സ്വർണ ആഭരണം മോഷ്ടിച്ച കേസിൽ ഹോംനഴ്സ് അറസ്റ്റിലായി

കണ്ണൂർ സിറ്റി: ആദി കടലായിയിലെ രേഖയുടെ വീട്ടിൽ വൃദ്ധയെ പരിപാലിക്കാൻ എത്തിയ കുടക് സ്വദേശിയായ ഹോം നഴ്‌സ് വീട്ടിലെ 21 പവൻ സ്വർണ ആഭരണം മോഷ്ടിച്ച കേസിൽ അറസ്റ്റിലായി. പെന്നംപേട്ട അള്ളിക്കെട്ട് സീത കോളനിയിലെ കെ.ആർ.സൗമ്യ(33)ആണ് പിടിയിലായത്. കണിച്ചാറിലെ ഒരു വീട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തതെന്ന് കണ്ണൂർ സിറ്റി സിഐ കെ.കെ.രാജീവ് കുമാർ പറഞ്ഞു.

രേഖയുടെ ഭർതൃ മാതാവിനെ പരിപാലിക്കാൻ നിയോഗിച്ചതാണ് സൗമ്യയെ. 2022 മാർച്ച്‌ അവസാനവും ഏപ്രിൽ ആദ്യ ആഴ്ചയ്ക്കുള്ളിലുമാണ് ആഭരണങ്ങൾ നഷ്ടപ്പെട്ടത്. സൗമ്യയെ ചോദ്യം ചെയ്‌തെങ്കിലും അവർ നിഷേധിച്ചു. മെയ്‌ മാസത്തോടെ അവർ ജോലി മതിയാക്കി നാട്ടിലേക്ക് മടങ്ങുകയും ചെയ്തു. എന്നാൽ പൊലീസ് ആഴ്ചകളോളം രഹസ്യമായി കുടകിലെ വീടും പരിസരവും നിരീക്ഷിക്കാൻ തുടങ്ങി. ആഡംബര ജീവിതമായിരുന്നു അവരുടേതെന്നു കണ്ടത്തി.

ലോട്ടറി അടിച്ചുവെന്നാണ് അയൽവാസികളെയും മറ്റും സൗമ്യ വിശ്വസിപ്പിച്ചിരുന്നത്. വീട് പരിശോധിച്ചപ്പോൾ സ്വർണം പണയം വച്ച റസീറ്റുകളും മറ്റും കണ്ടെത്തി. തുടർന്ന് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തതോടെ മോഷ്ടിച്ചെന്നു സമ്മതിക്കുകയായിരുന്നു. എസ്‌ഐ എ.പി.രാജീവൻ, കെ.സ്‌നേഹേഷ്, വി.സജിത്ത്, കെ.കെ.ദീപ എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു

Share
അഭിപ്രായം എഴുതാം