പാലക്കാട്: ജില്ലയില്‍ നെല്ലുസംഭരണം ആരംഭിച്ചു

പാലക്കാട്: ജില്ലയില്‍ നെല്ലുസംഭരണം ആരംഭിച്ചു. ആലത്തൂര്‍ താലൂക്ക് വടക്കഞ്ചേരി പഞ്ചായത്തിലെ കുറുവായ്, കണ്ണമ്പ്ര പഞ്ചായത്തിലെ കാരപ്പൊറ്റ പാടശേഖരങ്ങളില്‍ നിന്നാണ് സപ്ലൈകോ സെപ്തംബര്‍ ഒന്നിന് നെല്ലുസംഭരണം ആരംഭിച്ചത്.  ഈ പാടശേഖരങ്ങളിലെ 28 ഹെക്ടറിലുള്ള മുഴുവന്‍ നെല്ലും സംഭരിക്കുമെന്ന് ആലത്തൂര്‍, ചിറ്റൂര്‍ താലൂക്കുകളുടെ ചുമതലയുള്ള പാഡി മാര്‍ക്കറ്റിംഗ് ഓഫീസര്‍ സി. മുകുന്ദകുമാര്‍ അറിയിച്ചു. ജില്ലയിലെ ഒന്നാം വിള നെല്ലു സംഭരണത്തിന്റെ ഉദ്ഘാടനം കെ. ഡി. പ്രസേനന്‍ എം.എല്‍.എ നിര്‍വഹിച്ചു. ഓഗസ്റ്റ് 26ന് നെല്ലു സംഭരണവുമായി ബന്ധപ്പെട്ട് ഭക്ഷ്യ- പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍.അനില്‍  കര്‍ഷക പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ പാലക്കാട് ജില്ലയില്‍ സെപ്തംബര്‍ ഒന്നുമുതല്‍ നെല്ല് സംഭരണം ആരംഭിക്കുമെന്ന് ഉറപ്പു നല്‍കിയിരുന്നു.

ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 42,656 കര്‍ഷകര്‍

ജില്ലയില്‍ ഇതുവരെ 42,656 കര്‍ഷകര്‍ സപ്ലൈകോയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആലത്തൂര്‍ താലൂക്കിലാണ് ഏറ്റവും കൂടുതല്‍ പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്, 17,945. ചിറ്റൂരില്‍ 13,937, പാലക്കാട് 9597, ഒറ്റപ്പാലം 830, പട്ടാമ്പി 341, മണ്ണാര്‍ക്കാട് ആറ് എന്നിങ്ങനെയാണ് താലൂക്ക് തിരിച്ചുള്ള കണക്കുകള്‍.

Share
അഭിപ്രായം എഴുതാം