രാജ്യത്ത് ഇന്റർനെറ്റ് ഉപയോഗത്തിന് പുതിയ നിയമ നിർമാണത്തിനൊരുങ്ങി കേന്ദ്ര സർക്കാർ: പുതിയ ഡിജിറ്റൽ നിയമങ്ങൾ കൊണ്ടുവരുമെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ

ന്യൂഡൽഹി: രാജ്യത്ത് ഇന്റർനെറ്റ് ഉപയോഗത്തിന് പുതിയ ഡിജിറ്റൽ നിയമങ്ങൾ കൊണ്ടുവരുമെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. നിലവിലെ ഐടി നിയമങ്ങൾ പൊളിച്ചെഴുതാനാണ് കേന്ദ്ര സർക്കാർ തീരുമാനം. ഇന്റർനെറ്റ് ഉപയോഗിത്തിനും സമൂഹമാദ്ധ്യമങ്ങളിലെ ഇടെപടലിനും മാർഗനിർദ്ദേശങ്ങൾ ഉണ്ടാകും. ഇത് സംബന്ധിച്ച് ജനങ്ങളുടെ അഭിപ്രായങ്ങൾ അറിഞ്ഞ ശേഷം കരട് തയ്യാറാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്റർനെറ്റ് ഉപയോഗത്തിൽ തുല്യത, സുരക്ഷ, വിശ്വാസം എന്നിവ ഉറപ്പാക്കുന്നതാകും പുതിയ നിയമമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. രാജ്യത്തെ ജനങ്ങളുടേയും പ്രൊഫഷണലുകളുടേയും അഭിപ്രായങ്ങളും നിർദേശങ്ങളും കൂടി പരിഗണിച്ചാകും ഇത് നടപ്പിലാക്കുക.

സമൂഹമാദ്ധ്യമങ്ങൾ പൗരന്മാരുടെ മൗലികാവകാശങ്ങൾ ലംഘിക്കരുത്. ഇടനിലക്കാർ ഉപയോക്താക്കളോട് വിശ്വാസയോഗ്യമായിരിക്കണം. ചില നിയമങ്ങൾ ഇനിയും നിലവിൽ വരാനുണ്ട്. നിയമരൂപീകരണത്തിന്റെ ആദ്യപടിയായി സംസ്ഥാനങ്ങളിലെ ഐടി വകുപ്പ് മന്ത്രിമാരുടെ യോഗം വിളിക്കും. 2022 ഓടെ നിയമരൂപീകരണത്തിനുള്ള നടപടികൾ പൂർത്തിയാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

രാജ്യത്ത് സമൂഹമാദ്ധ്യമങ്ങളുടെ ദുരുപയോഗം യുവാക്കൾക്കിടയിൽ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ നിയമനിർമ്മാണത്തിന് ഒരുങ്ങുന്നത്.

Share
അഭിപ്രായം എഴുതാം