വിഴിഞ്ഞം തുറമുഖ വികസനം; പ്രദേശവാസികളുടെ ന്യായമായ ആവശ്യങ്ങൾക്ക് മുൻഗണനയെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമ്മാണവുമായി ബന്ധപ്പെട്ട് പ്രദേശവാസികളുടെ ന്യായമായ ആവശ്യങ്ങൾക്ക് സർക്കാർ പ്രാധാന്യം നൽകുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. അടിസ്ഥാനവിഭാഗങ്ങളുടെ പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകുന്ന സർക്കാരാണിത്. തുറമുഖ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിൽ ഉയർന്നുവന്ന ആവശ്യങ്ങൾക്കും പ്രശ്‌നങ്ങൾക്കും സർക്കാർ പരിഹാരം കണ്ടിട്ടുണ്ട്. ചർച്ച ചെയ്ത് വികസന പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാനാണ് സർക്കാർ ശ്രമിക്കുന്നത്. പതിനായിരക്കണക്കിന് തൊഴിൽ അവസരം ഒരുക്കുന്ന പദ്ധതി പ്രദേശവാസികൾക്ക് സാങ്കേതികജ്ഞാനവും വൈദഗ്ധ്യവും പകർന്നു നൽകുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

തുറമുഖ പരിസരത്ത് കണ്ടെയ്‌നർ ഫ്രൈറ്റ് സ്റ്റേഷൻ ഉടൻ ആരംഭിക്കും. ഇതിൽ പതിനായിരത്തോളം പേർക്ക് തൊഴിൽ ലഭിക്കും. പ്രദേശവാസികൾക്ക് പദ്ധതി വലിയ തൊഴിൽ സാധ്യതയാണ് നൽകുന്നത്. പദ്ധതിക്കാവശ്യമായ വിദഗ്ധ തൊഴിലാളികളെ ലഭ്യമാക്കുന്നതിന് അസാപ്പിന്റെ നേതൃത്വത്തിൽ പ്രദേശവാസികൾക്ക് സൗജന്യ പരിശീലനം നൽകാൻ തീരുമാനമായിട്ടുണ്ട്.

അപകടത്തിൽപ്പെടുന്ന ബോട്ടുകൾക്ക് നഷ്ടപരിഹാരം ഉറപ്പാക്കുന്നതിനായി ഇതിനകം എല്ലാ ബോട്ടുകളെയും ഇൻഷുർ ചെയ്തു. കൂടാതെ ഹാർബറിലെ വലിയ തിരകൾ മൂലം ബോട്ടുകൾ അപകടത്തിൽപ്പെടുന്നത് ഒഴിവാക്കുന്നതിനായി ഡ്രഡ്ജിംഗ് നടത്തി. ഇവിടെ ഒരു പുതിയ പുലിമുട്ട് നിർമ്മിക്കുവാൻ തീരമാനിച്ചു. ഇതിനായി കേന്ദ്രസർക്കാറിന്റെ സി.ഡബ്ലിയു.പി.ആർ.എസ് പഠനം നടത്തി റിപ്പോർട്ട് അംഗീകരിച്ചിട്ടുണ്ട്.

മത്‌സ്യത്തൊഴിലാളികളുടെ പാർപ്പിട പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിനായി 1062 ഭവനരഹിതർക്ക് ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി വീട് നൽകുന്നതിനുള്ള ഗുണഭോക്തൃ ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്. ഓഖി ദുരന്തബാധിതരുടെ പുനരധിവാസം ഉടൻ നടപ്പിലാക്കും. ഇവർക്ക് കടലിന് സമീപത്ത് താമസിക്കാനാണ് താൽപര്യം. അതു കണക്കിലെടുത്ത് വലിയതുറയിൽ രണ്ടിടത്ത് സ്ഥലം കണ്ടെത്തിയിട്ടുണ്ട്. സാങ്കേതിക വശങ്ങൾ പരിശോധിച്ചശേഷം വകുപ്പുകളുമായി കൂടിയാലോചിച്ച് ഉടൻ പുനരധിവാസ നടപടികളിലേക്ക് കടക്കുമെന്ന് മന്ത്രി വിശദീകരിച്ചു.

