കര്‍ഷകരുടെ കൊലപാതകം ഹിന്ദു-സിഖ് സംഘര്‍ഷമാക്കാന്‍ നോക്കരുതെന്ന് വരുണ്‍ ഗാന്ധി

ന്യൂഡല്‍ഹി: ലഖിംപൂര്‍ സംഘര്‍ഷം ഹിന്ദു-സിഖ് സംഘര്‍ഷമാക്കാന്‍ നോക്കരുതെന്ന് ബി.ജെ.പി എം.പി വരുണ്‍ ഗാന്ധി. ഇത്തരത്തിലുള്ള തെറ്റായ വാദങ്ങള്‍ നടത്തി വീണ്ടും അപകടകരമായ ഒരു അവസ്ഥ ഉണ്ടാക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ലഖിംപൂര്‍ ഖേരിയെ ഹിന്ദു-സിഖ് യുദ്ധമാക്കി മാറ്റാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും ഇത് തെറ്റായ ആഖ്യാനം മാത്രാണെന്നും വരുണ്‍ ഗാന്ധി പറഞ്ഞു.

ഒരു തലമുറയെടുത്ത് ഉണങ്ങിയ മുറിവുകള്‍ ഇത്തരം തെറ്റായ കാര്യങ്ങള്‍ പറഞ്ഞ് വീണ്ടും ഉണ്ടാക്കുന്നത് അപകടകരമാണെന്നും ദേശീയ ഐക്യത്തിന് മുകളിലായി രാഷ്ട്രീയ നേട്ടങ്ങള്‍ ഉണ്ടാക്കരുതെന്നും അദ്ദേഹം പറഞ്ഞു.

കാര്‍ഷിക നിയമത്തിനെതിരേയും ലഖിംപൂര്‍ ഖേരി കൂട്ടക്കൊലയ്ക്കെതിരേയും വരുണ്‍ ഗാന്ധി കഴിഞ്ഞ ദിവസങ്ങളില്‍ നിരന്തരം പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു. പ്രതിഷേധിക്കുന്ന കര്‍ഷകരെ കൊല ചെയ്ത് നിശബ്ദരാക്കാമെന്ന് കരുതേണ്ടെന്നാണ് വരുണ്‍ പറഞ്ഞത്.

Share
അഭിപ്രായം എഴുതാം