യു.എസ്. ഓപ്പണ്‍ ഇഗായ്ക്ക്

ന്യൂയോര്‍ക്ക്: പോളണ്ടിന്റെ വനിതാ ലോക ഒന്നാം നമ്പര്‍ ഇഗ സ്വിയാടെക് യു.എസ്. ഓപ്പണ്‍ ടെന്നീസ് ഗ്രാന്‍സ്ലാം ജേതാവായി. ടുണീഷ്യയുടെ ഒന്‍സ് ജാബിയൂറിനെ തോല്‍പ്പിച്ചാണ് ഇഗ കിരീടം നേടിയത്. സ്‌കോര്‍: 6-2, 7-6 (7/5).ഇഗയുടെ സീസണിലെ രണ്ടാം ഗ്രാന്‍സ്ലാം കിരീട നേട്ടമാണിത്. ജൂണില്‍ നടന്ന ഫ്രഞ്ച് ഓപ്പണിലും പോളണ്ട് താരമായിരുന്നു ജേതാവ്. തുടര്‍ച്ചയായ 37 മത്സരങ്ങളിലെ ജയവും താരത്തിനു കുറിക്കാനായി. രണ്ട് ഫ്രഞ്ച് ഓപ്പണ്‍ അടക്കം ഇഗയുടെ മൂന്നാം ഗ്രാന്‍സ്ലാം നേട്ടമാണിത്. കരിയറിലെ ആദ്യ യു.എസ്. ഓപ്പണ്‍ കിരീടവും. ഹാര്‍ഡ് കോര്‍ട്ടിലെ ഇഗയുടെ ആദ്യ കിരീടം കൂടിയാണ്.യു.എസ്. ഓപ്പണ്‍ കിരീടത്തില്‍ മുത്തമിടുന്ന ആദ്യ പോളീഷ് വനിതയെന്ന നേട്ടവും 21 വയസുകാരിയായ ഇഗ സ്വന്തമാക്കി. സെറീന വില്യംസിനുശേഷം ഒരേ വര്‍ഷം ഫ്രഞ്ച് ഓപ്പണ്‍, യു.എസ് ഓപ്പണ്‍ കിരീടങ്ങള്‍ സ്വന്തമാക്കുന്ന ആദ്യ വനിതാ കൂടിയാണ്. 2013 ലായിരുന്നു സെറീനയുടെ നേട്ടം. ആറാം സീഡ് ബെലാറസിന്റെ ആര്യാന സബാലങ്കയെ ഒന്നിനെതിരേ രണ്ടു സെറ്റുകള്‍ക്ക് കീഴടക്കിയാണ് സ്വിയാടെക് ഫൈനലില്‍ കടന്നത്.

ആധുനിക ഓപ്പണ്‍ യുഗത്തില്‍ യു.എസ്. ഓപ്പണിന്റെ ഫൈനലിലെത്തുന്ന ആദ്യ ആഫ്രിക്കന്‍ വനിതാ താരമെന്ന നേട്ടത്തോടെയാണ് ജാബിയൂര്‍ കിരീടപ്പോരാട്ടത്തിനെത്തിയത്. സെമിയില്‍ ഫ്രാന്‍സിന്റെ കാരോളിന ഗാര്‍സിയയെ തോല്‍പ്പിച്ചു. ജാബിയൂറിന് സീസണില്‍ തുടര്‍ച്ചയായ രണ്ടാം ഫൈനലാണിത്.വിമ്പിള്‍ഡണിലും ജാബിയൂര്‍ റണ്ണര്‍ അപ്പായി മടങ്ങി. അന്ന് കസഖ്സ്ഥാന്റെ എലേന റൈബാകിനയോടു തോറ്റു. ഇഗ കരിയറിലെ മൂന്നാം ഗ്രാന്‍സ്ലാം കിരീടമാണു നേടിയത്. 2020, 2022 വര്‍ഷങ്ങളില്‍ ഫ്രഞ്ച് ഓപ്പണ്‍ നേടാന്‍ ഇഗയ്ക്കായി. കളിച്ച 18 ഫൈനലുകളിലും നേരിട്ടുള്ള സെറ്റുകള്‍ക്ക് ജയിച്ച ഇക്കുറിയും ആ പതിവ് തുടര്‍ന്നു.ഒന്നാം സെറ്റില്‍ ഇഗയുടെ ആധിപത്യം കണ്ടു. ജാബിയൂര്‍ മികവിലേക്ക് ഉയരാന്‍ ഏറെ കഷ്ടപ്പെട്ടു.

ഇരട്ട ബ്രേക്ക് കണ്ടത്തിയ ഇഗ 6-2 നു സെറ്റ് സ്വന്തമാക്കി. രണ്ടാം സെറ്റ് കൂടുതല്‍ നാടകീയമായി. സെറ്റില്‍ ഇഗ ബ്രേക്ക് കണ്ടത്തിയെങ്കിലും ഒന്‍സ് തിരിച്ചു പിടിച്ചു. തുടര്‍ന്ന് രണ്ട് തവണ കൂടി ബ്രേക്ക് വഴങ്ങിയ ഒന്‍സ് രണ്ടു തവണയും ബ്രേക്ക് തിരിച്ചു പിടിച്ചു. തന്റെ സര്‍വീസില്‍ ചാമ്പ്യന്‍ഷിപ്പ് പോയിന്റ് രക്ഷിച്ച ഒന്‍സ് രണ്ടാം സെറ്റ് ടൈ ബ്രേക്കറിലേക്കു നീട്ടി.ടൈ ബ്രേക്കറില്‍ ഇഗ പതുക്കെ ആധിപത്യം കണ്ടത്തി. ഒരിക്കല്‍ കൂടി ചാമ്പ്യന്‍ഷിപ്പ് പോയിന്റ് നേടിയ ഇഗ സെറ്റ് സ്വന്തം പേരില്‍ കുറിച്ചു കിരീടവും സ്വന്തമാക്കി. ജാബിയൂറിനെതിരേ നടന്ന ഫൈനല്‍ ശബ്ദ മുഖരിതമായിരുന്നു. ചെയര്‍ അമ്പയര്‍ ലൂയിസ് അസെമാര്‍ ഇംഗ്സെല്‍ കാണികളോടു പലതവണ നിശബ്ദരാകാന്‍ ആവശ്യപ്പെട്ടു.

Share
അഭിപ്രായം എഴുതാം