ആലപ്പുഴ: സംസ്ഥാനതല കർഷക ദിനാചരണം കാർഷികരംഗത്തെ ആധുനീകരണത്തിന് നടപടി: മുഖ്യമന്ത്രി പിണറായി വിജയൻ

– ഒരുമാസത്തിനകം 25 ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് ഓർഗനൈസേഷനുകൾ രൂപീകരിക്കുമെന്ന് കൃഷി മന്ത്രി

ആലപ്പുഴ: കാർഷികരംഗത്തെ ആധുനീകരണത്തിന് മികവാർന്ന നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആലപ്പുഴ കഞ്ഞിക്കുഴിയിൽ നടന്ന സംസ്ഥാനതല കർഷക ദിനാചരണത്തിന്റെ  ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്ത് പല ഭാഗങ്ങളിലും ആധുനിക കാർഷിക രീതികളുണ്ട്. നാം അതിനടുത്തേക്ക് എത്തുന്നതേയുള്ളൂ. കാർഷിക രംഗത്ത് ലോകത്ത് നടക്കുന്ന കാര്യങ്ങളുമായി ചേർത്ത് നോക്കിയാൽ നാം വളരെ പുറകിലാണ്. ഇത് തിരുത്താനുള്ള നിരവധി നടപടികൾ കഴിഞ്ഞ സർക്കാർ സ്വീകരിച്ചിരുന്നു. കൂടുതൽ മികവോടെ ഇവ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. കാർഷിക മേഖലയെ അതീവ ഗൗരവകരമായാണ് സർക്കാർ കാണുന്നതും സമീപിക്കുന്നതും. വലിയ പരിഗണനയാണ് നൽകുന്നത്. കാർഷിക രംഗം അഭിവൃദ്ധിപ്പെടണം. എല്ലാ പ്രദേശത്തും കൃഷി വ്യാപകമാകണം. എല്ലാ ഇനവും കൃഷി ചെയ്യുന്ന നാടായി കേരളത്തെ മാറ്റണം. വിള ഇൻഷുറൻസ് പരിഷ്‌ക്കരണം, സംഭരണ ശേഷി വർദ്ധിപ്പിക്കൽ, വില കാലോചിതമാക്കൽ തുടങ്ങി വിവിധ രീതിയിൽ കാർഷിക രംഗത്ത് സർക്കാർ ഇടപെടുന്നത് കർഷകർക്ക് വലിയ ആശ്വാസമാണ്. കർഷകന്റേയും കുടുംബത്തിന്റേയും ക്ഷേമത്തിനും ഉന്നമനത്തിനുമായി കർഷക ക്ഷേമനിധി ബോർഡ് രാജ്യത്ത് തന്നെ ആദ്യമായി രൂപീകരിച്ചത് കേരളത്തിലാണ്. നെൽ വയൽ കർഷകർക്ക് റോയൽറ്റിയും നടപ്പാക്കി. ഇതെല്ലാം രാജ്യത്തിന് തന്നെ മാതൃകയായ പ്രവർത്തനങ്ങളായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. 

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സംസ്ഥാനത്തെ കാർഷിക രംഗത്ത് വലിയ വളർച്ചയാണുണ്ടായത്. 2018ലെ മഹാപ്രളയത്തെ അതിജീവിച്ച് കാർഷിക മേഖല വലിയ മുന്നേറ്റം കൈവരിച്ചു. 2016ൽ 1.70 ലക്ഷം ഹെക്ടർ സ്ഥലത്താണ് നെൽ കൃഷി ചെയ്‌തെങ്കിൽ 2018ൽ 2.25 ലക്ഷം ഹെക്ടറായി ഉയർന്നു. 2021ൽ സംസ്ഥാനത്ത് 2.31 ലക്ഷം ഹെക്ടർ സ്ഥലത്ത് നെൽകൃഷി ചെയ്യാനായി. തരിശു കിടക്കുന്ന സ്ഥലങ്ങളിലൊക്കെ കൃഷിയിറക്കും. മെത്രാൻ കായൽ അടക്കമുള്ള പ്രദേശങ്ങളിൽ നെൽകൃഷി വ്യാപകമാക്കും. കൃഷി ഒരു ഭക്ഷമുണ്ടാക്കൽ പ്രക്രിയക്ക് പുറമേ മനുഷ്യനെ നവീകരിക്കുന്ന ഒരു പ്രക്രിയ കൂടിയാണെന്നും അദ്ദേഹം പറഞ്ഞു. 
കർഷകരുടെ ഉത്പ്പന്നങ്ങൾ സംഭരിക്കാനും സംസ്‌കരിക്കാനും വിപണനം ചെയ്യാനും കഴിയുന്ന പുത്തൻ രീതികൾ കേരളത്തിൽ നടപ്പാക്കുമെന്ന് അധ്യക്ഷത വഹിച്ച കാർഷിക വികസന കർഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. മൂല്യവർദ്ധിത ഉത്പ്പന്നങ്ങൾക്ക് വിദേശവിപണിയൊരുക്കും. നൂറു ദിന കർമ്മ പരിപാടിയുടെ ഭാഗമായി 10 ദിവസത്തിനകം സംസ്ഥാനത്ത് ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് ഓർഗനൈസേഷനുകൾ (എഫ്.പി.ഒ.) സ്ഥാപിക്കും. ഒരുമാസത്തിനകം 25 എഫ്.പി.ഒ.കളും ഒരു വർഷത്തിനകം 100 ലധികം എഫ്.പി.ഒ.കളും സ്ഥാപിക്കും. കർഷകർക്ക് നല്ല വരുമാനം ഉറപ്പാക്കും. കഞ്ഞിക്കുഴിയിലെ കൃഷി കേരളത്തിന് തന്നെ മാതൃകയാണെന്നും മന്ത്രി പറഞ്ഞു. കർഷകത്തൊഴിലാളികളെയും മന്ത്രി ആദരിച്ചു. 
കാർഷിക വിളകൾ ഉപയോഗിച്ചുള്ള പൂക്കളവും വേദിയിൽ ഒരുക്കിയിരുന്നു.

അഡ്വ. എ.എം. ആരിഫ് എം.പി., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, കാർഷികോത്പാദന കമ്മീഷണർ ഇഷിത റോയ്, കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി. മോഹനൻ, കൃഷി വകുപ്പ് ഡയറക്ടർ കെ. വാസുകി, കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ കാർത്തികേയൻ, പ്രിൻസിപ്പൽ കൃഷി ഓഫീസർ ആർ. ശ്രീരേഖ, കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എം. സന്തോഷ്‌കുമാർ എന്നിവർ പങ്കെടുത്തു.

Share
അഭിപ്രായം എഴുതാം