വർഗീയ പരാമര്‍ശത്തിനെതിരെ കുറവിലങ്ങാട്ട് മഠത്തിലെ കന്യാസ്ത്രീകൾ

കോട്ടയം: വർഗീയ പരാമർശം നടത്തിയ വൈദികനെതിരെ പ്രതിഷേധവുമായി കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകൾ. കുർബാനക്കിടെ വൈദികൻ മുസ്ലീം വിരുദ്ധ പരാമർശം നടത്തിയെന്നാണ് കന്യാസ്ത്രീകൾ പറയുന്നത്. ടിഒആർ സഭയിൽ പെട്ട ഫാദർ രാജീവ് എന്ന വൈദികനാണ് മഠത്തിൽ കുറുബാനയ്ക്ക് എത്തിയിരുന്നത്. മുസ്ലീങ്ങളുടെ കടയിൽ നിന്നും സാധനങ്ങൾ വാങ്ങരുത് ,ഓട്ടോയിൽ കയറരുത് എന്നൊക്കെയായിരുന്നു വൈദീകന്റെ പരാമർശം. കുറുബാനയ്ക്കിടെയാണ് വൈദികന്റെ ഭാഗത്ത് നിന്ന് ഇത്തരം പരാമർശമുണ്ടായത്.

ബിരിയാണിയും കുഴിമന്തിയും കഴിക്കരുതെന്നും, മുസ്ലീങ്ങളുടെ കടകളിൽ നിന്ന് സാധനങ്ങൾ വാങ്ങരുതെന്നും വൈദികൻ പറഞ്ഞതായി സിസ്റ്റർ അനുപമ പറയുന്നു. മഠത്തിലെ ചാപ്പലിൽ നടത്തിയ കുർബാനക്കിടെ വൈദീകൻ നടത്തിയ വർഗ്ഗീയ പരാമർശത്തെ എതിർത്തതായും സംഘത്തിലൊരാളായ സിസ്റ്റർ അനുപമ പറഞ്ഞു. പാലാ ബിഷപ്പിന്റെ നാർകോട്ടിക് ജിഹാദ് പ്രസ്താവന ശരിവച്ച് കൊണ്ടായിരുന്നു വൈദികന്റെ പ്രസംഗം, ആ പരാമർശത്തെ പിന്തുണക്കുന്നില്ലെന്നും കന്യാസ്ത്രീകൾ കൂട്ടിച്ചേർത്തു.

ഫ്രാങ്കോ മുളയ്ക്കലിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച കന്യാസ്ത്രീകളാണ് ഇവർ. ക്രിസ്തു പഠിപ്പിച്ചിരിക്കുന്നത് വർഗീയത വിതയ്ക്കാനല്ലെന്നും പരസ്പരം സ്നേഹിക്കാനാണെന്നും കന്യാസ്ത്രീകൾ പറഞ്ഞു.

Share
അഭിപ്രായം എഴുതാം