പരപ്പനങ്ങാടിയില്‍ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ മര്‍ദ്ദിച്ചതായി പരാതി

മലപ്പുറം: മലപ്പുറം പരപ്പനങ്ങാടിയില്‍ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ മര്‍ദ്ദിച്ചതായി പരാതി. പരപ്പനങ്ങാടി കോ.ഓപ്പറേറ്റീവ് കോളേജ് വിദ്യാര്‍ഥി രാഹുലിന് മർദനത്തിൽ പരിക്കേറ്റു. കണ്ണിന് പരിക്കേറ്റ വിദ്യാര്‍ത്ഥി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി.‍ സീനിയര്‍ വിദ്യാര്‍ഥികള്‍ക്കെതിരെ പരപ്പനങ്ങാടി പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തു.

സീനിയര്‍ വിദ്യാര്‍ഥികള്‍ക്ക് ബഹുമാനം നല്‍കിയില്ലെന്ന് പറഞ്ഞായിരുന്നു മർദനമെന്നു പരപ്പനങ്ങാടി കോ.ഓപ്പറേറ്റീവ് കോളേജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി രാഹുൽ പറയുന്നു. സീനിയര്‍ വിദ്യാര്‍ഥികളായ നാല് പേര്‍ ബസ് സ്റ്റാന്‍റ് പരിസരത്തേക്ക് വിളിച്ചുകൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചു. ബൂട്ടിട്ട് കണ്ണിന് സമീപം ചവിട്ടി, എട്ടോളം സ്റ്റിച്ചുകളാണ് കണ്ണിനു താഴെയായിട്ടത്. ഇപ്പോള്‍ പരസഹായമില്ലാതെ നടക്കാൻ പോലുമാകാത്ത അവസ്ഥയിലാണെന്നും രാഹുൽ പറഞ്ഞു.

രാഹുലിനെ മർദിച്ച വിദ്യാര്‍ഥികളെ കോളേജ് അന്വേഷണവിധേയമായി സസ്‌പെന്‍റ് ചെയ്തു. രാഹുലിന്‍റെ പരാതിയിൽ ആക്രമണം നടത്തിയ വിദ്യാര്‍ഥികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പരപ്പനങ്ങാടി പൊലീസ് കേസെടുത്തു. ആക്രമണത്തിന് പിന്നാലെ വീട്ടില്‍ നിന്ന് മാറിയ സീനിയർ വിദ്യാര്‍ഥികളെ ഇനിയും കണ്ടെത്താനായിട്ടില്ല.

Share
അഭിപ്രായം എഴുതാം