തൃശൂർ: പ്രശസ്ത ബാലസാഹിത്യകാരി സുമംഗല (ലീല അന്തർജനം) അന്തരിച്ചു. 88 വയസായിരുന്നു. ഓട്ടുപാറയിലെ വസതിയിൽ ഇന്ന് വൈകീട്ടായിരുന്നു അന്ത്യം. ചെറുകഥകൾക്കും നോവലുകൾക്കും പുറമെ കുട്ടികൾക്കുവേണ്ടി അൻപതോളം കഥകളും ലഘുനോവലുകളും രചിച്ചിട്ടുണ്ട്.
1934ൽ ഒളപ്പമണ്ണ മനയിൽ ജനിച്ച സുമംഗല ദേശമംഗലം അഷ്ടമൂർത്തി നമ്പൂതിരിപ്പാടിന്റെ ഭാര്യയാണ്. കേരള കലാമണ്ഡലത്തിന്റെ 60 വർഷത്തെ ചരിത്രം എഴുതിയിട്ടുണ്ട്. പഞ്ചതന്ത്രം, മിഠായിപ്പൊതി, നെയ്പ്പായസം, മഞ്ചാടിക്കുരു, തങ്കക്കിങ്ങിണി, രഹസ്യം, മുത്തുസഞ്ചി, ഒരു കുരങ്ങൻകഥ’, ഒരു കൂട പഴങ്ങൾ എന്നിവയാണ് പ്രസിദ്ധ ബാലസാഹിത്യ കൃതികൾ. ‘കുറിഞ്ഞിയും കൂട്ടുകാരും’ ആണ് ആദ്യ പുസ്തകം.
1979ൽ കേരള സാഹിത്യ അക്കാദമി അവാർഡും 1980ൽ കേരള സാമൂഹ്യ ക്ഷേമ വകുപ്പിന്റെ അവാർഡും ’95ൽ തൃശൂർ റോട്ടറി ക്ലബ് അവാർഡും ലഭിച്ചു. ’96ൽ എ.പി.പി നമ്പൂതിരി അവാർഡിനും ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുരസ്കാരത്തിനും അർഹയായി. മക്കൾ: ഉഷ നമ്പൂതിരിപ്പാട്, നാരായണൻ, അഷ്ടമൂർത്തി.