കാസർകോട്: ആസാദി കാ അമൃത് മഹോത്സവ് വിദ്യാലയോത്സവമായി, കയ്യൂർ കർഷകസമരം അനുസ്മരിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്

കാസർകോട്: അടച്ചിടൽ നാളുകളിലും വിദ്യാർഥികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ചിരസ്മരണ. സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികാചരണത്തിന്റെ ഭാഗമായി സാംസ്കാരിക വകുപ്പ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നടത്തുന്ന ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായാണ് ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ കയ്യൂർ കർഷകസമരങ്ങളുടെ ഓർമകളുമായി ചിരസ്മരണ സംഘടിപ്പിച്ചത്. ഓൺലൈനായി വിദ്യാർത്ഥികൾക്കായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ചിത്രരചന, ക്വിസ് പ്രബന്ധരചന ജീവചരിത്ര നിഘണ്ടു, സ്വാതന്ത്ര്യ സമര പ്രൊജക്ട് തുടങ്ങിയ മത്സരങ്ങളാണ് നടത്തിയത്. വിദ്യാർത്ഥികൾ സജീവമായി മത്സരങ്ങളിൽ പങ്കെടുത്തപ്പോൾ ചിരസ്മരണ ജില്ലയാകെ ആഘോഷിച്ചു. വിദ്യാലയോത്സവമായി മാറി.

സെക്കന്ററി വിഭാഗം വിദ്യാർത്ഥികൾക്കായി, ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ കാസർകോട് ജില്ലയിൽ നടന്ന സമരപോരാട്ടങ്ങൾ എന്ന വിഷയത്തിൽ നടന്ന പഠനങ്ങളിൽ ഏഴ് ഉപജില്ലകളിൽ നിന്നായി 40 പ്രോജക്റ്റുകളാണ് അവതരിപ്പിക്കപ്പെട്ടത്. കാടകം വനസത്യാഗ്രഹം, കയ്യൂർ സമരം, മാന്തോപ്പ് കേന്ദ്രീകരിച്ചു നടന്ന പോരാട്ടങ്ങൾ എന്നിങ്ങനെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടന്ന സമര പോരാട്ടങ്ങളെ സൂക്ഷ്മമായി പഠിച്ചു കൊണ്ടുള്ള അവതരണങ്ങൾ ഓരോന്നും ഒന്നിനൊന്ന് മികച്ചതായിരുന്നു. ഉപജില്ലകളിൽ നിന്നും മികച്ച രണ്ടു വീതം അവതരണങ്ങൾ തെരഞ്ഞെടുത്തു. ഹോസ്ദുർഗ് ബി.ആർ.സി യിൽ ജില്ലാതല മത്സരം പൂർത്തിയാക്കി. ഓരോ വിദ്യാലയത്തിൽ നിന്നും അഞ്ചു വീതം കുട്ടികൾ ഉൾപ്പെടുന്ന ടീമുകളാണ് അധ്യാപകരുടെ സഹായത്തോടെ പഠനങ്ങൾ നയിച്ചത്. കുട്ടികളുടെ കണ്ടെത്തലുകളെല്ലാം സമാഹരിച്ച് ജില്ലാതലത്തിൽ ഒരു ചരിത്രരേഖ തയ്യാറാക്കാനുള്ള ഒരുക്കത്തിലാണ് പൊതു വിദ്യഭ്യാസ വകുപ്പ്. 

പ്രോജക്ടുകളുടെ അവതരണത്തോടെ ചിരസ്മരണ , എന്ന പേരിൽ ജില്ലയിൽ കുട്ടികൾക്കു വേണ്ടി നടത്തിയ മത്സര പരിപാടികൾ പൂർത്തിയായി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു മത്സരങ്ങൾ. കോവിഡ് നിയന്ത്രണ വിധേയമായാൽ മഞ്ചേശ്വരം മുതൽ കയ്യൂർ വരെ മത്സര വിജയികളെ പങ്കെടുപ്പിച്ച് സ്വാതന്ത്ര്യ സന്ദേശ യാത്രയും നടത്തും.ഇതിനായി വിവിധ കേന്ദ്രങ്ങളിൽ ജനപ്രതിനിധികൾ നേതൃത്വം നൽകുന്ന സംഘാടക സമിതികൾ രൂപീകരിച്ചിട്ടുണ്ട്. 

ചിരസ്മരണ ഹൈസ്കൂൾ വിഭാഗം ജില്ലാതല പ്രബന്ധ രചനാ മത്സരത്തിൽ പാർവ്വതി കെ (ദുർഗ്ഗ ഹയർ സെക്കണ്ടറി സ്കൂൾ കാഞ്ഞങ്ങാട്) ഒന്നും ദേവനന്ദ പി.വി(ജി എച്ച് എസ് സൂരമ്പയൽ) രണ്ടും സ്ഥാനങ്ങൾ നേടി. ഹയർ സെക്കണ്ടറി വിഭാഗത്തിൽ നഫീസത്തുൽ മിസിരിയ(ജി എച്ച് എസ് എസ് ഹോസ്ദുർഗ്)ഒന്നും സാന്ദ്ര എം.വി(ജി വി എച് എസ് എസ് കയ്യൂർ) രണ്ടും സ്ഥാനം നേടി. വിദ്യാഭ്യാസ ഉപ ഡയറക്ടർ കെ.വി പുഷ്പ, ഡയറ്റ് പ്രിൻസിപ്പൽ ഡോ.എം. ബാലൻ, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ ഓർഡിനേറ്റർ പി.ദിലീപ് കുമാർ, കൈറ്റ് ജില്ലാ കോ ഓർഡിനേറ്റർ രാജേഷ്, സർവ ശിക്ഷ അഭിയാൻ കേരള ജില്ലാ പ്രൊജക്ട് മാനേജർ കെ.രവീന്ദ്രൻ, പ്രൊഫ.കെ.പി. ജയരാജൻ, പ്രൊഫ.വി.കുട്ട്യൻ, വിദ്യാഭ്യാസ ജില്ലാ ഓഫീസർമാർ, എഇഒ മാർ ,ഡയറ്റ് അധ്യാപകർ, സാമൂഹിക ശാസത്ര ക്ലബ്ബ് പ്രതിനിധികൾ, കൈറ്റ്, ബിആർസി പ്രവർത്തകർ തുടങ്ങിയവർ ചിരസ്മരണയുടെ ഭാഗമായി നടത്തിയ പരിപാടികൾക്ക് നേതൃത്വം നൽകി.

Share
അഭിപ്രായം എഴുതാം