ചൈനീസ് ചാരക്കപ്പല്‍ ലങ്ക വിട്ടു

കൊളംബോ: ഇന്ത്യന്‍ സമ്മര്‍ദത്തെ അതിജീവിച്ച് ശ്രീലങ്കയിലെ ഹംബന്‍തോട്ട തുറമുഖത്ത് നങ്കൂരമിട്ട ചൈനയുടെ ചാരക്കപ്പല്‍ യുവാന്‍ വാങ് -5 ആറ് ദിവസത്തിനൊടുവില്‍ ലങ്കന്‍ തീരം വിട്ടു.ബാലിസ്റ്റിക് മിസൈല്‍, സാറ്റെലെറ്റ് ട്രാക്കിങ് സംവിധാനങ്ങളുള്ള യുവാന്‍ വാങ് -5 കപ്പല്‍ മടങ്ങിയത്‌ ചൈനയിലെ ജിയാങ് യിന്‍ തുറമുഖത്തേക്ക്. ചൈനയുടെ നിയന്ത്രണത്തിലുള്ള ലങ്കന്‍ തുറമുഖമായ ഹംബന്‍തോട്ടയില്‍ ഈ മാസം 11-ന് എത്താനിരുന്ന കപ്പലാണിത്. ഇന്ത്യ എതിര്‍പ്പുയര്‍ത്തിയതോടെ ശ്രീലങ്കന്‍ അധികൃതര്‍ ആദ്യം അനുമതി നല്‍കിയില്ല. പിന്നീട് അവര്‍ പച്ചക്കൊടി കാട്ടിയതോടെ 16ന് പ്രാദേശിക സമയം രാവിലെ 8:20ന് കപ്പല്‍ ലങ്കയുടെ തെക്കന്‍ തുറമുഖമായ ഹംബന്‍തോട്ടയിലെത്തി. 22/08/2022 പ്രാദേശിക സമയം വൈകുന്നേരം 4-ന് കപ്പല്‍ തുറമുഖത്തുനിന്ന് മടങ്ങുകയും ചെയ്തു.ശ്രീലങ്കയിലെ എക്സ്‌ക്ലൂസീവ് ഇക്കണോമിക് സോണിനുള്ളില്‍ ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷന്‍ സിസ്റ്റം ഓണാക്കി സൂക്ഷിക്കുമെന്നും ലങ്കന്‍ സമുദ്രാതിര്‍ത്തിയില്‍ നിരീക്ഷണം നടത്തില്ലെന്നുമുള്ള വ്യവസ്ഥയിലാണ് കപ്പലിന് ഓഗസ്റ്റ് 16 മുതല്‍ 22 വരെ കൊളംബോ തുറമുഖ പ്രവേശനം അനുവദിച്ചത്.ലങ്കന്‍ തുറമുഖത്തേക്കുള്ള യാത്രാമധ്യേ കപ്പലിന്റെ ട്രാക്കിങ് സംവിധാനങ്ങള്‍ ഉപയോഗിച്ച് ഇന്ത്യന്‍ പ്രതിരോധ സംവിധാനങ്ങളെ നിരീക്ഷിക്കുമെന്നായിരുന്നു ന്യൂഡല്‍ഹിയുടെ ആശങ്ക.

Share
അഭിപ്രായം എഴുതാം