നാല്‍പ്പതോളം പോപ്പുലര്‍ ഫ്രണ്ട് അനുബന്ധ കേന്ദ്രങ്ങളില്‍ എന്‍.ഐ.എ റെയ്ഡ്

ഹൈദരാബാദ്: തെലങ്കാന, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലെ നാല്‍പ്പതോളം പോപ്പുലര്‍ ഫ്രണ്ട് അനുബന്ധ കേന്ദ്രങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) റെയ്ഡ്. നാലുപേര്‍ കസ്റ്റഡിയില്‍. പണവും ഇലക്ട്രോണിക്സ് ഉപകരണങ്ങളും രേഖകളും ഉള്‍പ്പെടെ കണ്ടെടുത്തതായി എന്‍.ഐ.എ.ഭീകരവാദ, ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലായിരുന്നു റെയ്ഡ്.

രണ്ടു ഡസനോളം എന്‍.ഐ.എ. സംഘങ്ങള്‍ പങ്കെടുത്തു. കുര്‍ണൂല്‍, നെല്ലൂര്‍ ജില്ലകളിലെ രണ്ടു കേന്ദ്രങ്ങളിലായിരുന്നു ആന്ധ്രാപ്രദേശില്‍ പരിശോധന. തെലങ്കാനയില്‍ 36 കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തി. നിസാമാബാദ്: 23, ഹൈദരാബാദ്: 4, ജഗിതിയല്‍: 7, നിര്‍മല്‍: 2 എന്നിങ്ങനെയാണ് തെലങ്കാനയിലെ വിവിധ ജില്ലകളിലെ റെയ്ഡ് വിശദാംശങ്ങള്‍. ഇതുകൂടാതെ അദീലാബാദ്, കരിംനഗര്‍ ജില്ലകളില്‍ ഓരോ സ്ഥലങ്ങളിലും പരിശോധന നടത്തി.തീവ്രവാദബന്ധം ആരോപിച്ച് കഴിഞ്ഞ ജൂെലെ നാലിനു തെലങ്കാനയിലെ നിസാമാബാദ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ നാല് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നു. മുസ്ലിം യുവാക്കളെ വലയിലാക്കി ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു പരിശീലനം നല്‍കിയെന്നുകാട്ടി അബ്ദുള്‍ ഖാദര്‍, ഷെയ്ഖ് സഹദുള്ള, മുഹമ്മദ് ഇമ്രാന്‍, മുഹമ്മദ് അബ്ദുള്‍ മൊബിന്‍ എന്നിവരാണ് അറസ്റ്റിലായത്. കരാട്ടേ പരിശീലകനായ അബ്ദുള്‍ ഖാദറായിരുന്നു പരിശീലനത്തിനു ചുക്കാന്‍ പിടിച്ചത്. കരാട്ടെ, കുങ്ഫു പരിശീലനത്തിന്റെ മറവില്‍ മൂന്നു വര്‍ഷത്തിനിടെ മുന്നൂറോളം യുവാക്കള്‍ക്ക് ആയുധങ്ങളടക്കം െകെകാര്യം ചെയ്യുന്നതില്‍ ഖാദര്‍ പരിശീലനം നല്‍കിയെന്നു പോലീസ് പറയുന്നു. തീവ്രവാദബന്ധം ആരോപിക്കപ്പെട്ടതോടെ ഈ കേസ് ഓഗസ്റ്റില്‍ എന്‍.ഐ.എയ്ക്കു കൈമാറി.

അറസ്റ്റിലായവരെ ചോദ്യം ചെയ്തതില്‍നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഇന്നലത്തെ പരിശോധന. മുസ്ലിം യുവാക്കളെ റിക്രൂട്ട് ചെയ്തശേഷം മതസ്പര്‍ധ വളര്‍ത്താനും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായി പ്രതികള്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചെന്ന് എന്‍.ഐ.എ. പറയുന്നു. ഇവരില്‍ അബ്ദുള്‍ ഖാദര്‍ ഉള്‍പ്പെടെ പോപ്പുലര്‍ ഫ്രണ്ട് ബന്ധമുള്ള 23 പേരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലാണ് ഇന്നലത്തെ റെയ്ഡ്. ഡിജിറ്റല്‍ ഉപകരണങ്ങള്‍, രണ്ടു കഠാരകള്‍, ഏതാനും രേഖകള്‍ എന്നിവയ്ക്കു പുറമേ 8.31 ലക്ഷം രൂപയും പിടിച്ചെടുത്തു. ചോദ്യം ചെയ്യലിനായി പോപ്പുലര്‍ ഫ്രണ്ട് ജില്ലാ കണ്‍വീനര്‍ ഉള്‍പ്പെടെ നാലുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
റെയ്ഡിനെതിരേ തെലങ്കാനയിലെ ചിലയിടങ്ങളില്‍ പ്രദേശവാസികള്‍ മുദ്രാവാക്യം വിളികളുമായി എന്‍.ഐ.എയ്ക്കെതിരേ രംഗത്തെത്തി. നിസാമാബാദില്‍ ഷാഹിദ് ഷൗസിങ് എന്ന പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്റെ വസതിയില്‍ നടത്തിയ പരിശോധനയില്‍ ഇയാളുടെ പാസ്പോര്‍ട്ട്, രണ്ടു മൊെബെല്‍ ഫോണുകള്‍, ബാങ്ക് പാസ്ബുക്കുകള്‍ എന്നിവ പിടിച്ചെടുത്തു. ഇന്ന്‌ െഹെദരാബാദിലെ എന്‍.ഐ.എ. ഓഫീസില്‍ ഹാജരാകാന്‍ ഇയാള്‍ക്കു നോട്ടീസ് നല്‍കിയിട്ടുമുണ്ട്.

Share
അഭിപ്രായം എഴുതാം