പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആക്രമിക്കാൻ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പദ്ധതി തയ്യാറാക്കിയിരുന്നതായി ഇ.ഡി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബിഹാറിൽ വച്ച് ആക്രമിക്കാൻ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പദ്ധതി തയ്യാറാക്കിയിരുന്നതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). ജൂലായ് 12-ന് പട്‌നയിൽ നടന്ന റാലിക്കിടെ ആക്രമിക്കാനായിരുന്നു പദ്ധതി. ഇതിനായി പ്രത്യേക പരിശീലന ക്യാമ്പ് പോപ്പുലർ ഫ്രണ്ട് സംഘടിപ്പിച്ചിരുന്നുവെന്നും ഇ.ഡി ആരോപിച്ചു.

എൻഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ് രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റിലായ കണ്ണൂർ പെരിങ്ങത്തൂരിലെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ ഷഫീഖ് പായേത്തിന്റെ റിമാൻഡ് റിപ്പോർട്ടിലാണ് പ്രധാനമന്ത്രിക്കെതിരെ അക്രമം നടത്താൻ പോപ്പുലർ ഫ്രണ്ട് തയ്യാറാക്കിയ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചിരിക്കുന്നത്.

ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന കാലയളവിലും നരേന്ദ്ര മോദി പട്‌നയിൽ പങ്കെടുത്ത റാലിക്കിടെ ആക്രമണം ഉണ്ടായിരുന്നു. 2013 ൽ പട്‌നയിൽ നരേന്ദ്ര മോദി പങ്കെടുത്ത റാലിക്കിടെ ഇന്ത്യൻ മുജാഹദീൻ ഭീകരരാണ് ഭീകരാക്രമണം നടത്തിയത് എന്നാണ് അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നത്.

പ്രധാനമന്ത്രിക്ക് പുറമെ ഉത്തർപ്രദേശിലെ ചില പ്രമുഖർക്കും, തന്ത്രപ്രധാന സ്ഥലങ്ങൾക്കും നേരെ ഒരേസമയം അക്രമം നടത്താൻ ഭീകരവാദ സംഘങ്ങൾക്ക് രൂപം നൽകിയതായും റിമാൻഡ് റിപ്പോർട്ടിൽ ആരോപിച്ചിട്ടുണ്ട്. ഈ സംഘങ്ങൾക്കായി മാരകമായ ആയുധങ്ങൾ, സ്‌ഫോടക വസ്തുക്കൾ എന്നിവ പോപ്പുലർ ഫ്രണ്ട് ശേഖരിച്ചിരുന്നതായും ഇഡി കണ്ടെത്തിയിട്ടുണ്ട്. ഷഫീഖ് പായേത്തിന് പുറമെ കേസിൽ മൂന്ന് പ്രതികളാണ് ഉള്ളത്. പർവേസ് അഹമ്മദ്, മുഹമ്മദ് ഇല്യാസ്, അബ്ദുൾ മുഖീത്ത്. ഇതിൽ പർവേസ് മുഹമ്മദ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഡൽഹി ഘടകം പ്രസിഡന്റാണ്. ഈ നാല് പേർക്കെതിരെയും 2018 മുതൽ ഇഡി അന്വേഷണം നടത്തി വരികയായിരുന്നു.

ഖത്തറിൽ ഉണ്ടായിരുന്ന ഷഫീഖ് പായേത്ത്, തന്റെ എൻആർഐ അകൗണ്ടിലൂടെ പോപ്പുലർ ഫ്രണ്ട്‌ന് എത്തിച്ച പണം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കാൻ വിനിയോഗിച്ചതായാണ് ഇ.ഡിയുടെ കണ്ടെത്തൽ. റിയൽ എസ്റ്റേറ്റ് സംരഭങ്ങളിൽനിന്ന് ലഭിച്ച പണം പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തനങ്ങൾക്ക് ചെലവഴിച്ചതിന്റെ വിശദശാംശങ്ങളും ഇ.ഡി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വിശദീകരിച്ചിട്ടുണ്ട്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കലാപവും, തീവ്രവാദ പ്രവർത്തനങ്ങളും നടത്തുന്നതിന് ഇതുവരെ 120 കോടിയോളം രൂപ സംഘടന പിരിച്ചതായും ഇ.ഡി റിപ്പോർട്ടിൽ വിശദീകരിച്ചിട്ടുണ്ട്. ഇതിൽ ഭൂരിഭാഗവും പണമായി ലഭിച്ച സംഭാവനയാണ്. പണം നിക്ഷേപിച്ച പലരും അജ്ഞാതരും, സംശയിക്കപ്പെടുന്നവരുമാണ്. വിദേശത്തുള്ള പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ എൻആർഐ അകൗണ്ടിലൂടെ അയക്കുന്ന പണം പോപ്പുലർ ഫ്രണ്ട് എത്തിച്ച് നൽകുകയും ചെയ്യുന്നുണ്ട്. വിദേശ സംഭാവന നിയന്ത്രണ നിയമത്തിന്റെ പരിധിയിൽ വരാതിരിക്കാനാണ് ഇത്തരം ഇടപാടെന്നും ഇ.ഡി ചൂണ്ടിക്കാട്ടിയിട്ടുണ്ട്

Share
അഭിപ്രായം എഴുതാം