വിമതനീക്കത്തില്‍ കാലിടറി ബോറിസ് രാജിവച്ചു

ലണ്ടന്‍: പാര്‍ട്ടിയിലെ വിമതനീക്കങ്ങളും മന്ത്രിമാരുടെ രാജിയും സൃഷ്ടിച്ച പ്രതിസന്ധിക്കൊടുവില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ രാജിവച്ചു. അധികാരത്തില്‍ തുടരാനുള്ള അവസാനശ്രമങ്ങളും പരാജയപ്പെട്ടതോടെയാണു പടിയിറക്കം. പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുംവരെ കാവല്‍ പ്രധാനമന്ത്രിയായി തുടരും.പുതിയ നേതൃത്വത്തിനു വഴിയൊരുക്കി പ്രധാനമന്ത്രിപദവും ടോറി പാര്‍ട്ടിയുടെ നേതൃത്വവും ഒഴിയുകയാണെന്നു രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് ബോറിസ് ജോണ്‍സണ്‍ (58) പ്രഖ്യാപിച്ചു.

യാഥാസ്ഥിതിക കക്ഷിയായ ടോറികള്‍ക്കു ഭൂരിപക്ഷമുള്ളതിനാല്‍ പാര്‍ട്ടിക്ക് അധികാരം നഷ്ടമാകില്ല. പാര്‍ട്ടിയിലെ വിമതപക്ഷത്തുനിന്നുള്ള നേതാവ് പ്രധാനമന്ത്രി ആയേക്കും. മുന്‍ ധനസെക്രട്ടറി ഋഷി സുനക്, വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ്, ആരോഗ്യ സെക്രട്ടറി സാജിദ് ജാവേദ്, ധനമന്ത്രി നദീം സഹാവി, ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേല്‍, മൈക്കല്‍ ഗോവ്, ജെറമി ഹണ്ട് തുടങ്ങിയവരാണ് പ്രധാനമന്ത്രിസ്ഥാനത്തിനായി രംഗത്തുള്ളത്.ബോറിസ് സര്‍ക്കാരിലെ ധനസെക്രട്ടറി ഇന്ത്യന്‍ വംശജനായ ഋഷി സുനകും ആരോഗ്യ സെക്രട്ടറി പാക് വംശജനായ സാജിദ് ജാവിദും ചൊവ്വാഴ്ച വൈകിട്ടു രാജിവച്ചതോടെയാണു വിമതനീക്കം ശക്തിപ്പെട്ടത്. ലൈംഗിക ആരോപണ വിധേയനായ ക്രിസ് പിഞ്ചറിനെ ഡപ്യൂട്ടി ചീഫ് വിപ്പായി നിയമിച്ചതില്‍ പ്രതിഷേധിച്ചും ബോറിസ് ജോണ്‍സന്റെ നേതൃത്വത്തില്‍ അവിശ്വാസം രേഖപ്പെടുത്തിയുമായിരുന്നു ഇരുവരുടെയും രാജി. പ്രതിസന്ധി മറികടക്കാന്‍ ബോറിസ് ജോണ്‍സന്‍ മന്ത്രിസഭയില്‍ അഴിച്ചുപണി നടത്തി ഏഷ്യന്‍ വംശജനായ നദീം സഹാവിയെ ഉള്‍പ്പെടെ മന്ത്രിമാരായി നിയമിച്ചിരുന്നു. എന്നാല്‍, പുതിയ മന്ത്രിമാരടക്കം കൂടുതല്‍പേര്‍ വിമതപക്ഷത്തേക്കു മാറിയതോടെ പിടിച്ചുനില്‍ക്കാനുള്ള ശ്രമങ്ങള്‍ പാളി. മന്ത്രിസഭയിലെ രണ്ടാമനായി അറിയപ്പെട്ടിരുന്നയാളാണ് ഋഷി സുനക്. ബ്രക്സിറ്റിലും കോവിഡ് പ്രതിസന്ധിയിലും ബോറിസിന് താങ്ങായത് ഋഷി സുനകും സാജിദ് ജാവേദുമായിരുന്നു. പഞ്ചാബില്‍നിന്നുള്ള ഋഷി സുനക് ഇന്‍ഫോസിസ് സ്ഥാപക ചെയര്‍മാന്‍ എന്‍.ആര്‍. നാരായണമൂര്‍ത്തിയുടെ മകള്‍ അക്ഷതയുടെ ഭര്‍ത്താവാണ്.

കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ കഴിഞ്ഞയാഴ്ച ബോറിസ് ജോണ്‍സനെതിരേ അവിശ്വാസവോട്ടെടുപ്പ് നടന്നെങ്കിലും അന്ന് ജോണ്‍സനായിരുന്നു വിജയം. 359 ടോറി എം.പിമാരില്‍ 211 പേര്‍ ബോറിസിനെ പിന്തുണച്ചപ്പോള്‍ 148 പേര്‍ ബോറിസിന് എതിരായി വോട്ടു ചെയ്തിരുന്നു.പുതിയ പ്രധാനമന്ത്രിയെ കണ്ടെത്താനുള്ള നടപടി അടുത്തയാഴ്ച തുടങ്ങുമെന്നു പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. എം.പിമാര്‍ക്കിടെ പലവട്ടം വോട്ടെടുപ്പ് നടത്തിയാണു പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നത്.

Share
അഭിപ്രായം എഴുതാം