ജൈവകൃഷിയില്‍ അണ്ടൂര്‍ക്കോണം പഞ്ചായത്തിന്റെ വിജയമാതൃക

വിഷരഹിത പച്ചക്കറി ലഭ്യത ഉറപ്പുവരുത്താനായി അണ്ടൂര്‍ക്കോണം ഗ്രാമപഞ്ചായത്ത്  ആരംഭിച്ച ‘ഗ്രാമ്യ’ ജൈവ പച്ചക്കറി കൃഷി നൂറുമേനി വിജയം നേടി രണ്ടാം ഘട്ടത്തിലേക്ക്. പഞ്ചായത്തിലെ 18 വാര്‍ഡുകളിലും ഓരോ ഏക്കര്‍ വീതം സ്ഥലം കണ്ടെത്തി 18 ഏക്കറിലാണ് ജൈവ പച്ചക്കറികൃഷിയ്ക്ക് തുടക്കം കുറിച്ചത്. എന്നാല്‍ ഞൊടിയിടയില്‍ തന്നെ 26 ഏക്കറിലേക്ക് കൃഷി വ്യാപിപ്പിച്ചു. ഇവിടെ ഉദ്പ്പാദിപ്പിക്കുന്ന പച്ചക്കറികള്‍ ‘അണ്ടൂര്‍ക്കോണം ഗ്രാമ്യപച്ചക്കറി’ എന്ന ബ്രാന്‍ഡിലാണ് വിപണിയിലെത്തുന്നത്. 

വിവിധയിനം മുളകുകള്‍, തക്കാളി, വെണ്ടയ്ക്ക, പാവയ്ക്ക, ചീര, പയര്‍, പടവലം, വെള്ളരി, കറിവേപ്പില, വഴുതന തുടങ്ങിയ എല്ലാത്തരം പച്ചക്കറികളും ഇവിടെ കൃഷി ചെയ്യുന്നുണ്ട് . തൊഴിലുറപ്പ് പ്രവര്‍ത്തകരില്‍ നിന്നും തെരെഞ്ഞെടുത്ത കാര്‍ഷിക സേനയ്ക്കാണ് പരിപാലന ചുമതല.

പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ ശാസ്ത്രീയമായ കൃഷി രീതിയാണ് അവലംബിച്ചിരിക്കുന്നത്. ഇടതടവില്ലാതെ ഫലം കിട്ടുന്ന അടിവിള കൃഷി പ്രോത്സാഹനം, ഗുണമേന്മയുള്ള തൈകളില്‍ നിന്ന് വിത്തെടുക്കല്‍, വളം നിര്‍മ്മാണം എന്നിവയില്‍ കാര്‍ഷിക സേന അംഗങ്ങള്‍ക്ക് കൃഷിഭവന്റെ സഹായത്തോടെ പരിശീലനം നല്‍കുന്നു. കൂടാതെ കീടനാശിനിക്കായി പ്രത്യേകം ഫണ്ടും പഞ്ചായത്ത് വകയിരുത്തിയിട്ടുണ്ടെന്ന് പ്രസിഡന്റ് ആര്‍.ഹരികുമാര്‍ പറഞ്ഞു.
കമ്പോളത്തില്‍ വിലയും പ്രിയവുമേറെയുള്ള കാന്താരിമുളക് അഞ്ച് ഏക്കറില്‍ കൃഷിയിറക്കാനുള്ള തയ്യാറെടുപ്പിലാണ് കര്‍ഷകര്‍. ഇതിന്റെ ഇടവിളയായി ജമന്തിയും കൃഷി ചെയ്യും. കൂടാതെ ഒരു വാര്‍ഡിലെ 12 പേരെ തെരെഞ്ഞെടുത്ത് 50 ശതമാനം സബ്സിഡിയോടെ തിരിനന കൃഷി പ്രോത്സാഹനവും നല്‍കുന്നു. ഗ്രാമ്യ ജൈവപച്ചക്കറി കൃഷി ആരംഭിച്ച് അഞ്ചു മാസത്തിനുള്ളില്‍ തന്നെ പച്ചക്കറിയില്‍ സ്വയം പര്യാപ്തത കൈവരിക്കാനായതിന്റെ സന്തോഷത്തിലാണ് അണ്ടൂര്‍ക്കോണം നിവാസികള്‍.

Share
അഭിപ്രായം എഴുതാം