തോക്ക് ഉപയോഗിക്കാൻ പൊതുജനങ്ങൾക്കും പരിശീലനം നൽകാൻ ഡിജിപിയുടെ ഉത്തരവ്

തിരുവനന്തപുരം: തോക്ക് ഉപയോഗിക്കാൻ പൊതുജനങ്ങൾക്കു പരിശീലനം നൽകും. ഹൈക്കോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവെന്ന് ഉന്നത പൊലീസ് വൃത്തങ്ങൾ പറഞ്ഞു. തോക്കുകൾക്ക് ലൈസൻസിന് അപേക്ഷിച്ചവർക്കും സ്വന്തമായി തോക്കുള്ളവർക്കും പരിശീലനത്തിൽ പങ്കെടുക്കാമെന്നാണ് ഡിജിപിയുടെ ഉത്തരവ്.

5,000 രൂപ ഫീസടച്ചാൽ 13 ദിവസമാണ് പരിശീലനം നൽകുന്നത്. തൃശൂർ പൊലീസ് അക്കാദമിയിലാകും ആയുധ പരിശീലനം. പരിശീലനത്തിൽ പങ്കെടുക്കുന്നവർ പണം അടച്ചാൽ വെടിയുണ്ടകൾ പൊലീസിൽ നിന്നും വാങ്ങാം. പരിശീലനം പൂർത്തിയാക്കിവർക്ക് പൊലീസ് സർട്ടിഫിക്കറ്റും നൽകും. റൈഫിൾ ക്ലബിലെ അംഗങ്ങൾക്കും പണമടച്ചാൽ പരിശീലനത്തിൽ പങ്കെടുക്കാം.

പരിശീലനത്തിൽ പങ്കെടുക്കുന്നവർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും തിരിച്ചറിയൽ രേഖകളും നിർബന്ധമാണ്. തോക്ക് ലഭിച്ചിട്ടുള്ള പലർക്കും ഉപയോഗിക്കാൻ അറിയില്ല. അതിനാൽ സുരക്ഷിതമായി ആയുധം ഉപയോഗിക്കാൻ പരിശീലനം നൽകണമെന്ന ഹൈക്കോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവ്.

പക്ഷെ ഉത്തരവിറങ്ങി മൂന്നുമാസം കഴിഞ്ഞിട്ടും ബറ്റാലിയനുകളിൽ പരിശീനം തുടങ്ങിയിട്ടില്ല. ഉത്തരവിലെ ഒരു അവ്യക്തത മാറ്റണമെന്ന് ബാറ്റാലിയൻ എഡിജിപി ആവശ്യപ്പെട്ടു. തോക്ക് ലൈസൻസിനായി അപേക്ഷിച്ചിരി ക്കുന്നവ‍ർക്കും പരിശീലനത്തിൽ പങ്കെടുക്കാമെന്ന് ഉത്തരവിൽ ഒരു ഭാഗത്ത് പറയുന്നു. എന്നാൽ സ്വന്തമായി തോക്കുള്ളവർക്ക് മാത്രമാകും പരിശീലനം നൽകുകയെന്ന് മറ്റൊരു നിബന്ധനയിൽ വ്യക്തമാക്കുന്നു. ഇതിൽ വ്യക്തത വരുത്തണമെന്നാണ് ആവശ്യം.

തദ്ദേശ സ്ഥാപനങ്ങൾക്ക് ഉപദ്രവകാരികളായ പന്നിയെ വെടിവയ്ക്കാൻ സർക്കാർ അനുമതി നൽകിയിരുന്നു. തോക്ക് ലൈസൻസുള്ളവരുണ്ടെങ്കിലും പരിശീലനം ലഭിച്ചവരില്ലെന്നതാണ് തദ്ദേശ സ്ഥാപനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നം. പൊലീസിന്റെ പുതിയ ഉത്തരവ് ഇത്തരക്കാർക്ക് ഉപയോഗപ്പെട്ടേക്കും. പരിശീലനം കിട്ടിയവർ ദുരുപയോഗം ചെയ്യുമോ എന്നുള്ള ആശങ്ക ഉയരുന്നുണ്ട്. പക്ഷെ തോക്ക് ലൈസൻസ് നൽകുന്നത് തന്നെ കർശനമായ ഉപാധികളോടെ ആയതിനാൽ ആശങ്ക വേണ്ടെന്ന് പൊലീസ് വിശദീകരിക്കുന്നു. എന്നാൽ പൊലീസ് പരിശീലനം ലഭിക്കുന്നവർ ആയുധങ്ങൾ ഉപയോഗിച്ച് മറ്റുള്ളവർക്ക് പരിശീലനം നൽകാനുള്ള സാധ്യതയുണ്ടോയെന്ന എന്ന പ്രശ്നം ബാക്കിയാണ്

Share
അഭിപ്രായം എഴുതാം