നോൺ ഹലാൽ ഹോട്ടൽ ആക്രമണ സംഭവത്തിന് പുതിയ വഴിത്തിരിവ്: വർഗീയ കലാപം ഉണ്ടാക്കാനുള്ള ആസൂത്രിതശ്രമം; മെനഞ്ഞ് പ്രചരിപ്പിക്കുന്നത് നുണക്കഥയെന്ന് പൊലീസ്

കൊച്ചി: കൊച്ചിയിലെ ഹോട്ടലിൽ ‘നോണ്‍ ഹലാല്‍’ ബോര്‍ഡ് വച്ചതിനും പന്നിയിറച്ചി വിളമ്പിയതിനും വനിതാ സംരഭക ആക്രമിക്കപ്പെട്ടെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത തെറ്റെന്ന് വ്യക്തമായി.

വർഗീയ വിദ്വേഷം വളർത്തുന്ന രീതിയിൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തയ്ക്ക് യാഥാർത്ഥ്യവുമായി യാതൊരു ബന്ധവുമില്ലെന്ന രീതിയിലുള്ള റിപ്പോർടുകളാണ് പുറത്തു വരുന്നത്.

കെട്ടിട തർക്കത്തെ തുടർന്നുണ്ടായ സംഭവങ്ങൾക്ക് വർഗീയ മുഖം നൽകുകയായിരുന്നു എന്നാണ് വ്യക്തമാകുന്നത്.

പുതുതായി തുടങ്ങുന്ന ഹോട്ടലിൽ ‘നോൺ ഹലാൽ’ ഭക്ഷണങ്ങൾ ലഭ്യമാകും എന്ന ബോർഡ് വച്ചതിനെ തുടർന്ന് തന്നെ ‘ജിഹാദികളായ ‘ രണ്ടു പേർ ശാരീരികമായി ആക്രമിച്ചു എന്ന പരാതിയുമായി സാമൂഹ്യ മാധ്യമത്തിൽ തുഷാര അജിത്ത് എന്ന സംരംഭക വീഡിയോ പോസ്റ്റ് ചെയ്യുകയും ഇക്കാര്യം സൈബർ രംഗത്തെ ചില സംഘപരിവാർ അനുയായികൾ ഏറ്റെടുക്കുകയുമായിരുന്നു.

എന്നാൽ തുഷാരയും സംഘവും കാക്കനാട്ടെ വര്‍ഗീസ് എന്നയാളുടെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഡെയിന്‍ റെസ്റ്റൊ കഫേ നടത്തുന്ന ബിനോജ്, നകുല്‍ എന്നിവരെ ആക്രമിക്കുകയും വെട്ടിപരിക്കേല്‍പ്പിക്കുകയുമായിരുന്നൂവെന്നാണ് പൊലീസ് പറയുന്നത്.

ഇവരുടെ പരാതിയില്‍ തുഷാരയ്ക്കും സംഘത്തിനുമെതിരെ ഇന്‍ഫോ പാര്‍ക്ക് പൊലീസ് കേസെടുത്തിട്ടുണ്ട്.

സംഭവത്തിൽ യുവാക്കൾ പറയുന്നത് ഇങ്ങനെ :

സംഭവവുമായി ബന്ധപ്പെട്ട് കഫേ നടത്തിപ്പുകാരായ യുവാക്കൾ എറണാകുളത്ത് വാർത്താ സമ്മേളനം വിളിച്ചു ചേർത്തിരുന്നു.

‘തങ്ങളുടെ കഫേ പ്രവര്‍ത്തിക്കുന്നത് വാടക കെട്ടിടത്തിലായിരുന്നു. കെട്ടിടത്തിന്റെ യഥാർത്ഥ ഉടമയിൽ നിന്നും കെട്ടിടം വാടകയ്ക്കെടുത്ത എറണാകുളം സ്വദേശികളായ ദമ്പതികൾ തങ്ങൾക്ക് ഇത് പാട്ടത്തിനു നൽകുകയായിരുന്നു.

തങ്ങൾക്കു വാടകയ്ക്കു തരുമ്പോൾ മറ്റൊരാളാണ് യഥാർത്ഥ ഉടമയെന്ന് ഈ ദമ്പതികൾ തങ്ങളോടു പറഞ്ഞിരുന്നില്ല. പിന്നീടാണ് ഈ വസ്തുത തങ്ങൾ മനസ്സിലാക്കുന്നത്.

