മരണം 29 പിന്നിട്ടു, നൂറിലധികം പേര്‍ ഒലിച്ചുപോയി: പ്രളയകെടുതിയില്‍ ആന്ധ്ര

വിശാഖപട്ടണം: കനത്തമഴയിലും വെള്ളപ്പൊക്കത്തിലും ആന്ധ്രാപ്രദേശില്‍ മരണം 29 പിന്നിട്ടു. നൂറിലധികം പേര്‍ ഒലിച്ചുപോയി. റായല്‍സീമാ മേഖലയിലെ ചിറ്റൂര്‍, കടപ്പ, കുര്‍ണൂല്‍, അനന്തപ്പൂര്‍ ജില്ലകളിലാണ് പ്രളയക്കെടുതി രൂക്ഷം. ദേശീയ ദുരന്ത പ്രതികരണ സേനയുടെ കൂടുതല്‍ അംഗങ്ങളെ രക്ഷാപ്രവര്‍ത്തനത്തിനായി വിന്യസിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് ആരംഭിച്ച ശക്തമായ മഴ തുടരുകയാണ്. ചിറ്റൂരിലെ ലോകപ്രശസ്ത തീര്‍ഥാടന കേന്ദ്രമായ തിരുപ്പതിയില്‍ സ്ഥിതി അതീവഗുരുതരമാണ്.

ക്ഷേത്രനഗരിയിലെ എഴുപത് ശതമാനം പ്രദേശങ്ങളും വെള്ളത്തിലാണ്. പ്രിസദ്ധമായ തിരുപ്പതി വെങ്കടേശ്വര ക്ഷേത്രം, സമീപത്തെ കപീലേശ്വര ക്ഷേത്രം, ആജ്ഞനേയ ക്ഷേത്രം എന്നിവടങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമാണ്. മണ്ണിടിച്ചിലില്‍ റോഡ് തകര്‍ന്നതോടെ തിരുപ്പതിയിലേക്കുള്ള സന്ദര്‍ശനം തല്‍ക്കാലത്തേക്ക് വിലക്കി. വിവിധ സംസ്ഥാനങ്ങളില്‍നിന്നും എത്തിയ നൂറുകണക്കിന് തീര്‍ത്ഥാടകരാണ് കുടുങ്ങിയിരിക്കുന്നത്. ഹോട്ടലുകളിലും വഴിയിലും ഒറ്റപ്പെട്ട തീര്‍ത്ഥാടകരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. ക്ഷേത്രത്തിലേക്കുള്ള വൈകുണ്ഠം ക്യൂ കോംപ്ലക്സിലൂടെ കനത്ത വെള്ളപ്പാച്ചിലാണുണ്ടായത്. തിരുപ്പതിയുടെ പ്രാന്തപ്രദേശത്തുള്ള സ്വര്‍ണമുഖി നദി കരകവിഞ്ഞൊഴുകുകയാണ്. ജലസംഭരണികളും നിറഞ്ഞൊഴുകി. തിരുപ്പതിയിലേക്കുള്ള വിമാനങ്ങള്‍ െഹെദരാബാദിലേക്കും ബംഗളൂരുവിലേക്കും വഴിതിരിച്ചുവിട്ടു. കഴിഞ്ഞ ദിവസം കഡപ്പയില്‍ മൂന്നു ബസുകള്‍ ഒഴുക്കില്‍പ്പെട്ട് 12 പേര്‍ മരിച്ചിരുന്നു. ഇതില്‍ കാണാതായ 18 പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. അനന്തപ്പൂരിലെ കഡിരിയില്‍ പഴയ മൂന്നു നിലക്കെട്ടിടം തകര്‍ന്നു വീണ് മൂന്നു കുട്ടികളടക്കം അഞ്ചു പേര്‍ കൊല്ലപ്പെട്ടു.

Share
അഭിപ്രായം എഴുതാം