അർഹതപ്പെട്ട ആദരവ് കിട്ടുന്നില്ലെന്ന് തൃശൂർ മേയർ എംകെ വർഗീസ്

തൃശ്ശൂർ: മേയർ എന്ന നിലയിൽ അർഹമായ പരിഗണനയും ആദരവും കിട്ടുന്നില്ലെന്ന ആരോപണവുമായി വീണ്ടും തൃശ്ശൂർ മേയർ എം.കെ. വർഗ്ഗീസ്. ബോർഡിൽ ഫോട്ടോ ചെറുതായെന്ന് പറഞ്ഞ് പുങ്കുന്നം സർക്കാർ സ്‌കൂളിൽ വിദ്യാർഥികളെ ആദരിക്കുന്ന ചടങ്ങ് കഴിഞ്ഞ ദിവസം മേയർ ബഹിഷ്‌കരിച്ചിരുന്നു. ഈ വിവാദത്തിൽ മാദ്ധ്യമങ്ങളോട് പ്രതികരിക്കവെയാണ് സംസ്ഥാന സർക്കാർ പരിപാടികളിൽ ഉൾപ്പെടെ അർഹതപ്പെട്ട ആദരവ് കിട്ടുന്നില്ലെന്ന് എംകെ വർഗീസ് ആരോപിച്ചത്.

പുങ്കുന്നം സർക്കാർ സ്‌കൂൾ തൃശ്ശൂർ കോർപ്പറേഷൻ പരിധിയിലുള്ള സ്‌കൂളാണ്. എസ്.എസ്.എൽ.സി വിദ്യാർഥികളുടെ അവാർഡ് ദാന ചടങ്ങിലേക്ക് ക്ഷണിക്കാനായി സ്‌കൂൾ പ്രിൻസിപ്പൾ തന്നെ വന്നുകണ്ടിരുന്നു. ക്ഷണം സ്വീകരിക്കുയും ചെയ്തു. എന്നാൽ പരിപാടി സംബന്ധിച്ച് പിന്നീടുള്ള കാര്യങ്ങളൊന്നും തന്നെ അറിയിച്ചിട്ടില്ല. പരിപാടിയുടെ ബ്രോഷർ, ബോർഡ് എന്നിവ ഉൾപ്പെടെ സ്ഥാപിക്കുമ്പോൾ മേയറോട് ചോദിക്കണമെന്ന മര്യാദ കാണിക്കേണ്ടത് അവരുടെ ഉത്തരവാദിത്വമായിരുന്നു.

പരിപാടി നിശ്ചയിച്ച ദിവസം കൃത്യസമയത്തുതന്നെ സ്‌കൂളിലെത്തി. അപ്പോഴാണ് സ്‌കൂളിന് മുന്നിൽ സ്ഥാപിച്ച ബോർഡ് ശ്രദ്ധിച്ചത്. പരിപാടിയിൽ എംഎൽഎയെയാണ് ഉദ്ഘാടകനാക്കിയത്. നല്ല കാര്യമാണ്. അതിൽ യാതൊരു വിഷമവുമില്ല. എന്നാൽ ബോർഡിൽ എംഎൽഎയുടെ ഫോട്ടോ വലുതും മേയറായ തന്റെ ഫോട്ടോ ചെറുതുമായിരുന്നു. കോർപ്പറേഷൻ കൗൺസിലർമാരുടെ കൂട്ടത്തിൽ മേയറായ തന്റെ ഫോട്ടോ വെച്ചത് മാനസികമായി വിഷമുണ്ടാക്കി. പ്രോട്ടോക്കോൾ പ്രകാരം എംപിയും എംഎൽഎയുമെല്ലാം മേയറെക്കാൾ താഴെയുള്ളവരാണ്. തന്റെ കോർപ്പറേഷൻ പരിധിയിലുള്ള സ്‌കൂളിൽ പോലും തന്നെ അപമാനിക്കുന്ന തരത്തിലാണ് ബോർഡ് സ്ഥാപിച്ചത്. മനപൂർവ്വമാണ് ഇത്തരമൊരു അവസ്ഥയെന്ന് തോന്നി. ഇതൊന്നും ശരിരായ കീഴ്‌വഴക്കമല്ല. പ്രോട്ടോക്കോൾ ലംഘനമാണിത്. ഈ സാഹചര്യത്തിലാണ് ചടങ്ങ് ബഹിഷ്‌കരിക്കുന്നതായി സ്‌കൂൾ അധികൃതരെ അറിയിച്ചത്.

വർഗ്ഗീസ് എന്ന വ്യക്തിക്ക് ബഹുമാനമൊന്നും നൽകേണ്ട. എന്നാൽ മേയർ എന്ന പദവിയോട് ഇങ്ങനെയൊന്നും ചെയ്യാൻ പാടില്ല. പ്രോട്ടോക്കോൾ പ്രകാരമുള്ള ആദരവ് മേയർക്ക് നൽകണമെന്ന ആഗ്രഹമേ തനിക്കുള്ളു. സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസർക്ക് ഇക്കാര്യത്തിൽ കത്തയച്ചിട്ടുണ്ട്. അവർ ഇക്കാര്യത്തിൽ തീരുമാനമുണ്ടാക്കട്ടെ. സംസ്ഥാന സർക്കാർ പരിപാടികളിലും സ്ഥിരമായി തന്നെ വിശിഷ്ടാധിഥിയാക്കുകയാണ് ചെയ്യുന്നത്. കോർപ്പറേഷൻ പരിധിയിലെ പരിപാടിക്കും അധ്യക്ഷ പദവി കിട്ടേണ്ടത് തനിക്കാണ്. എന്നാൽ താൻ മുഖ്യാതിഥിയോ വിശിഷ്ടാതിഥിയോ ആയിരിക്കും. കാലങ്ങളായി ഇങ്ങനെയാണ് കാര്യങ്ങൾ. മറ്റുപലരും ഇതൊന്നും ചോദിച്ചിട്ടുണ്ടാകില്ല.

പ്രോട്ടോക്കോൾ പ്രകാരം ഡെപ്യൂട്ടി സ്പീക്കറുടെ അതേനിലയിലാണ് മേയർ. രാഷ്ട്രപതിയോ പ്രധാനമന്ത്രിയോ ആയാൽപോലും ഇവിടെ വന്നാൽ സ്വീകരിക്കേണ്ട ആൾ മേയറാണ്. പ്രോട്ടോക്കോൾ പ്രകാരം കാര്യങ്ങൾ ഇങ്ങനെയല്ലെങ്കിൽ അധികൃതർ തന്നെ ബോധ്യപ്പെടുത്തട്ടെ – മേയർ എംകെ വർഗ്ഗീസ് പറഞ്ഞു. പോലീസ് ഉദ്യോഗസ്ഥർ തനിക്ക് സല്യൂട്ട് നൽകാത്തത് പ്രോട്ടോക്കോൾ ലംഘനമാണെന്ന മേയർ വർഗ്ഗീസിന്റെ പരാതി നേരത്തെ വലിയ വിവാദമായിരുന്നു.

Share
അഭിപ്രായം എഴുതാം