2,500 പേരെ പിരിച്ചുവിടും; 5% പേര്‍ക്ക് മാര്‍ച്ചില്‍ തന്നെ ജോലി പോകുമെന്ന് ബൈജൂസ്

മുംബൈ: ചെലവുചുരുക്കല്‍ നടപടികളുടെ ഭാഗമായി 2,500 ജീവനക്കാരെ പിരിച്ചുവിടേണ്ടി വരുമെന്നു ബൈജൂസ്. 50,000 ജീവനക്കാരില്‍ 5% പേരെ വരുന്ന മാര്‍ച്ചിനു മുമ്പ് പിരിച്ചുവിടാനാണ് തീരുമാനം. പ്രൊഡക്ഷന്‍, ഉള്ളടക്കം, മീഡിയ, ടെക്നോളജി തുടങ്ങി വിവിധ വകുപ്പുകളില്‍ നടപടി ബാധകമാകും. കമ്പനിയെ ലാഭത്തിലെത്തിക്കാനായി നല്‍കേണ്ടി വന്ന വലിയ വിലയാണിതെന്നു ജീവനക്കാര്‍ക്ക് അയച്ച ക്ഷമാപണക്കത്തില്‍ ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍ പറഞ്ഞു. ”ഉദ്ദേശിച്ച രീതിയിലല്ല ഇക്കാര്യങ്ങള്‍ മുന്നോട്ടുപോകുന്നത്.

ഭംഗിയായി അവസാനിപ്പിക്കണമെന്നാണു കരുതുന്നത്. ജീവനക്കാരില്‍ അഞ്ചു ശതമാനംപേര്‍ക്കു മാത്രമേ ജോലി നഷ്ടമാകൂ. ഈ വര്‍ഷം പ്രതികൂലമായ നിരവധി സാമ്പത്തിക ഘടകങ്ങള്‍ ബിസിനസ് ലോകത്തെ മാറ്റിമറിച്ചു. സുസ്ഥിരമായ വളര്‍ച്ചയ്ക്കുള്ള വഴി തേടാന്‍ ഇത് ലോകമെമ്പാടുമുള്ള ടെക് കമ്പനികളെ പ്രേരിപ്പിച്ചു. ബൈജൂസിനും ഇതില്‍നിന്നു മാറാന്‍ കഴിയില്ല.- ബൈജു രവീന്ദ്രന്‍ പറഞ്ഞു.കൂട്ടപ്പിരിച്ചുവിടല്‍ നീക്കത്തിനെതിരേ ജീവനക്കാരുടെ പ്രതിനിധികള്‍ കഴിഞ്ഞയാഴ്ച തൊഴില്‍മന്ത്രി വി. ശിവന്‍കുട്ടിയെ കണ്ട് നിവേദനം നല്‍കിയിരുന്നു.
അതേ സമയം, നിയമപരമായ നടപടിക്രമങ്ങള്‍ പാലിച്ചാകും പിരിച്ചുവിടല്‍ നടപടിയെന്നു ബൈജൂസ് വക്താവ് അറിയിച്ചു.

രാജ്യത്തെ ഏറ്റവും വിലയുള്ള സ്റ്റാര്‍ട്ടപ്പുകളില്‍ ഒന്നായ ബൈൂജസിന് 2021 ല്‍ 4,588 കോടി രൂപയുടെ നഷ്ടം നേരിട്ടെന്നാണു റിപ്പോര്‍ട്ട്. 2022 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷം 10,000 കോടി രൂപയുടെ വരുമാനം നേടിയെന്നു കമ്പനി അറിയിച്ചെങ്കിലും ലാഭനഷ്ട കണക്കുകള്‍ വെളിപ്പെടുത്തിയില്ല.

Share
അഭിപ്രായം എഴുതാം