മലപ്പുറം ഓൺലൈൻ ചൂതാട്ടത്തിന്റെ പേരിൽ തട്ടിപ്പ്: പ്രതികൾ കെണിയൊരുക്കുന്ന വഴി

മലപ്പുറം: ഗോവയിൽ ഓൺലൈൻ ചൂതാട്ടത്തിൽ പണം നിക്ഷേപിച്ച് വൻലാഭമുണ്ടാക്കാമെന്ന് വാഗ്ദാനം നൽകി വാട്‌സ് ആപ്പ് ഗ്രൂപ്പുണ്ടാക്കി അതിൽ ആയിരക്കണക്കിന് ആളുകളെ ചേർത്ത് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത കേസിൽ മുഖ്യപ്രതികൾ പിടിയിലായതോടെ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന സംഭവങ്ങൾ. പൊൻമള സ്വദേശി പുല്ലാനിപ്പുറത്ത് മുഹമ്മദ് റാഷിദ് (32), ഭാര്യ മാവണ്ടിയൂർ സ്വദേശിനി പട്ടൻമാർതൊടിക റംലത്ത് (24) എന്നിവരാണ് പിടിയിലായത്. മുഹമ്മദ് റാഷിദും ഭാര്യാ സഹോദരന്‍ റാഷിദും കൂടിയാണ് തട്ടിപ്പ് ആസൂത്രണം ചെയ്തത്.

യൂട്യൂബ് ട്രേഡിംഗ് വീഡിയോകൾ വഴി തങ്ങളുടെ വാട്‌സ് ആപ്പ് ഗ്രൂപ്പ് ലിങ്കുകൾ അയക്കുകയാണ് ഇത്തരം സംഘങ്ങള്‍ ആദ്യം ചെയ്യുന്നത്. തുടര്‍ന്ന് പരമാവധി ആളുകളെ വാട്‌സാപ്പ് കൂട്ടായ്മയിൽ ചേർക്കും. ഇത്തരം ഗ്രൂപ്പുകളില്‍ ചേരുന്നവരോട് വന്‍ ലാഭവിഹിതം ലഭിക്കുമെന്ന് വ്യാജമായ കണക്കുകള്‍ നിരത്തി വിശ്വസിപ്പിക്കും. ഇവരുടെ വിശ്വാസം നേടിയെടുക്കാനായി ആദ്യം കുറച്ച് പണം ലാഭവിഹിതം എന്ന പേരിൽ അയച്ച് കൊടുക്കും. കൂടാതെ പലര്‍ക്കും ഇതുവഴി വന്‍ തുക ലഭിച്ചെന്ന തരത്തില്‍ വ്യാജ സന്ദേശങ്ങള്‍ നിര്‍മ്മിച്ച് ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിക്കും. ആളുകള്‍ ഈ കണക്കുകള്‍ വിശ്വാസത്തിലെടുത്തെന്ന് മനസിലായാല്‍, കൂടുതല്‍ പണം ആവശ്യപ്പെട്ടും. പണം കിട്ടിയില്ലെന്ന പരാതികള്‍ ഗ്രൂപ്പുകളില്‍ ഉയര്‍ന്നാല്‍ ഇവര്‍ ഗ്രൂപ്പിൽ നിന്നും പുറത്ത് പോവുകയും പുതിയ ഫോണ്‍ നമ്പറെടുത്ത് പുതിയ വാട്‌സ് ആപ്പ് ഗ്രൂപ്പുകളുണ്ടാക്കി വീണ്ടും തട്ടിപ്പ് തുടരുകയും ചെയ്യുന്നു. മുഖ്യപ്രതി റാഷിദിന്റെ ഭാര്യ റംലത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം അയക്കാനായി ഗ്രൂപ്പ് അംഗങ്ങളോട് ആവശ്യപ്പെടുന്നത്.

വിഐപി ഇൻവെസ്റ്റ്‌മെന്റ് എന്നായിരുന്നു ഇവരുടെ വാട്‌സാപ്പ് കൂട്ടായ്മ. ഇത് വഴി പരാതിക്കാരിയുടെ നമ്പർ അതിൽ കൂട്ടി ചേർത്ത് അത് വഴി ഗോവ കാസിനോവയിൽ നടക്കുന്ന ഓൺലൈൻ ചൂതാട്ടത്തിൽ പണം നിക്ഷേപിച്ചാൽ മണിക്കൂറുകൾക്കുള്ളിൽ രണ്ടിരട്ടിയോളം ലാഭവിഹിതം ലഭിക്കുമെന്നായിരുന്നു ഇവര്‍ തട്ടിപ്പിനായി പറഞ്ഞിരുന്നത്. ഇത്തരത്തില്‍ പലപ്പോഴായി അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയെ കുറിച്ച് നടത്തിയ അവന്വേഷണത്തിലാണ് ഈ തട്ടിപ്പ് സംഘം അറിസ്റ്റിലായത്.

ഭാര്യാ സഹോദരൻ മുഹമ്മദ് റാഷിദിനെ കഴിഞ്ഞ ദിവസം മങ്കട എസ് ഐ സി കെ നൗഷാദും സംഘവും വളാഞ്ചേരിയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് നാട്ടിൽ നിന്നും ഒളിവിൽ പോയ മുഹമ്മദ് റാഷിദും റംലത്തും ഏർവാടിയിൽ പല സ്ഥലങ്ങളിലായി ഒളിവിൽ കഴിഞ്ഞ് വരികയായിരുന്നു. ഇത്തരത്തിൽ തട്ടിപ്പിനിരയായ നിരവധി പേർ പരാതിയുമായി പൊലീസിനെ സമീപിക്കുന്നുണ്ടെന്നും ഇത്തരത്തിൽ വൻ ലാഭം പ്രതീക്ഷിച്ച് പണം നിക്ഷേപം നടത്തുമ്പോൾ ജാഗ്രത പാലിക്കണമെന്നും പെരിന്തൽമണ്ണ ഡിവൈഎസ്പി എം സന്തോഷ് കുമാർ, എസ് ഐ സി കെ നൗഷാദ് എന്നിവർ പറഞ്ഞു. മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ് സുജിത്ത് ദാസ് ഐ പി എസിന്റെ നിർദ്ദേശ പ്രകാരം പെരിന്തൽമണ്ണ ഡിവൈഎസ്പി എം സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ മങ്കട എസ്‌ ഐ സി കെ നൗഷാദ്, എ എസ് ഐ സലീം , സി പി ഒ സുഹൈൽ, പെരിന്തൽമണ്ണ ഡാൻസാഫ് സ്‌ക്വാഡ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Share
അഭിപ്രായം എഴുതാം