ഇന്ത്യ- ന്യൂസിലന്‍ഡ് അവസാന മത്സരം ഇന്നു തുടങ്ങും

മുംബൈ: ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ക്രിക്കറ്റ് ടെസ്റ്റ് പരമ്പരയിലെ രണ്ടാമത്തേതും അവസാനത്തേതുമായ മത്സരം ഇന്നു തുടങ്ങും.
വിഖ്യാതമായ വാങ്കഡെ സ്റ്റേഡിയത്തില്‍ രാവിലെ 9.30 മുതലാണു മത്സരം. 2016 നു ശേഷം ആദ്യമായാണ് മുംബൈയില്‍ ഒരു ടെസ്റ്റ് നടക്കുന്നത്. 1988 ലാണ് ഇന്ത്യയും ന്യൂസിലന്‍ഡും തമ്മില്‍ ഇവിടെ വച്ച് അവസാനം ഏറ്റുമുട്ടിയത്.

ഇന്നത്തെ ടീം ഇന്ത്യ നായകന്‍ വിരാട് കോഹ്ലി അന്ന് മൂന്ന് വയസുകാരനായിരുന്നു. ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍ ജനിച്ചിട്ടില്ലായിരുന്നു. വാങ്കഡെയിലെ പിച്ച് പരമ്പരാഗതമായി ബൗണ്‍സ് നിറഞ്ഞതാണ്. പ്രതികൂല കാലാവസ്ഥ മത്സരത്തിന് ആശങ്കയാണ്. മഴ മൂലം താരങ്ങള്‍ ഇന്നലെ ഇന്‍ഡോറിലാണു പരിശീലിച്ചത്. നായകന്‍ വിരാട് കോഹ്ലി മടങ്ങിയെത്തിയത് ടീം ഇന്ത്യക്ക് ശരിക്കും ”തലവേദന”യായി. കാണ്‍പൂര്‍ ടെസ്റ്റിലെ താരമായ ശ്രേയസ് അയ്യര്‍, നിറംമങ്ങിക്കളിക്കുന്ന അജിന്‍ക്യ രഹാനെ, ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍ എന്നിവരില്‍ ഒരാള്‍ കോഹ്ലിക്കു വേണ്ടി മാറിക്കൊടുക്കേണ്ടി വരും. ഇഷാന്ത് ശര്‍മയ്ക്കു പകരം മുഹമ്മദ് സിറാജിനെ കളിപ്പിക്കുന്നതിനെ കുറിച്ചും ആലോചനയുണ്ട്.

29 ടെസ്റ്റിനിടെ മൂന്ന് അര്‍ധ സെഞ്ചുറികള്‍ മാത്രം നേടിയ രഹാനെ തെറിക്കുമെന്നാണു കരുതുന്നത്. വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയുടെ കഴുത്തിലെ നീര്‍ക്കെട്ട് മാറിയതിനാല്‍ പകരക്കാരനെ തേടേണ്ട.

സാധ്യതാ ടീം: ഇന്ത്യ- ശുഭ്മന്‍ ഗില്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, വിരാട് കോഹ്ലി (നായകന്‍), ശ്രേയസ് അയ്യര്‍, രവീന്ദ്ര ജഡേജ, വൃദ്ധിമാന്‍ സാഹ, ആര്‍. അശ്വിന്‍, അക്ഷര്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്.ഒരു പേസറെ കൂടി കളിപ്പിക്കാനുള്ള ഒരുക്കത്തിലാണു ന്യൂസിലന്‍ഡ്. ഓഫ് സ്പിന്നര്‍ വില്യം സോമര്‍വീലിനെ ഒഴിവാക്കി നീല്‍ വാഗ്നറിനെ കളിപ്പിക്കാന്‍ സാധ്യതയുണ്ട്.കെയ്ന്‍ വില്യംസണ്‍ തിരിച്ചെത്തുന്നതോടെ പേസര്‍ ടിം സൗത്തിക്ക് നായക ഭാരം ഒഴിയാം. ന്യൂസിലന്‍ഡ് ടീമിലെ ഇടംകൈയന്‍ സ്പിന്നര്‍ അജാസ് പട്ടേലിന് മാതാപിതാക്കളുടെ നാട്ടില്‍ കളിക്കാനുള്ള അവസരവും കൈവന്നു. കാണ്‍പൂര്‍ ടെസ്റ്റ് സമനിലയാക്കാന്‍ പൊരുതിയ ഇന്ത്യന്‍ വംശജന്‍ രാചിന്‍ രവീന്ദ്രയും മുംബൈയില്‍ കളിക്കുന്നുണ്ട്.

സാധ്യതാ ടീം: ന്യൂസിലന്‍ഡ്- വില്‍ യങ്, ടോം ലാതം, കെയ്ന്‍ വില്യംസണ്‍ (നായകന്‍), റോസ് ടെയ്ലര്‍, ഹെന്റി നികോള്‍സ്, ടോം ബ്ലണ്ടല്‍, രാചിന്‍ രവീന്ദ്ര, കെയ്ല്‍ ജാമിസണ്‍, ടിം സൗത്തി, നീല്‍ വാഗ്നര്‍, അജാസ് പട്ടേല്‍.രണ്ടാം ടെസ്റ്റിന് മുന്നോടിയായുള്ള വിരാട് കോഹ്ലിയുടെ വാര്‍ത്താ സമ്മേളനത്തില്‍ അന്തിമ ഇലവനെക്കുറിച്ച് ഒന്നും വ്യക്തമാക്കിയില്ല. സാഹചര്യം പരിഗണിച്ചാകും തീരുമാനമെന്നു കോഹ്ലി പറഞ്ഞു. മുംബൈയില്‍ ഇന്നലെയടക്കം മഴ പെയ്തിരുന്നു. അതുകൊണ്ടാണു സാഹചര്യം പരിഗണിച്ചു തീരുമാനിക്കുമെന്നു കോഹ്ലി പറഞ്ഞത്.

മുംബൈ ഇന്ത്യക്ക് മികച്ച ബാറ്റിങ് റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന മൈതാനമാണ്. ന്യൂസിലന്‍ഡിനോട് സമനില പങ്കിട്ടാലും ഇന്ത്യക്കു നാണക്കേടാകും.ആദ്യ മത്സരത്തിലെ ഇന്ത്യയുടെ പ്രകടനം വിലയിരുത്തിയ കോഹ്ലി ന്യൂസിലന്‍ഡിന്റെ ബാറ്റ്‌സ്മാന്‍മാരെ പ്രശംസിച്ചിരുന്നു. അജിന്‍ക്യ രഹാനെ, ചേതേശ്വര്‍ പൂജാര എന്നിവരുടെ മോശം ഫോമാണ് ടീമിന്റെ തലവേദന. രണ്ട് പേരും മികച്ച ടെസ്റ്റ് റെക്കോഡുകളുള്ള താരങ്ങളാണെങ്കിലും സമീപകാല പ്രകടനം വളരെ മോശമാണ്. രഹാനെയെ രണ്ടാം ടെസ്റ്റില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്നാണ് കൂടുതല്‍ പ്രമുഖരും അഭിപ്രായപ്പെട്ടത്. ഇന്ത്യന്‍ കോച്ച് രാഹുല്‍ ദ്രാവിഡ് രഹാനെയെ പിന്തുണക്കുന്ന നിലപാടാണു സ്വീകരിച്ചത്.

Share
അഭിപ്രായം എഴുതാം