10,000 റണ്ണും 300 വിക്കറ്റും: പൊളിയായി പൊള്ളാഡ്

അബുദാബി: ഐ.പി.എല്‍. ട്വന്റി20 ക്രിക്കറ്റില്‍ 10,000 റണ്ണും 300 വിക്കറ്റുമെടുക്കുന്ന ആദ്യ താരമെന്ന നേട്ടം മുംബൈ ഇന്ത്യന്‍സിന്റെ ഓള്‍റൗണ്ടര്‍ കെയ്റോണ്‍ പൊള്ളാഡിന്.പഞ്ചാബ് കിങ്സിനെതിരേ ഷെയ്ഖ് സയദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിണിടെയാണു പൊള്ളാഡ് 300 വിക്കറ്റ് തികച്ചത്. വെസ്റ്റിന്‍ഡീസ് താരമെറിഞ്ഞ ഏഴാം ഓവറില്‍ ക്രിസ് ഗെയ്ലിനെ പുറത്താക്കി 299 -ാം വിക്കറ്റ് സ്വന്തമാക്കി. അതേ ഓവറില്‍ തന്നെ പഞ്ചാബ് നായകന്‍ ലോകേഷ് രാഹുലിനെയും പുറത്താക്കി 300 തികച്ചു.

ഡ്വെയ്ന്‍ ബ്രാവോ (546), ഇമ്രാന്‍ താഹിര്‍ (420), സുനില്‍ നരേന്‍ (416), ലസിത് മലിംഗ (390), റാഷിദ് ഖാന്‍ (387), ഷാക്കിബ് അല്‍ ഹസന്‍ (385), സൊഹൈല്‍ തന്‍വീര്‍ (375), വഹാബ് റിയാസ് (35), ഷാഹിദ് അഫ്രീഡി (344), ആന്ദ്രെ റസല്‍ (340) എന്നിവരാണു ട്വന്റി20 യിലെ വിക്കറ്റ് വേട്ടയില്‍ മുമ്പന്‍മാര്‍. റണ്‍ വേട്ടക്കാരില്‍ ക്രിസ് ഗെയ്ലാണു മുന്നില്‍. 439 ഇന്നിങ്സുകളിലായി 14,275 റണ്ണെടുക്കാന്‍ ഗെയ്ലിനായി. 500 ഇന്നിങ്സുകളിലായി 56 അര്‍ധ സെഞ്ചുറികളോടെ 11,000 റണ്ണെടുത്ത പൊള്ളാഡ് രണ്ടാമനാണ്. മുംബൈക്കു വേണ്ടി 175 മത്സരങ്ങളില്‍നിന്ന് 3000 റണ്ണും 65 വിക്കറ്റുകളുമെടുത്തു.

Share
അഭിപ്രായം എഴുതാം