രാഹുലിനായുളള കാത്തിരിപ്പ്‌ അവസാനിപ്പിച്ച്‌ അച്ഛന്‍ രാജു ജീവനൊടുക്കി

ആലപ്പുഴ; പതിനേഴ്‌ വര്‍ഷങ്ങള്‍ക്കുമുമ്പ്‌ ആലപ്പുഴയില്‍ നിന്നും കാണാതായ രാഹുലിന്റെ അച്ഛന്‍ എ.കെ.രാജു ജീവനൊടുക്കി. ഭാര്യ മിനി വീട്ടിലുണ്ടായിരുന്നില്ല. താന്‍ ആത്മഹത്യ ചെയ്യാന്‍ പോവുകയാണെന്ന്‌ രാജു മിനിയെ വിളിച്ച്‌ അറിയിച്ചിരുന്നു. തുടര്‍ന്ന്‌ മിനി അയല്‍ക്കാരെ വിവരം അറിയിച്ചുവെങ്കിലും അവര്‍ എത്തിയപ്പോഴേക്കും രാജു തൂങ്ങി മരിച്ചിരുന്നു. രാജുവിന്റെ മൃതശരീരം ആശുപത്രിയിലേക്കുമാറ്റി.

ആലപ്പുഴ ആശ്രമം വാര്‍ഡില്‍ രാഹുല്‍ നിവാസില്‍ രാജു-മിനി ദമ്പതികളുടെ മകനായ രാഹുലിനെ കാണാതായിട്ട 17 വര്‍ഷം തികഞ്ഞിരുന്നു. വീടിനുസമീപത്തെ മഞ്ഞിപ്പുഴ മൈതാനത്ത്‌ ക്രിക്കറ്റ്‌ കളിച്ചുകൊണ്ടിരുന്ന രാഹുലിനെ അവിടെനിന്ന്‌ കാണാതാവുകയായിരുന്നു. 2005 മെയ്‌ 18നാണ്‌ സംഭവം . കാണാതാകുമ്പോള്‍ രാഹുല്‍ മൂന്നാംക്ലാസ്‌ വിദ്യാര്‍ത്ഥിയായിരുന്നു. ആലപ്പുഴ പോലീസും ക്രൈം ഡിറ്റാച്ച്‌മെന്റ്‌ സംഘവും അന്വേഷണം നടത്തിയിട്ടും ഒരു തുമ്പും കണ്ടെത്താനായിരുന്നില്ല. രാഹുലിന്റെ മുത്തച്ഛന്‍ ശിവരാമ പണിക്കരുടെ പരാതിയെ തുടര്‍ന്ന്‌ 2009 ല്‍ എറണാകുളം സിജെഎം കോടതി കേസ്‌ സിബിഐക്കുവിട്ടു. എന്നാല്‍ സിബിഐക്കും കേസില്‍ ഒന്നും കണ്ടെത്താനായില്ല.

കുഞ്ഞിനെ കാണാതാകുമ്പോള്‍ രാജു വിദേശത്തായിരുന്നു. മകനെ കാണാതായതോടെ ജോലി മതിയാക്കി നാട്ടില്‍ തിരിച്ചെത്തി. പിന്നീട്‌ ശാരീരിക അസ്വാസ്ഥ്യങ്ങള്‍ നേരിട്ടതിനെ തുടര്‍ന്ന്‌ ചികിതിസയിലായിരുന്നു. രാഹുലിനെ കാണാതായ ശേഷം രാജുമിനി ദമ്പതികള്‍ക്ക ഒരു പെണ്‍കുഞ്ഞ്‌ പിറന്നു. ശിവാനിയെന്നുപേരുളള ഈ പെണ്‍കുട്ടി ഇപ്പോള്‍ 9-ാംക്ലാസ്‌ വിദ്യാര്‍ത്ഥിനിയാണ്‌. കണ്‍സ്യൂമര്‍ഫെഡിന്റെ നീതി സ്റ്റോറില്‍ ജീവനക്കാരിയാണ്‌ മിനി.

Share
അഭിപ്രായം എഴുതാം