രണ്ട് നൂറ്റാണ്ടിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി: ഋഷി സുനക്

ബ്രിട്ടണ്‍: രണ്ട് നൂറ്റാണ്ടിനിടെ ബ്രിട്ടീഷ് പ്രധാനമന്ത്രിയാകുന്ന ഏറ്റവും പ്രായം കുറഞ്ഞയാളാണ് ഋഷി സുനക്. ഹിന്ദു മതക്കാരനായ ആദ്യപ്രധാനമന്ത്രിയും. ഈവര്‍ഷം ബ്രിട്ടനില്‍ അധികാരമേറ്റ മൂന്നാമത്തെ പ്രധാനമന്ത്രിയുമാണ് ഋഷി. ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍.ആര്‍. നാരായണമൂര്‍ത്തിയുടെ മകള്‍ അക്ഷത മൂര്‍ത്തിയാണ് ഭാര്യ. ജനങ്ങളുടെ നികുതിഭാരം കുറയ്ക്കുമെന്ന വാഗ്ദാനവുമായി അധികാരമേറിയ ലിസ് ട്രസിന്റെ നടപടികള്‍ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയതോടെയാണ് നില്‍ക്കക്കള്ളിയില്ലാതെ 45-ാം നാള്‍ അവര്‍ക്കു രാജിവയ്ക്കേണ്ടിവന്നത്. പ്രധാനമന്ത്രി സ്ഥാനാര്‍ഥിത്വത്തിനായി കഴിഞ്ഞതവണ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ലിസിനോടു പരാജയപ്പെട്ട ഋഷി ഇക്കുറി ഏകകണ്ഠമായി തെരഞ്ഞെടുക്കപ്പെട്ടതു കാലത്തിന്റെ കാവ്യനീതിയായി.

എന്നാല്‍, രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ കരകയറ്റുകയെന്ന ഭഗീരഥപ്രയത്നമാണു മുന്‍ധനമന്ത്രികൂടിയായ ഋഷിയെ കാത്തിരിക്കുന്നത്.രാജ്യസമ്പദ്വ്യവസ്ഥയെ കരകയറ്റാനുള്ള ലിസ് ട്രസിന്റെ പരിശ്രമം തെറ്റായിരുന്നില്ലെന്നു രാജ്യത്തോടുള്ള ആദ്യ അഭിസംബോധനയില്‍ ഋഷി പറഞ്ഞു. ”ഞാന്‍ അവരെ ആദരിക്കുന്നു. എന്നാല്‍, ചില പിഴവുകള്‍ സംഭവിച്ചു. ദുരുദ്ദേശ്യത്തോടെയായിരുന്നില്ലെങ്കിലും അവ പിഴവുകള്‍തന്നെയാണ്. ആ അബദ്ധങ്ങള്‍ തിരുത്താനാണ് എന്നെ നിയമിച്ചിരിക്കുന്നത്. വാക്കുകളിലൂടെയല്ല, പ്രവൃത്തിയിലൂടെ ഞാന്‍ രാജ്യത്തെ ഒരുമിപ്പിക്കും. അതിനായി രാപകലന്യേ ജോലിചെയ്യും. എല്ലാവരെയും ഒരുമിപ്പിക്കാനുള്ള ജനവിധിയാണിത്.
രാജ്യം അതീവഗുരുതരമായ സാമ്പത്തികപ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. യുക്രൈനില്‍ റഷ്യ നടത്തുന്ന യുദ്ധം ആഗോളവിപണിയെ അസ്ഥിരപ്പെടുത്തി”- ഋഷി പറഞ്ഞു. ദശകങ്ങള്‍ക്കിടയിലെ ഏറ്റവുമുയര്‍ന്ന വലിയ പണപ്പെരുപ്പം നിയന്ത്രിക്കുക, ജനങ്ങളുടെ വാങ്ങല്‍ശേഷി വര്‍ധിപ്പിച്ച് വിപണിയെ ഉണര്‍ത്തുക എന്നിവയാണു ഋഷിക്കു മുന്നിലുള്ള അടിയന്തരവെല്ലുവിളികള്‍.
ഏതാനും മന്ത്രിസഭംഗങ്ങളുടെ പേരും ഇന്നലെ ഋഷി പുറത്തുവിട്ടു. ഡൊമനിക് റാബാണ് ഉപപ്രധാനമന്ത്രി. ലിസ് ട്രസ് പുറത്താക്കിയ ഇന്ത്യന്‍ വംശജ സുവേല്ല ബ്രേവര്‍മാന്‍ ആഭ്യന്തരമന്ത്രിയായി മടങ്ങിയെത്തി. ട്രസ് മന്ത്രിസഭയിലെ 11 പേരെ ഋഷി ഒഴിവാക്കിയിട്ടുണ്ട്. ജറമി ഹണ്ട്, ജയിംസ് വര്‍ലി, ബെന്‍ വാലസ് എന്നിവര്‍ക്ക് അധികാരം നിലനിര്‍ത്താനായി.

Share
അഭിപ്രായം എഴുതാം