വടക്കാഞ്ചേരി ബ്ലോക്കിൽ ക്ഷീര സംഗമം 18ന്

വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് മുനിസിപ്പാലിറ്റി, ഗ്രാമപഞ്ചായത്തുകൾ, ക്ഷീരസഹകരണ സംഘങ്ങൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ബ്ലോക്ക്‌തല ക്ഷീരകർഷകസംഗമം 18ന്.  കരുമത്ര ക്ഷീരോൽപാദക സഹകരണ സംഘത്തിന്റെ ആതിഥേയത്വത്തിൽ പുന്നംപറമ്പ് പ്രിയ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന പരിപാടി പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്കക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.

ക്ഷീരവികസന സെമിനാർ, ഡയറി എക്സിബിഷൻ, ഫോഡർ എക്സിബിഷൻ, ഡയറി ക്വിസ്, പൊതുസമ്മേളനം, ക്ഷീരകർഷകരെയും സംഘങ്ങളെയും ആദരിക്കൽ തുടങ്ങി വിവിധ പരിപാടികളോടു കൂടിയാണ് ക്ഷീര സംഗമം സംഘടിപ്പിക്കുന്നത്. 18 ന് രാവിലെ 8.30ന് ഡയറി ക്വിസ് നടക്കും. തുടർന്ന് തൃശൂർ ആര്യ ഐ കെയർ, സൂപ്പർ സ്പെഷ്യലിറ്റി ഐ ഹോസ്പിറ്റലുമായി സഹകരിച്ച് നേത്രപരിശോധന ക്യാമ്പും സംഘടിപ്പിക്കും. പരിപാടിയുടെ ഭാഗമായി നടക്കുന്ന ക്ഷീരവികസന സെമിനാറിൽ പശുക്കളിലെ രോഗങ്ങളും ശാസ്ത്രീയ സമീപനവും എന്ന വിഷയത്തിൽ  വെറ്റിറിനറി ഡോക്ടർ വി എൻ അനീഷ് രാജ് അവതരണം നടത്തും. പശുപരിപാലനവും പുതുതലമുറയും എന്ന വിഷയത്തിൽ ചാവക്കാട് ക്ഷീരവികസന ഓഫീസർ വി എസ് വിധു ക്ലാസെടുക്കും. സെമിനാറിൽ ക്ഷീരവികസന വകുപ്പ് തൃശൂർ അസിസ്റ്റന്റ് ഡയറക്ടർ വി ശ്രീജ മോഡറേറ്ററാകും.

ഉദ്ഘാടന സമ്മേളനത്തിൽ സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ അധ്യക്ഷത വഹിക്കും. രമ്യ ഹരിദാസ് എംപി മുഖ്യാതിഥിയാവും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി കെ ഡേവിസ് മാസ്റ്റർ, വടക്കാഞ്ചേരി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ കെ വി നഫീസ, വടക്കാഞ്ചേരി മുൻസിപ്പാലിറ്റി ചെയർമാൻ പി എൻ സുരേന്ദ്രൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ ടി വി സുനിൽ കുമാർ, എസ് ബസന്ത് ലാൽ, പി പി സുനിത, കെ ജയരാജ്, ഗിരിജ മേലേടത്ത്, ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ സി വി സുനിൽ കുമാർ, കേരള ഫീഡ്സ് ചെയർമാൻ കെ ശ്രീകുമാർ, ജില്ലാ ക്ഷീര വികസന വകുപ്പ് ഡെപ്യുട്ടി ഡയരക്ടർ സിനിജ ഉണ്ണികൃഷ്ണൻ,  വടക്കാഞ്ചേരി ക്ഷീര വികസന ഓഫീസർ നന്ദിനി ടി, കരുമത്ര ക്ഷീരസംഘം പ്രസിഡന്റ്‌ ടി പി ശശിധരൻ മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, കർഷകർ എന്നിവർ പങ്കെടുക്കും.

Share
അഭിപ്രായം എഴുതാം