കുഞ്ഞിന്റെ കഴുത്തില്‍ കത്തിവച്ച്‌ ഒരച്ഛന്റെ പരാക്രമം

മലപ്പുറം : കോട്ടക്കല്‍ ചങ്കുവെട്ടിയില്‍ ആറുമാസം പ്രായമുളള കുഞ്ഞിന്റെ കഴുത്തില്‍ കത്തിവച്ച്‌ കൊലപ്പെടുത്തുമെന്ന ഭീഷണി മുഴക്കി പിതാവ്‌. കുഞ്ഞുമായി വീടിന്റെ മുകളില്‍ കയറിയ ഇയാള്‍ അഞ്ചര മണിക്കൂറാണ്‌ ആ നില തുടര്‍ന്നത്‌. പിന്നീട്‌ പോലീസെത്തി കീഴ്‌പ്പെടുത്തുകയായിരുന്നു. രാവിലെ ഏഴിനാണ്‌ ഇയാള്‍ കുഞ്ഞുമായി വീടിന്‌ മുകളില്‍ കയറിയത്‌. തുടര്‍ന്ന്‌ കുഞ്ഞിന്റെ കഴുത്തില്‍ കത്തിവച്ച്‌ കൊല്ലുമെന്ന്‌ ഭീഷണിപ്പെടുത്തുകയായിരുന്നു.

ബന്ധുക്കളും നാട്ടുകാരും അഗ്നിശമനസേനയും എത്തി അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. പിന്നീട്‌ ഭാര്യാപിതാവ്‌ വീടിന്‌ മുകളിലേക്ക്‌ കയറിച്ചെന്ന്‌ അനുരഞ്‌ജനം നടത്തിയതോടെയാണ്‌ കുഞ്ഞിനെ കൈമാറാന്‍ സമ്മതിച്ചത്‌. പിന്നാലെ പോലീസ്‌ എത്തി ഇയാളെ പിടികൂടുകയായിരുന്നു. തുടര്‍ന്ന്‌ അഗ്നിശമനസേനയുടെ സഹായത്തോടെ ഇയാളെ താഴേക്കിറക്കി. കുട്ടിയും പിതാവും സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്‌. ഇയാള്‍ക്ക്‌ മാനസിക അസ്വാസ്ഥ്യം ഉഉളളതായിട്ടാണ്‌ നിഗമനം.

Share
അഭിപ്രായം എഴുതാം