പ്രമുഖ നടിയും അസോസിയേറ്റ് ഡയറക്ടറുമായ അംബികാ റാവു അന്തരിച്ചു.

കൊച്ചി: സിനിമാതാരം അംബികാ റാവു അന്തരിച്ചു. 27/06/22 തിങ്കളാഴ്ച രാത്രി പത്തരയോടെയായിരുന്നു അന്ത്യം. മലയാള സിനിമാ മേഖലയിൽ നടിയായും സഹസംവിധായകയായും അംബിക പ്രവർത്തിച്ചിട്ടുണ്ട്. കുമ്പളങ്ങി നൈറ്റ്സിലെ ബേബി മോളുടെ അമ്മയുടെ വേഷം അവതരിപ്പിച്ചത് അംബികാ റാവു ആയിരുന്നു. തൃശൂർ സ്വദേശിനിയായ അംബികാ റാവു വൃക്ക തകരാറിലായതിനെ തുടർന്ന് രണ്ടു വർഷക്കാലമായി ചികിത്സയിലായിരുന്നു.

അടുത്തിടെ കോവിഡ് ബാധിച്ചതിനെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 27/06/22 തിങ്കളാഴ്ച രാത്രി ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത കൃഷ്ണ ഗോപാല കൃഷ്ണ എന്ന ചിത്രത്തിലൂടെയായിരുന്നു അംബിക മലയാള സിനിമയിലേക്ക് എത്തുന്നത്. മീശമാധവൻ, അനുരാഗ കരിക്കിൻ വെള്ളം, വൈറസ് തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്.

തൊമ്മനും മക്കളും, സോൾട്ട് ആൻഡ് പെപ്പർ, രാജമാണിക്യം, വെള്ളിനക്ഷത്രം എന്നീ ചിത്രങ്ങളിൽ സഹസംവിധായികയായും പ്രവർത്തിച്ചിരുന്നു. 20 വർഷത്തോളമായി മലയാള സിനിമയിലെ അസിസ്റ്റൻറ് ഡയറക്ടറായും, അഭിനേത്രിയായും രംഗത്തുള്ള അംബിക തികച്ചും യാദൃശ്ചികമായാണ് സിനിമാരംഗത്ത് എത്തപ്പെട്ടത്. ഒരു സുഹൃത്തിന് വേണ്ടി ” യാത്ര” എന്ന സീരിയലിലെ കണക്കുകൾ നോക്കാൻ തുടങ്ങിയതാണ് തുടക്കം.

അവിടുന്ന് തന്റെ യഥാർത്ഥ കർമ്മ പഥം കണ്ടെത്തിയ അംബികക്ക് താങ്ങായി വന്നത് പ്രശസ്ത സംവിധായകനും, അഭിനേതാവുമായ ബാലചന്ദ്രമേനോൻ ആയിരുന്നു. തന്റെ കൂടെ ഒരു സഹസംവിധായികയായി കൂടെ കൂട്ടി. ” ദി കോച്ച് ” എന്ന അപരനാമധേയത്തിലാണ് അംബിക സെറ്റുകളിൽ അറിയപ്പെടുന്നത്. തൃശ്ശൂരിൽ തിരുവമ്പാടി ക്ഷേത്രത്തിനു സമീപം രാമേശ്വര ഭവനിൽ ആയിരുന്നു അംബിക താമസിച്ചിരുന്നത്. രാഹുൽ, സോഹൻ എന്നീ രണ്ട് മക്കളുണ്ട്.

Share
അഭിപ്രായം എഴുതാം