ഭിന്നശേഷി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഘത്തിലെ നാലാമനും പിടിയിലായി

പരപ്പനങ്ങാടി: കഴിഞ്ഞദിവസം പരപ്പനങ്ങാടിയിലും പിന്നീട് കോട്ടക്കലുംവച്ച് ഭിന്നശേഷി വിദ്യാര്‍ഥിനി പീഡിപ്പിക്കപ്പെട്ട കേസില്‍ സംഘത്തിലുണ്ടായിരുന്ന നാലാമനും അറസ്റ്റില്‍. പരപ്പനങ്ങാടി പുത്തന്‍ കടപ്പുറം തീരത്തെ നാക്കടിയന്‍ അബ്ദുല്‍ നാസര്‍(48) ആണ് പരപ്പനങ്ങാടി പോലീസിന്റെ പിടിയിലായത്.
ദിവസങ്ങള്‍ക്ക് മുമ്പ് പരപ്പനങ്ങാടി റെയില്‍വെ സ്‌റ്റേഷനിലെത്തിയ പേരാമ്പ്ര സ്വദേശിനിയായ ഭിന്നശേഷിക്കാരിയാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്. സംഭവത്തില്‍ പരപ്പനങ്ങാടി കെട്ടുങ്ങല്‍, നെടുവ സ്വദേശികളായ മുനീര്‍, സജീര്‍, പ്രജീഷ് എന്നിവരെ നേരത്തെ പേരാമ്പ്ര പോലീസ് പരപ്പനങ്ങാടിയില്‍ വച്ച് അറസ്റ്റ് ചെയ്തിരുന്നു. സംഘത്തില്‍ ഇനിയുമൊരാള്‍ കൂടിയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് കേസ് കോഴിക്കോട് നിന്നു മലപ്പുറത്തേക്കു കൈമാറിയതിനെത്തുടര്‍ന്ന് പരപ്പനങ്ങാടി എസ്.എച്ച്.ഒ. കെ.ജെ. ജിനേഷിനെ അന്വേഷണ ചുമതലയേല്‍പ്പിക്കപെടുകയായിരുന്നു. അന്വേഷണം ആരംഭിച്ചു തൊട്ടടുത്ത ദിവസം തന്നെ പ്രതിയെ പരപ്പനങ്ങാടി പോലിസ് പിടികൂടിയിരുന്നു. ഇയാളെ പിടികൂടിയ പോലീസ് സംഘത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ അജീഷ് കെ. ജോണ്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ആയ സനില്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ മുജീബ് റഹ്‌മാന്‍, രഞ്ജിത്ത്, മഹേഷ് എന്നിവരും ഉണ്ടായിരുന്നു. പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

Share
അഭിപ്രായം എഴുതാം