കെട്ടിട നമ്പറടക്കം മുനിസിപ്പൽ ലൈസൻസിനു വേണ്ടതായ രേഖകൾ ഇവർ തങ്ങൾ പലതവണ ആവശ്യപ്പെട്ടിട്ടും തന്നിരുന്നില്ല. ലക്ഷക്കണക്കിനു രൂപ കഫേയ്ക്കു വേണ്ടി ചിലവിട്ടതിനു ശേഷമാണ് തങ്ങൾ വഞ്ചിക്കപ്പെട്ടതായി തിരിച്ചറിഞ്ഞത്.

ഇതിന്റെ പേരിൽ തർക്കം നിലനിൽക്കുന്ന സാഹചര്യത്തിലാണ് പെട്ടന്നൊരു ദിവസം തുഷാര അജിത്ത് എന്ന സ്ത്രീയും അവരുടെ ഭർത്താവെന്ന് പരിചയപ്പെടുത്തിയ ഒരാളും മറ്റു ചിലരും പ്രത്യക്ഷപ്പെടുന്നത്. തങ്ങൾക്കു കെട്ടിടം വാടകയ്ക്കു തന്ന ദമ്പതികൾ നോക്കി നടത്തിപ്പിനായി ഇപ്പോൾ തന്നെയാണ് ഏൽപിച്ചിരിക്കുന്നത് എന്നാണ് തുഷാര അജിത്ത് അവകാശപ്പെട്ടത്.

കഫേയ്ക്ക് മുന്നില്‍ വെച്ചിരുന്ന പാനിപ്പൂരിയുടെ വണ്ടിയും മറ്റു ചില സാധനങ്ങളും എടുത്തുമാറ്റി തുഷാര പ്രകോപനം സൃഷ്ടിക്കുകയായിരുന്നു. ഇതു ചോദ്യം ചെയ്തതിന്റെ പേരിലായിരുന്നു മർദനം. ‘തുഷാരയ്‌ക്കൊപ്പമുണ്ടായിരുന്നവര്‍ നകുലിന്റെ കാലിനും കൈക്കും വെട്ടി പരിക്കേല്‍പ്പിച്ചു. ഇദ്ദേഹം ചികിത്സയിലാണ്.

നകുലിന് വെട്ടേൽക്കുകയും കൂടെയുണ്ടായിരുന്ന ബിനോജിന് ക്രൂരമായ മർദനമേൽക്കുകയും ചെയ്ത സാഹചര്യത്തിൽ ‘നോൺ ഹലാൽ ‘ ബോർഡാണ് പ്രശ്നമായത് എന്ന് ബോധപൂർവം പ്രചരിപ്പിക്കുകയായിരുന്നു എന്നാണ് വെളിവാകുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് കൊച്ചി പൊലീസ് കമ്മീഷണറേറ്റ് വാർത്താക്കുറിപ്പ് പുറത്തിറക്കിയിരുന്നു. തുഷാര നന്ദു എന്ന സ്ത്രീയും ഭർത്താവ് അജിത്തും കൂട്ടാളികളും ചേർന്ന് നടത്തിയ സംഘടിത ആക്രമാണിതെന്ന് കമ്മീഷണറേറ്റ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.

പോലീസിന്റെ വാർത്താക്കുറിപ്പിലെ പ്രധാന ഭാഗങ്ങൾ:

‘തുഷാരയുടെ ഭർത്താവായി പറയപ്പെടുന്ന അജിത്ത് ചേരാനല്ലൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഇംതിയാസ് കൊലപാതക കേസുൾപ്പടെ നിരവധി കേസുകളിൽ പ്രതിയാണ്. കൂടാതെ അജിത്തിനൊപ്പം ഉണ്ടായിരുന്ന അപ്പു എന്നയാളും നിരവധി കേസുകളിലെ പ്രതിയാണ്. അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ ബിനോജ് ജോർജ് ശസ്ത്രക്രിയയെ തുടർന്ന് ഇപ്പോഴും ചികിത്സയിലാണ്.

തുഷാര നന്ദു എന്ന സ്ത്രീ തന്റെ കടയുടെ മുൻപിൽ നോൺ ഹലാൽ ബോർഡ് സ്ഥാപിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണം എന്നത് നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. ഫുഡ് കോർടിന്റെ ഉടമസ്ഥതയും നടത്തിപ്പും സംബന്ധിച്ച് നിരവധി സിവിൽ കേസുകൾ നിലവിലുണ്ട്. തുഷാരയ്ക്ക് മാധ്യമ ശ്രദ്ധ ലഭിക്കുന്നതിനും കേസിന്റെ അന്വേഷണം തടസപ്പെടുത്തുന്നതിനും വേണ്ടി മാത്രം ഉണ്ടാക്കിയ നുണക്കഥയാണ് ഇത് ‘

Share
അഭിപ്രായം എഴുതാം