കറുത്ത വസ്ത്രം ധരിച്ച് വഴിയരികിലൂടെ പോയ ട്രാൻസ്ജെൻഡേഴ്‌സിനെ തടഞ്ഞു

കൊച്ചി: മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിൽ കറുത്ത മാസ്‌ക് ധരിച്ചവരെ വിലക്കിയതിന് പിന്നാലെ കലൂരിൽ വഴിയരികിലൂടെ കറുത്ത വസ്ത്രം ധരിച്ച് പോയ ട്രാൻസ്ജെൻഡേഴ്‌സിനെ തടഞ്ഞു. കലൂർ മെട്രോ സ്‌റ്റേഷനിലേക്ക് പോകുകയായിരുന്ന രണ്ട് ട്രാൻസ്‌ജെൻഡേഴ്‌സിനെയാണ് തടഞ്ഞത്‌. പ്രതിഷേധങ്ങളുടെ സാഹചര്യത്തിൽ പിണറായി വിജയൻ പൊതുചടങ്ങിൽ പങ്കെടുക്കുന്ന എറണാകുളത്ത് വൻ സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്.

കലൂർ ഭാഗത്ത് കൂടി നടക്കുമ്പോൾ വനിതാ പോലീസുകാർ എത്തി എവിടേക്ക് പോകുകയാണ് എന്ന് ചോദിച്ചു. മെട്രോ സ്‌റ്റേഷനിലേക്ക് ആണെന്ന് പറഞ്ഞപ്പോൾ കൊണ്ട് ചെന്നാക്കാം എന്ന് പറയുകയായിരുന്നു. കറുത്ത വസ്ത്രം ധരിച്ചതിനാലാകാം പോലീസ് അങ്ങനെ പറഞ്ഞതെന്നും ട്രാൻസ്‌ജെൻഡേഴ്‌സ് പറയുന്നു. മുഖ്യമന്ത്രി എത്തുന്നുവെന്ന കാരണത്താൽ കറുത്ത വസ്ത്രം ധരിക്കരുതെന്ന് പറയുന്നതെന്ത് ന്യായമാണെന്ന് ട്രാൻസ്‌ജെൻഡേഴ്‌സ് ചോദിക്കുന്നു.

ഇഷ്ടമുള്ള നിറത്തിലെ വസ്ത്രം ധരിക്കാൻ ഭരണഘടന സ്വാതന്ത്ര്യം നൽകുന്നുണ്ടെന്നും അത് ചോദ്യം ചെയ്യാൻ ഒരു ഭരണകൂടത്തിനും അവകാശമില്ലെന്നും അവർ പറയുന്നു.പോലീസ് ഇവരെ പിന്തുടർന്ന് വിവരം ചോദിച്ചതിലെ പ്രതിഷേധം വൈകാരികമായതോടെ പോലീസ് ഇടപെട്ട് ഇവരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. പിണറായി വിജയൻ എറണാകുളത്ത് വരുന്നു എന്ന് പറഞ്ഞ് മറ്റുള്ളവർക്ക് ജീവിക്കേണ്ടേയെന്നും പ്രതിഷേധത്തോടെ അവർ ചോദിച്ചു.

Share
അഭിപ്രായം എഴുതാം