ചെന്നൈ കോര്‍പ്പറേഷന്‍ ചരിത്രത്തില്‍ ആദ്യമായി മേയര്‍ സ്ഥാനത്തേക്ക് ദലിത് വനിത

ചെന്നൈ: ചെന്നൈ കോര്‍പ്പറേഷന്‍ ചരിത്രത്തില്‍ ആദ്യമായി മേയര്‍ സ്ഥാനത്തേക്ക് ദലിത് വനിത. ഈ വര്‍ഷത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനം പട്ടികജാതി വനിതകള്‍ക്കായി സംവരണം ചെയ്തതോടെയാണ് വിപ്ലവകരമായ മാറ്റത്തിന് വഴിവച്ചത്. തെരഞ്ഞെടുപ്പില്‍ ഡിഎംകെ 153 വാര്‍ഡുകളില്‍ വിജയിച്ച് ഭൂരിപക്ഷം നേടി. മേയറായി പ്രിയ രാജനെ ഡിഎംകെ നോമിനേറ്റ് ചെയ്തു. രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന മുനിസപ്പല്‍ കോര്‍പ്പറേഷനാണ് ചെന്നൈ കോര്‍പ്പറേഷന്‍. ബ്രിട്ടീഷ് കാലത്ത് 1688 സെപ്റ്റംബര്‍ 29നാണ് കോര്‍പ്പറേഷന്‍ നിലവില്‍ വരുന്നത്. അന്ന് തൊട്ട് ഇന്ന് വരെയുള്ള (333 വര്‍ഷം) ചരിത്രമാണ് പ്രിയ രാജനിലൂടെ തിരുത്തി കുറിക്കുന്നത്.

1957ല്‍ ചെന്നൈ കോര്‍പ്പറേഷനിലെ ആദ്യ വനിത മേയറായി താര സെറിയന്‍ തെരഞ്ഞെടുക്കപ്പെട്ടു. 1971 മുതല്‍ 1972 വരെ കാമാച്ചി ജയരാമന്‍ ചെന്നൈ മേയറായി സേവനമനുഷ്ഠിച്ചു. ഇവര്‍ രണ്ടു പേരുമാണ് പ്രിയക്ക് മുമ്പുള്ള വനിതകള്‍.

Share
അഭിപ്രായം എഴുതാം