കോയമ്പത്തൂരിൽ പീഡനത്തിനിരയായ പ്ലസ് ടു വിദ്യാർഥിനി ആത്മഹത്യ ചെയ്തു; അധ്യാപകൻ അറസ്റ്റിൽ

കോയമ്പത്തൂർ: കോയമ്പത്തൂരിൽ പ്ലസ് ടു വിദ്യാർഥിനി പീഡനത്തിനിരയായി ആത്മഹത്യ ചെയ്ത കേസിൽ അധ്യാപകൻ അറസ്റ്റിൽ. നിരവധി തവണ അധ്യാപകൻ പീഡിപ്പിച്ചെന്ന് ആത്മഹത്യക്കുറിപ്പെഴുതി വെച്ച ശേഷമാണ് പെൺകുട്ടി ജീവനൊടുക്കിയത്.

സംഭവം മൂടിവെയ്ക്കാൻ ശ്രമിച്ച സ്‌കൂൾ മാനേജ്‌മെന്റിനെതിരെ നടപടി ആവശ്യപ്പെട്ട് വിദ്യാർഥി-വനിതാ സംഘടനകളുടെ സമരം തുടരുകയാണ്. കോയമ്പത്തൂർ ആർഎസ്പുരത്തെ സാമി കോളനിയിലെ സ്വകാര്യ സ്‌കൂളിലെ ഫിസിക്‌സ് അധ്യാപകൻ മിഥുൻ ചക്രവർത്തിയാണ് പോക്‌സോ കേസിൽ അറസ്റ്റിലായത്. സ്‌പെഷ്യൽ ക്ലാസിനെന്ന പേരിൽ വിളിച്ചുവരുത്തി നിരവധി തവണ പീഡിപ്പിച്ചുവെന്നാണ് ആത്മഹത്യാക്കുറിപ്പ്.

അധ്യാപകനടക്കം രണ്ടുപേരുടെ പേരെഴുതി വെച്ച് കഴിഞ്ഞ വ്യാഴാഴ്ചയാണ് പെൺകുട്ടി ജീവനൊടുക്കിയത്. ആത്മഹത്യാക്കുറിപ്പിലുള്ള രണ്ടാമത്തെയാൾക്കായി പൊലീസ് തെരച്ചിൽ ഊർജിതമാക്കി.

നാല് മാസം മുൻപ് പീഡന വിവരം സ്‌കൂൾ മാനേജ്‌മെന്റിനെ വിദ്യാർഥിനി അറിയിച്ചതിനെ തുടർന്ന് അധ്യാപകനെ സസ്‌പെൻസ് ചെയ്തിരുന്നു. തുടർന്ന് പെൺകുട്ടി മറ്റൊരു സ്‌കൂളിലേക്ക് മാറിയിരുന്നുവെങ്കിലും കടുത്ത മാനസിക സംഘർഷം അനുഭവിച്ചിരുന്നുവെന്ന് കുടുംബം പറയുന്നു.

സ്‌കൂൾ പ്രിൻസിപ്പാളിനും മാനേജ്‌മെന്റിനുമെതിരെ നടപടി ആവശ്യപ്പെട്ട് എസ്എഫ്‌ഐ, ജനാധിപത്യ മഹിളാ അസോസിയേഷൻ, ദ്രാവിഡർവിടുതലൈ കഴകം, തന്തൈ പെരിയാർ ദ്രാവിഡർ കഴകം എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം.

Share
അഭിപ്രായം എഴുതാം