സെമി പ്രതീക്ഷ സജീവമാക്കി ലങ്ക

ബ്രിസ്ബെന്‍: ട്വന്റി20 ക്രിക്കറ്റ് ലോകകപ്പില്‍ അഫ്ഗാനിസ്താനെ ആറ് വിക്കറ്റിനു തോല്‍പ്പിച്ച ശ്രീലങ്ക സെമി പ്രതീക്ഷ സജീവമാക്കിയിരുന്നു. സൂപ്പര്‍ 12 ഗ്രൂപ്പ് 2 വില്‍ നാലാം സ്ഥാനത്താണു ലങ്ക. നാല് കളികളില്‍നിന്നു നാലു പോയിന്റാണ് അവരുടെ നേട്ടം. ഇംഗ്ലണ്ടിനെതിരേ നടക്കുന്ന അവസാന മത്സരത്തില്‍ ജയിച്ചാല്‍ അവര്‍ക്കു പ്രതീക്ഷയ്ക്കു വകയുണ്ട്. നാല് കളികളില്‍നിന്നു രണ്ട് പോയിന്റ് മാത്രം നേടിയ അഫ്ഗാന്‍ സെമി കാണില്ലെന്ന് ഉറപ്പായി. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്‍ എട്ട് വിക്കറ്റിന് 144 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത ലങ്ക കളി തീരാന്‍ ഒന്‍പത് പന്തുകള്‍ ശേഷിക്കേ വിജയ റണ്ണെടുത്തു. 42 പന്തില്‍ രണ്ട് സിക്സറും ആറ് ഫോറുമടക്കം 66 റണ്ണുമായി പുറത്താകാതെനിന്ന ധനഞ്ജയ ഡി സില്‍വയാണു വിജയ ശില്‍പ്പി. ഓപ്പണര്‍ കുശാല്‍ മെന്‍ഡിസ് (27 പന്തില്‍ 25), ചരിത അസാലങ്ക (18 പന്തില്‍ 19), ഭാനുക രാജപക്സെ (14 പന്തില്‍ 18) എന്നിവര്‍ ധനഞ്ജയയെ പിന്തുണച്ചു. ലങ്കയുടെ തുടക്കം തിരിച്ചടിയോടെയായിരുന്നു.രണ്ടാം ഓവറിലെ അവസാന പന്തില്‍ ഓപ്പണര്‍ പാത്തും നിസംഗ (10) യെ മുജീബ് ഉര്‍ റഹ്മാന്‍ ക്ലീന്‍ ബൗള്‍ഡാക്കി.

പവര്‍ പ്ലേ അവസാനിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 28 റണ്‍ മാത്രമായിരുന്നു ലങ്കന്‍ സ്‌കോര്‍. രണ്ടാം വിക്കറ്റില്‍ കുസശാല്‍ മെന്‍ഡിസിനെ ഒപ്പം കൂട്ടി 34 റണ്‍ നേടിയ ധനഞ്ജയ ഡിസില്‍വ മൂന്നാം വിക്കറ്റില്‍ ചരിത അസാലങ്കയ്‌ക്കൊപ്പം 54 റണ്ണിന്റെ കൂട്ടുകെട്ടിലും നാലാം വിക്കറ്റില്‍ ഭാനുക രജപക്‌സെയ്ക്കൊപ്പം 42 റണ്‍ കൂട്ടുകെട്ടിലും പങ്കാളിയായി. അഫ്ഗാനു വേണ്ടി മുജീബ് ഉര്‍ റഹ്മാന്‍, റാഷിദ് ഖാന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതമെടുത്തു. ടോസ് നേടിയ അഫ്ഗാന്‍ നായകന്‍ മുഹമ്മദ് നബി ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു. നാല് ഓവറില്‍ 13 റണ്‍ മാത്രം നല്‍കി മൂന്ന് വിക്കറ്റെടുത്ത വാനിന്ദു ഹസരങ്കയാണ് അഫ്ഗാന്‍ റണ്ണൊഴുക്ക് തടഞ്ഞത്. ലാഹിരു കുമാര രണ്ട് വിക്കറ്റും കാസുന്‍ രജിത, ധനഞ്ജയ ഡി സില്‍വ എന്നിവര്‍ ഒരു വിക്കറ്റ് വീതവുമെടുത്തു. 24 പന്തില്‍ രണ്ട് സിക്സറും ഫോറുമടക്കം 28 റണ്‍ നേടിയ ഓപ്പണറും വിക്കറ്റ് കീപ്പറുമായ റഹ്മാനുള്ള ഗുര്‍ബാസ് ടോപ് സ്‌കോററായി. ഓപ്പണര്‍ ഉസ്മാന്‍ ഗനി (27 പന്തില്‍ ഒരു സിക്സറും രണ്ട് ഫോറുമടക്കം 27), ഇബ്രാഹിം സാദ്രാന്‍ (18 പന്തില്‍ ഒരു സിക്സറും ഫോറുമടക്കം 22) എന്നിങ്ങനെയാണ് മറ്റു ബാറ്റര്‍മാരുടെ സംഭാവന.

Share
അഭിപ്രായം എഴുതാം