ഇവിടെ നിലവിലുള്ള സി.എച്ച്.സി 100 കിടക്കകളുള്ള താലൂക്ക് ആശുപത്രിയായി ഉയർത്തി. ഇതിന് 10 കോടി രൂപ ചെലവഴിച്ചു. കൂടുതൽ സൗകര്യങ്ങളോടെ പബ്ലിക് ഹെൽത്ത് സെന്റർ നിർമ്മിക്കുന്നതിന് ഭൂമി കണ്ടെത്തിയിട്ടുണ്ട്. വിഴിഞ്ഞത്ത് പകൽവീട് നിർമ്മിക്കുന്നതിനായി ഫിഷറീസ് ഡിപ്പാർട്ട്‌മെന്റ് 1.8 കോടി രൂപയുടെ പ്രൊജക്ട് തയ്യാറാക്കിയിട്ടുണ്ട്. സ്ഥലം കണ്ടെത്തുന്നതിലേക്കുള്ള നടപടി ആരംഭിച്ചു. 22 കോടി രൂപ എ.ഡി.ബിയും വിസിൽ 26 കോടി രൂപയും ചെലവഴിച്ച് അസാപ്പിന്റെ ട്രെയിനിംഗ് സെന്റർ ആരംഭിച്ചു. കെട്ടിട നിർമ്മാണം പുരോഗമിക്കുന്നു. മാലിന്യ സംസ്‌കരണത്തിന്റെ ഭാഗമായി സ്വച്ഛ് ഭാരത് മിഷനിൽ ഉൾപ്പെടുത്തി എം.ആർ.എഫ് (മെറ്റീരിയൽ റിക്കവറി ഫെസിലിറ്റി സെന്റർ) ആരംഭിക്കുവാൻ ഒരു കോടിയുടെ പദ്ധതിക്ക് അനുമതി നൽകിയുട്ടുണ്ട്. ഭൂമി കണ്ടെത്തുന്നതിന് കോർപ്പറേഷൻ നടപടി സ്വീകരിച്ചു വരുന്നതായി മന്ത്രി പറഞ്ഞു.

കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണുന്നതിനായി 1.72 കോടി രൂപ ചെലവഴിച്ച് കോട്ടപ്പുറത്ത് 1000 വീടുകൾക്ക് സൗജന്യ കണക്ഷൻ നൽകി. വിഴിഞ്ഞത്ത് കളിസ്ഥലം നിർമ്മിക്കുന്നതിനായി ഹാർബറിൽ എച്ച്.ഇ.ഡിയുടെ രണ്ട് ഏക്കർ ഭൂമി നൽകാമെന്ന് സമ്മതിച്ചിട്ടുണ്ട്. ഇതിനായി സ്‌പോർട്‌സ് കൗൺസിൽ തയ്യാറാക്കിയ പ്രൊപ്പോസൽ സർക്കാർ പരിഗണനയിലാണ്. കട്ടമര തൊഴിലാളികളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് 107 ഗുണഭോക്താക്കളുടെ ലിസ്റ്റ് തയ്യാറാക്കിയതായും മന്ത്രി പറഞ്ഞു.

കരമടി തൊഴിലാളികളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് വിഴിഞ്ഞം സൗത്തിൽ 317 ഉം, അടിമലതുറയിൽ 625 ഉം ഉൾപ്പെടെ ആകെ 942 തൊഴിലാളികൾക്ക് 5.60 ലക്ഷം രൂപ വീതം 52.75 കോടി രൂപ നഷ്ടപരിഹാരം നൽകി. ചിപ്പി തൊഴിലാളികളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് 12.50 ലക്ഷം രൂപ വീതം 73 ചിപ്പി തൊഴിലാളികൾക്ക് 91.25 കോടി രൂപ വിതരണം ചെയ്തു. രണ്ട് വർഷക്കാലയളവിൽ 1221 പേരുടെ ഉടമസ്ഥതയിലുള്ള 2383 ബോട്ട് എൻജിനുകൾക്ക് ദിവസം നാലു ലിറ്റർ വീതം മണ്ണെണ്ണക്കായി 27.13 കോടി രൂപ നല്കി. ഈ പദ്ധതി ഒരു വർഷത്തേക്ക് കൂടി ദീർഘിപ്പിക്കുവാൻ തീരുമാനിച്ചിരിക്കുകയാണ്. ഇതിലേക്കായി 28 കോടി രൂപയും വകയിരുത്തുന്നുണ്ട്.

പൈലിംഗിന്റെ ഭാഗമായി തകരാറിലായ 243 വീടുകളുടെ അറ്റകുറ്റപ്പണികൾക്കായി 11 ലക്ഷത്തിന്റെ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ട്. തങ്ങൽ വള്ളം മേഖലയിൽ ജോലി ചെയ്യുന്ന 8 പേർ ഉൾക്കൊള്ളുന്ന 80 ഗ്രൂപ്പുകൾക്ക് 20 കോടി രൂപയുടെ പദ്ധതിയുടെ ഫീസിബിലിറ്റി പഠനം ഫിഷറീസ് ഡയറക്ടറേറ്റ് തയ്യാറാക്കിയിട്ടുണ്ടെന്ന്  മന്ത്രി പറഞ്ഞു.

Share
അഭിപ്രായം എഴുതാം