർ, മെഡിക്കൽ കോഡിങ് ആന്റ് ബില്ലിംഗ് എന്നിവയും നടത്തുന്നതാണ്. ഇതോടൊപ്പം വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചു അസാപിന്റെ കോഴ്സുകളും സൗജന്യമായി സ്കിൽ പാർക്കിൽ വച്ച് നടപ്പിലാക്കുവാൻ ഉദ്ദേശിക്കുന്നു.

Share
അഭിപ്രായം എഴുതാം