എം.ജി സർവകലാശാലയിൽ മാർക്ക് ലിസ്റ്റിന് കൈക്കൂലി വാങ്ങിയ സംഭവം; പ്രതി എൽസിയെ 12 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

കോട്ടയം: എം.ജി സർവകലാശാലയിൽ മാർക്ക് ലിസ്റ്റിന് കൈക്കൂലി വാങ്ങിയ സംഭവം തിങ്കളാഴ്ച ചേരുന്ന സിൻഡിക്കേറ്റ് യോഗം ചർച്ച ചെയ്യും. അന്വേഷണത്തിനായി പ്രത്യേക സമിതിയെ സിൻഡിക്കേറ്റ് നിയോഗിച്ചേക്കും. വിജിലൻസും വിശദമായ അന്വേഷണം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. പ്രതി എൽസിയെ 12 ദിവസത്തേക്ക് റിമാൻഡ് ചെയ്തു എം.ബി.എ സർട്ടിഫിക്കറ്റ് ലഭിക്കാൻ ഒന്നര ലക്ഷത്തോളം രൂപ പരീക്ഷാ ഭവനിലെ ജീവനക്കാരിയായ എൽസി ആവശ്യപ്പെട്ടെന്നായിരുന്നു പരാതി.

അതുകൊണ്ട് തന്നെ സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനാണ് സർവകലാശാല ആലോചിക്കുന്നത്. കൂടുതൽ വിദ്യാർഥികളിൽ നിന്ന് ഇത്തരത്തിൽ കൈക്കൂലി വാങ്ങിയിട്ടുണ്ടോ എന്നതടക്കം അന്വേഷിക്കും. തിങ്കളാഴ്ച ചേരുന്ന സിൻഡിക്കേറ്റ് വിഷയം ചർച്ച ചെയ്യും. സംഭവം നടന്നതിന് പിന്നാലെ സർവകലാശാല ജീവനക്കാരിയെ അന്വേഷണ വിധേയമായി സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു.

പരീക്ഷയിൽ തോറ്റുവെന്ന് തെറ്റിദ്ധരിപ്പിച്ചാണ് എൽസി വിദ്യാർഥിനിയിൽ നിന്നും പണം ആവശ്യപ്പെട്ടതെന്നാണ് വിജിലൻസ് പറയുന്നത്. അതുകൊണ്ട് തന്നെ സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ വിജിലൻസും തീരുമാനിച്ചിട്ടുണ്ട്. മുന്‍പും ഇത്തരത്തിൽ ഇവർ കൈക്കൂലി വാങ്ങിയിരുന്നതായും വിജിലൻസിന് സംശയമുണ്ട്. മറ്റ് ജീവനക്കാർ ആരെങ്കിലും സമാനമായ രീതിയിൽ കൈക്കൂലി വാങ്ങിയിട്ടുണ്ടോ എന്നതടക്കം അന്വേഷിക്കും.

അതേസമയം കൈക്കൂലി വാങ്ങിയ ജീവനക്കാരി ജോലിയിൽ കയറിയതിനെതിരെയും സ്ഥാനക്കയറ്റം ലഭിച്ചതിനെതിരെയും ആക്ഷേപങ്ങൾ ഉയരുന്നുണ്ട്. താത്കാലിക ജീവനക്കാരിയായി 2009-2010 കാലയളവിലാണ് ഇവർ ജോലിയിൽ കയറിയത്. പിന്നീട് 2012ല്‍ ജോലി സ്ഥിരപ്പെടുകയായിരുന്നു.

Share
അഭിപ്രായം എഴുതാം