കാണാതായ നാടോടി ബാലന്റെ മൃതദേഹം തോട്ടില്‍ കണ്ടെത്തി

കൊട്ടാരക്കര: നെല്ലിക്കുന്നത്ത്‌ തോട്ടില്‍ വീണ്‌ കാണാതായ നാടോടി ബാലന്റെ മൃതദേഹം കണ്ടെത്തി. മൈസൂര്‍ സ്വദേശികളായ വിജയന്‍-ചിങ്കു ദമ്പതികളുടെ മകനായ രാഹുല്‍ (3) ആണ്‌ മരിച്ചത്‌. 2021 ഒക്ടോബര്‍ 15 വെളളിയാഴ്‌ച രാത്രി 10 മണിയോടെയാണ്‌ രാഹുലിനെ കാണാതായത്‌.

നെല്ലിക്കുന്നത്ത്‌ എത്തിയ നാടോടിസംഘം മൂന്നുകടത്തിണ്ണകളിലായിട്ടാണ്‌ കഴിഞ്ഞിരുന്നത്‌. രാത്രിയില്‍ ഇവര്‍ തമ്മില്‍ വഴക്കുണ്ടായിരുന്നു. അതിനുശേഷമാണ്‌ കുട്ടിയെ കാണാതായത്‌. രാഹുല്‍ തോടിന്‌ സമീപത്തേക്ക്‌ നടക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന്‌ ലഭിച്ചിരുന്നു. തുടര്‍ന്ന രാത്രിയും പകലുമായി ഫയര്‍ഫോഴ്‌സും പോലീസും കൊല്ലത്തുനിന്നുളള സ്‌കൂബ ടീമും നാട്ടുകാരും തെരച്ചില്‍ നടത്തി. ഒക്ടോബര്‍ 18ന്‌ രാവിലെ ഏഴരയോടെയാണ്‌ ഓണവട്ടം കട്ടയില്‍ ഭാഗത്തായി തോട്ടില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്‌.

തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക വിട്ടുകൊടുത്തു. കൊട്ടാരക്കര പോലീസ്‌ കേസെടുത്തു. നിര്‍ത്താതെ പെയ്‌ത മഴയില്‍ നെല്ലിക്കുന്നം തോട്ടില്‍ കുത്തൊഴുക്കായിരുന്നു. കുഞ്ഞ്‌ ഇതിലേക്ക് കാല്‍ വഴുതി വീണതാകാമെന്നാണ്‌ പോലീസ്‌ നിഗമനം.15 വര്‍ഷം മുമ്പും ഇവിടെ നാടോടി ബാലന്‍ തോട്ടില്‍ വീണ്‌ മരിച്ചിരുന്നു.

Share
അഭിപ്രായം എഴുതാം