കെ.വി. തോമസിനെതിരെ നടപടിയെടുക്കാന്‍ എ.ഐ.സി.സിയോട് ശിപാര്‍ശ ചെയ്യും; അദ്ദേഹം സെമിനാറില്‍ പങ്കെടുക്കില്ലെന്നാണ് വിശ്വാസം: കെ. സുധാകരന്‍

തിരുവനന്തപുരം: പാര്‍ട്ടി നിര്‍ദേശം ലംഘിച്ച് സി.പി.ഐ.എം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി നടക്കുന്ന സെമിനാറില്‍ പങ്കെടുക്കുമെന്നറിയിച്ച കെ.വി. തോമസിനെതിരെ നടപടിയെടുക്കാന്‍ എ.ഐ.സി.സിയോട് ശിപാര്‍ശ ചെയ്യുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. കെ.വി. തോമസ് സെമിനാറില്‍ പങ്കെടുക്കില്ലെന്നാണ് ഇപ്പോഴും കരുതുന്നതെന്ന് സുധാകരന്‍ 07/04/22 വ്യാഴാഴ്ച പറഞ്ഞു.

കെ.വി. തോമസ് പുറത്തേക്ക് പോകരുതെന്നാണ് ഇപ്പോഴും തങ്ങളുടെ പ്രാര്‍ത്ഥന. കെ.വി. തോമസ് പാര്‍ട്ടിക്ക് പുറത്തേക്ക് പോകുന്നത് വലിയ നഷ്ടം തന്നെയാവുമെന്നും അദ്ദേഹം പറഞ്ഞു.

‘കെ.വി. തോമസ് മുതിര്‍ന്ന നേതാവാണ്. കെ.വി. തോമസിനെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രചരണ നടത്തുന്നവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് ഇന്നലെയും അദ്ദേഹത്തിന് ഉറപ്പുനല്‍കിയതാണ്,’ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

സെമിനാര്‍ ദേശീയ പ്രാധാന്യമുള്ളതാണെന്നാണ് കെ.വി. തോമസ് പറഞ്ഞത്. സെമിനാറില്‍ പങ്കെടുക്കുന്ന കാര്യം മുമ്പുതന്നെ സോണിയ ഗാന്ധിയേയും താരിഖ് അന്‍വറിനേയും അറിയിച്ചിരുന്നു. കേരളത്തിന് പുറത്ത് സി.പി.ഐ.എമ്മുമായി കൈകോര്‍ത്താണ് കോണ്‍ഗ്രസ് പോകുന്നത്.

മാര്‍ച്ചില്‍ യെച്ചൂരിയുമായി സംസാരിച്ചു. സെമിനാര്‍ ദേശീയ പ്രാധാന്യമുള്ളതാണ്, അതുകൊണ്ടാണ് പങ്കെടുക്കാന്‍ അനുമതി തേടിയത്. സമീപകാല തെരഞ്ഞെടുപ്പുകളൊന്നും കോണ്‍ഗ്രസിന് അനുകൂലമല്ല. രാഹുല്‍ ഗാന്ധിയടക്കം സി.പി.ഐ.എം യോഗങ്ങളില്‍ പങ്കെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Share
അഭിപ്രായം എഴുതാം