മോദി സ്റ്റോറി ഡോട്ട് ഇന്‍: മോദിയുടെ പ്രചോദനാത്മക ജീവിതം വിവരിക്കുന്ന വെബ്സൈറ്റുമായി ആരാധകര്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രചോദനാത്മകജീവിതം വിവരിക്കുന്ന പുതിയ വൈബ്സൈറ്റ് ആരംഭിച്ച് ആരാധകര്‍.മോദിയെ അടുത്തറിഞ്ഞിട്ടുള്ളവരുടെ വിവരണങ്ങളും സ്മരണകളുമാണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. മോദിയുമായി ബന്ധപ്പെട്ട അനുഭവങ്ങള്‍, ലേഖനങ്ങള്‍, ചിത്രങ്ങള്‍, ശബ്ദരേഖകള്‍, കത്തുകള്‍ തുടങ്ങിയവ ”മോദിസ്റ്റോറി ഡോട്ട് ഇന്‍” എന്ന സൈറ്റില്‍ ആര്‍ക്കും പങ്കുവയ്ക്കാം.സമൂഹത്തിന്റെ താഴേത്തട്ടില്‍നിന്ന് ഇന്ത്യന്‍ പ്രധാനമന്ത്രിപദം വരെയെത്തിയ മോദിയുടെ ജീവിതമാണ് സൈറ്റിന്റെ ഉള്ളടക്കം.

ദരിദ്രകുടുംബാംഗമായ ഒരു സ്വയംസേവകന്റെ വീട് ഒരിക്കല്‍ സന്ദര്‍ശിച്ചതും അവര്‍ തന്നെ റൊട്ടിക്കഷണവും ചെറിയൊരു കപ്പ് പാലും തന്ന് സല്‍ക്കരിച്ചതുമായ അനുഭവം 1980ല്‍ മോദി പങ്കുവച്ചത് ഗുജറാത്ത് സ്വദേശിയായ ഡോ. അനില്‍ റാവത്ത് സൈറ്റില്‍ സ്മരിക്കുന്നു. തനിക്കു തന്ന പാല്‍ ആ വീട്ടിലെ കുട്ടിക്കായി കരുതിവച്ചിരുന്നതാണെന്നു മനസിലാക്കിയ മോദി റൊട്ടിക്കഷണം മാത്രം ഭക്ഷിച്ച്, പാല്‍ മാറ്റിവച്ചു.
കുട്ടി ഒറ്റവലിക്ക് ആ പാല്‍ കുടിച്ചതുകണ്ട് കണ്ണുനിറഞ്ഞ നിമിഷം മുതലാണു സമൂഹത്തില്‍ കഷ്ടപ്പാടനുഭവിക്കുന്ന അവസാനത്തെ ആള്‍ക്കുേവണ്ടിയും പ്രവര്‍ത്തിക്കാന്‍ താന്‍ തീരുമാനിച്ചതെന്നു മോദി പറഞ്ഞു.
അടിയന്തരാവസ്ഥക്കാലത്ത് തന്നെ തിരക്കിവന്ന പോലീസുകാരില്‍നിന്ന് മോദി രക്ഷപ്പെട്ട കഥയാണു മറ്റൊന്ന്. ഒരു സര്‍ദാര്‍ജിയുടെ വേഷത്തില്‍ പുറത്തേക്കുപോകാന്‍ നില്‍ക്കുകയായിരുന്ന മോദിയോടുതന്നെയാണു പോലീസുകാരന്‍, നരേന്ദ്ര മോദിയുടെ വീട് തിരക്കിയത്.
അറിയില്ലെന്നും, ആ വീട്ടിലുള്ളവരോടു ചോദിക്കാനും പറഞ്ഞശേഷം മോദി ഒരു സ്‌കൂട്ടറില്‍ സഹോദരനൊപ്പം സ്ഥലംവിട്ടു. അന്ന് വേഷപ്രഛന്നനായ മോദിയെ തിരിച്ചറിയാന്‍ പോലീസുകാരനു മാത്രമല്ല, പരിചയക്കാര്‍ക്കുപോലും കഴിയുമായിരുന്നില്ലെന്ന് അനുഭവം പങ്കുവച്ച രോഹിത് അഗര്‍വാള്‍ ചൂണ്ടിക്കാട്ടുന്നു.

Share
അഭിപ്രായം എഴുതാം