പ്രതിരോധ- ബഹിരാകാശ ദൗത്യങ്ങളില്‍ കുതിപ്പിനൊരുങ്ങി ഇന്ത്യ

ന്യൂഡല്‍ഹി: ദേശസുരക്ഷയ്ക്കും പ്രതിരോധത്തിനും ആക്കംപകരുന്ന പ്രതിരോധ- ബഹിരാകാശ ദൗത്യങ്ങള്‍ക്കു തുടക്കമിടാന്‍ ഇന്ത്യ. പൊതു- സ്വകാര്യ സംരഭങ്ങളെയും സ്റ്റാര്‍ട്ടപ്പുകളെയും കോര്‍ത്തിണക്കിയാണിത്.ഈ ആശയത്തോടെയുള്ള ഡിഫന്‍സ് സ്‌പേസ് മിഷന് പ്രധാനമന്ത്രി നരേന്ദ്ര മോദി 19/10/2022 തുടക്കം കുറിക്കും.

ഗുജറാത്തിലെ ഗാന്ധിനഗറില്‍ നടക്കുന്ന ഡിഫ്എക്‌സ്‌പോ-2022 വേദിയിലാണ് എഴുപത്തിയഞ്ചോളം നൂതന ആശയങ്ങള്‍ കോര്‍ത്തിണക്കുന്ന കര്‍മപദ്ധതിക്ക് തുടക്കമിടുന്നത്. 19/10/2022 രാവിലെ 9:45-ന് പ്രധാനമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കും. ഗുജറാത്തിലെ ദീസ എയര്‍ഫീല്‍ഡിന്റെ തറക്കല്ലിടലും മോദി നിര്‍വഹിക്കും.

”അഭിമാനത്തിലേക്കുള്ള പാത” എന്ന ആശയം ഉയര്‍ത്തിപ്പിടിച്ചാണ് ഈ വര്‍ഷത്തെ ഡിഫ്എക്‌സ്‌പോ. ഇന്നുവരെ നടന്നിട്ടുള്ള ഇന്ത്യന്‍ പ്രതിരോധ പ്രദര്‍ശനത്തിലെ ഏറ്റവും വലിയ പങ്കാളിത്തത്തിനാവും ഇക്കുറി ഗാന്ധിനഗര്‍ സാക്ഷ്യംവഹിക്കുക.
വിദേശ ഒ.ഇ.എമ്മു(ഒറിജിനല്‍ എക്യൂപ്‌മെന്റ് മാന്യുഫാക്ചറര്‍)കളുടെ ഇന്ത്യന്‍ അനുബന്ധ സ്ഥാപനങ്ങള്‍, ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനിയുടെ ഡിവിഷന്‍, ഇന്ത്യന്‍ കമ്പനിയുമായി സംയുക്ത സംരംഭം നടത്തുന്ന വിദേശ കമ്പനികള്‍ എന്നിവയും ഇക്കുറി എക്‌സപോയില്‍ പങ്കെടുക്കും. ആദ്യമായാണ് വിദേശ ഇ.ഒ.എമ്മുകള്‍ പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നത്.

ഒരു ഇന്ത്യ പവലിയനും പത്ത് സംസ്ഥാന പവലിയനുകളും എക്‌സ്‌പോയിലുണ്ടാകും. ഇന്ത്യാ പവലിയനില്‍, ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്.എ.എല്‍) രൂപകല്‍പ്പന ചെയ്ത തദ്ദേശീയ പരിശീലന വിമാനമായ എച്ച്.ടി.ടി-40 പ്രധാനമന്ത്രി അനാച്ഛാദനം ചെയ്യും.തുടര്‍ന്ന് ഗുജറാത്തിലെ വിവിധ വികസനപദ്ധതികളുടെ ഉദ്ഘാടനച്ചടങ്ങുകളില്‍ അദ്ദേഹം പങ്കെടുക്കും. അദാലാജില്‍ മിഷന്‍ സ്‌കൂള്‍ ഓഫ് എക്‌സലന്‍സ് ഉദ്ഘാടനം ചെയ്യുന്ന പ്രധാനമന്ത്രി, ജുനഗഡില്‍ വിവിധ വികസന പദ്ധതികള്‍ക്ക് ശിലയിടും.

Share
അഭിപ്രായം എഴുതാം